ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമത്തോട് വ്യക്തിപരമായിതാൽപര്യമില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്സർ പട്ടേൽ. ഞാനും ഒരു ഓൾറൗണ്ടറാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉപയോഗപ്പെടുത്താം എന്നതാണ് ഒരു ഓൾറൗണ്ടറുടെ ഗുണം. ടീമുകൾ ഓൾറൗണ്ടർമാരെ തേടിപ്പോകാൻ കാരണവും ഇതുതന്നെ. എന്നാൽ ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ സ്പെഷലിസ്റ്റ് ബാറ്റർ, അല്ലെങ്കിൽ ബോളർ എന്നിവരെ മാത്രമാണ് ടീമുകൾ അന്വേഷിക്കുന്നതെന്ന് അക്സർ പറഞ്ഞു.
ഓൾറൗണ്ടർമാർ തീർത്തും അപ്രസക്തരാകുന്നതായി എനിക്കു തോന്നുന്നു. അതുകൊണ്ടുതന്നെ ഈ നിയമത്തോട് എനിക്ക് യോജിക്കാൻ സാധിക്കില്ല. പക്ഷേ, നിയമം നിയമമായി തുടരുന്നിടത്തോളം അതു പിന്തുടരുകയല്ലാതെ നമുക്കുമുന്നിൽ മറ്റു മാർഗങ്ങളില്ലെന്നും അക്ഷർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ അക്സർ തുടർച്ചയായ രണ്ടാം സീസണിലാണ് ഡൽഹിയെ നയിക്കാനൊരുങ്ങുന്നത്. ഐപിഎലിൽ ഇതുവരെ കിരീടം നേടാത്ത ടീമുകളിലൊന്നാണ് ഡൽഹി.
അക്സറിന്റെ കീഴിൽ കന്നിക്കിരീടമാണ് ടീമിന്റെ ലക്ഷ്യം. ഏപ്രിൽ 1ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. മാർച്ച് 28 നാണ് ഐ പി എല്ലിന്റെ പത്തൊമ്പതാം സീസൺ ആരംഭിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദുമാണ് ആദ്യ പോരാട്ടം.
Content Highlights:axar patel impact player rule ipl allrounders relevance lost