'PSL കളിക്കാൻ വരുന്നത് അപകടം'; വിദേശ താരങ്ങൾക്ക് മുന്നറിയിപ്പുമായി പാക് സായുധ സംഘടന

പശ്ചിമേഷ്യ സംഘർഷം പാകിസ്താൻ സൂപ്പർ ലീ​ഗിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പശ്ചിമേഷ്യ സംഘർഷം പാകിസ്താൻ സൂപ്പർ ലീ​ഗിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആറ് വേദികളിൽ നിശ്ചയിച്ചിരുന്ന പോരാട്ടം രണ്ട് വേദികളിലേക്ക് ചുരുക്കി. കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയത്തിൽ മത്സരം നടത്താനുമാണ് നീക്കം.

അതിനിടെയാണ് പുതിയ പ്രതിസന്ധിയായി വിദേശ താരങ്ങൾക്ക് മുന്നറിയിപ്പുമായി പാക് സായുധ സംഘടന രംഗത്തെത്തിയത്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻമാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഡാരിൽ മിച്ചൽ, ​ഗ്ലെൻ മാക്സ്‍വെൽ അടക്കമുള്ളവർക്കാണ് സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ടൂർണമെന്റ് കളിക്കാനായി പാകിസ്താനിലേക്ക് വരുന്നത് സുരക്ഷിതമല്ലെന്നും ഉടൻ തന്നെ ലീഗിൽ നിന്നും പിന്മാറണമെന്നും ജമാത്ത് ഉൽ അഹ്രാർ എന്ന സായുധ സംഘടനയാണ് മുന്നറിയിപ്പ് നൽകിയത്. താരങ്ങളെ പാകിസ്താനിലേക്ക് അയക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോടു ഈ സംഘടനയുടെ ഒരു കമാൻഡർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് അതിൽ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്എല്ലിൽ പങ്കെടുക്കുന്ന വിദേശ കളിക്കാർക്ക് വ്യക്തമായ സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ നിലവിലെ ആഭ്യന്തര സുരക്ഷയും രാഷ്ട്രീയ സാഹചര്യവും അസ്ഥിരവും അപകടകരവുമാണ്. സൈനിക നടപടികളും ജനകീയ പ്രക്ഷോഭങ്ങളും രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ സ്വാധീനിക്കുന്ന ഈ സാഹചര്യത്തിൽ താരങ്ങളുടെ സുരക്ഷയ്ക്ക് ഒരു ഉറപ്പമുണ്ടാകില്ല.

ഈ സാഹചര്യത്തിൽ നിങ്ങളുടെ വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകാനും ടൂർണമെന്റിൽ നിന്ന് ഉടൻ പിന്മാറാനും ഞങ്ങൾ നിർദേശിക്കുന്നു. സമാധാനപരമായ ഏതൊരു കായിക വിനോദത്തിനും നിലവിൽ അനുയോജ്യമല്ലാത്ത ഒരു സാഹചര്യമാണിത്- പ്രസ്താവനയിൽ അറിയിച്ചു.

Content Highlights: ; psl 2026 terror threat foreign players warning

To advertise here,contact us