രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. സഞ്ജുവിന്റെ വരവ് ചെന്നൈ ടീമിന് പുതിയൊരു ഊർജ്ജം നൽകുമെന്നും എം.എസ്. ധോണിയുടെ അതേ ശൈലിയുളള്ള താരമാണ് സഞ്ജുവെന്നും കുംബ്ലെ ജിയോ ഹോട്സ്റ്റാറില് പറഞ്ഞു.
റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീമിൽ സഞ്ജുവിന്റെ റോൾ എന്താണെന്ന ചോദ്യത്തിന് സഞ്ജുവിനെ ഒരു 'വൈസ് ക്യാപ്റ്റൻ' റോളിലാണ് താൻ കാണുന്നതെന്ന് കുംബ്ലെ പറഞ്ഞു. സഞ്ജുവിന് സിഎസ്കെയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റോൾ വൈസ് ക്യാപ്റ്റന്റേതാണ്. രാജസ്ഥാൻ റോയൽസിനെ ദീർഘകാലം നയിച്ച പരിചയം സഞ്ജുവിനുണ്ട്. അതുകൊണ്ട് തന്നെ ആ നേതൃപാടവം സ്വാഭാവികമായും സഞ്ജുവിൽ നിന്ന് സിഎസ്കെയ്ക്ക് ലഭിക്കും. റുതുരാജിന് എന്തെങ്കിലും കാരണവശാൽ കളിക്കാൻ സാധിക്കാതെ വന്നാൽ ധോണിയേക്കാൾ മുൻപ് ടീമിനെ നയിക്കാൻ സഞ്ജുവിനെയാകും മാനേജ്മെന്റ് പരിഗണിക്കുകയെന്നും കുംബ്ലെ പറഞ്ഞു.
സഞ്ജുവിനെ ചെന്നൈ ടീമിലെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി. കേരളത്തിൽ ജനിച്ച സഞ്ജുവിന് തമിഴ് സംസാരിക്കാൻ അറിയാം. ഇത് ചെന്നൈയിലെ ആരാധകരുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ സഹായിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ എം.എസ്. ധോണിയുടെ അതേ ശൈലിയാണ് സഞ്ജുവിന്റേതും. ലോകകപ്പിലെ മിന്നും പ്രകടനവും തുടർച്ചയായ മൂന്ന് തകർപ്പൻ ഇന്നിംഗ്സുകളും സഞ്ജുവിന്റെ മൂല്യം വർധിപ്പിക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ ഐക്കണുകൾ മാറുന്നതിന്റെ തുടർച്ചയായാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള വരവിനെ കുംബ്ലെ കാണുന്നത്. ഗാവസ്കർ, സച്ചിൻ, വിരാട്, ധോണി എന്നിവർ നയിച്ച ആ പ്രഭാവം അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നു. സഞ്ജു ഈ മാറ്റത്തിന്റെ പ്രധാന കണ്ണിയാണെന്നും കുംബ്ലെ കൂട്ടിച്ചേർത്തു.
Content Highlights: anil kumble predicts sanju samson csk vice captain and future captain