ഇന്ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിനായി കർണാടകയിലെ എംഎൽഎമാർക്കും എംപിമാർക്കും മന്ത്രിമാർക്കും രണ്ട് ടിക്കറ്റുകൾ വീതം ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎൽ മത്സരങ്ങൾക്കുള്ള സൗജന്യ ടിക്കറ്റുകൾ ആവശ്യപ്പെട്ട് കർണാടകയിലെ നിയമസഭാ അംഗങ്ങൾ രാഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആർസിബി - എസ്ആർഎച്ച് പോരാട്ടത്തിന് രണ്ട് ടിക്കറ്റുകൾ വീതം ലഭിക്കും. കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കിൽ രണ്ട് ടിക്കറ്റുകൾ വീതം നൽകണമെന്ന് സംഘാടകരോട് നിർദ്ദേശിച്ചിട്ടുമുണ്ട്. വരും മത്സരങ്ങളുടെ ക്രമീകരണങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ശിവകുമാർ പറഞ്ഞു.
ഒരു എംഎൽഎമാർക്കും കുറഞ്ഞത് അഞ്ച് ടിക്കറ്റുകൾ നൽകണമെന്നും മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ വേണമെന്നായിരുന്നു ആവശ്യം. ജനപ്രതിനിധികൾ വിഐപികൾ ആയതുകൊണ്ട് അവർക്ക് ക്യൂവിൽ നിൽക്കാൻ കഴിയില്ലെന്നതായിരുന്നു ഈ ആവശ്യത്തിന് കാരണമായി കോൺഗ്രസ് എംൽഎ വിജയാനന്ദ് കാശപ്പനവർ വാദിച്ചത്. ബെംഗളൂരു ചിഹ്നസവാമി സ്റ്റേഡിയത്തിലെ ആദ്യ പോരാട്ടത്തിന് മുന്നോടിയായാണ് കാശപ്പനവർ ഈ ആവശ്യം മുന്നോട്ട് വച്ചത്. സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് ജനപ്രതിനിധികളെ ബഹുമാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെല്ലാം ഒടുവിലാൻ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
എന്നാൽ, സൗജന്യ വിഐപി ടിക്കറ്റുകൾ വേണമെന്ന ജനപ്രതിനിധികളുടെ ആവശ്യത്തെ ബിജെപി എംപി തേജ്വസി സൂര്യ രൂക്ഷമായി വിമർശിച്ചു. നേതാക്കളുടേത് ഫ്യൂഡൽ ചിന്താഗതിയാണെന്നും സാധാരണക്കാർ പണം നൽകി ടിക്കറ്റ് എടുക്കുമ്പോൾ ജനപ്രതിനിധികൾ സൗജന്യ ടിക്കറ്റിനായി നിയമസഭയിൽ വാദിക്കുന്നത് അന്തസ്സിന് ചേർന്നതല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ചർച്ചകൾക്കെല്ലാമൊടുവിൽ ഒരു എംൽഎമാർക്കും നാല് ടിക്കറ്റുകൾ വീതം നൽകാൻ സ്പീക്കർ യുടി ഖാദർ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും രണ്ട് ടിക്കറ്റുകൾ മാത്രമേ നൽകാൻ കഴിയു എന്ന നിലപാടിൽ സംസ്ഥാന ഉപമുഖ്യമന്ത്രി ഉറച്ചുനിമിൽക്കുകയായിരുന്നു.
Content highlight: VIP ticket controversy; MLAs get two tickets for 2026 IPL opening match