തിരുമ്പി വന്നിട്ടെന്ന് സൊല്ല്; സിംബാബ്‌വെയ്‌ക്കെതിരെ അഭിഷേകിന് ഫിഫ്റ്റി

മലയാളി താരം സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസ് നേടി മടങ്ങി

ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്‌വെയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശർമയുടെ കംബാക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ പൂജ്യം റൺസിനും സൂപ്പർ ഏട്ടിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ആദ്യ മത്സരത്തിൽ 15 റൺസിനും പുറത്തായ താരം പക്ഷെ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചു.

30 പന്തുകൾ നേരിട്ട താരം നാല് വീതം ഫോറുകളും സിക്സറുകളും അടക്കം 55 റൺസ് നേടി പുറത്തായി. മലയാളി താരം സഞ്ജു സാംസൺ 15 പന്തിൽ രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 24 റൺസ് നേടി മടങ്ങി. ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ മൂന്ന് വിക്കറ്റിന് 170 എന്ന നിലയിലാണ് ഇന്ത്യ. സൂര്യകുമാർ യാദവും ഹാർദിക്കുമാണ് ക്രീസിൽ.

നേരത്തെ ടോസ് വിജയിച്ച സിംബാബ്‌വെ ക്യാപ്റ്റന്‍ സിക്കന്ദർ റാസ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തി.

ടോപ് ഓർഡറിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇടം കയ്യൻ ബാറ്റർമാർ ഇറങ്ങുന്നത് പരാജയമായതോടെയാണ് സഞ്ജുവിനെ ഇറക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. വാഷിങ്ടൺ സുന്ദറിന് പകരം അക്‌സർ പട്ടേൽ തിരിച്ചെത്തി. മറ്റ് മാറ്റങ്ങളില്ല.

Content Highlights: T20 Worldcup; abhishek sharma comeback vs zimbabwe in super 8

To advertise here,contact us