ചെന്നൈയില്‍ സഞ്ജു ഇറങ്ങും, മാറ്റങ്ങളുണ്ടാകും; നിര്‍ണായക സൂചന നല്‍കി ബാറ്റിങ് കോച്ച്‌

സഞ്ജു സാംസൺ സിംബാബ്‌വെയ്ക്കെതിരെ ഇറങ്ങുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്

2026 ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കൾക്ക്‌ നാളെ നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെയാണ്‌ ഇന്ത്യ നേരിടുന്നത്‌. ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. നിർണായക പോരാട്ടത്തിൽ‌ മലയാളി താരം സഞ്ജു സാംസൺ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ സഞ്ജു സാംസൺ സിംബാബ്‌വെയ്ക്കെതിരെ ഇറങ്ങുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്. ഇന്ത്യന്‍ ടീമില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് നിർ‌ണായകമായ മത്സരത്തിന് മുന്നേ കോച്ച് നൽ‌കുന്ന സൂചന.സൂപ്പർ എട്ടിൽ‌ ദക്ഷിണാഫ്രിക്കയോട് വഴങ്ങിയ 76 റൺസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ, ടീം കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.

pic.twitter.com/dTOqoNkGWK

ഇന്ത്യൻ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റർമാരും (അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ) ഇടംകൈയ്യന്മാരാണെന്നത് ടീമിന് വെല്ലുവിളിയാകുന്നുണ്ടെന്ന് കോട്ടക് സമ്മതിച്ചു. അതുകൊണ്ട് തന്നെ ടീമിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ആദ്യ മൂന്ന് ബാറ്റർമാരും ഇടംകൈയ്യന്മാരായതും എതിർ ടീമിലെ ഓഫ് സ്പിന്നർമാരുടെ സാന്നിധ്യവും ഞങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.

ഇടംകയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഓഫ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം ലഭിക്കുമെന്നതിനാല്‍ ഓപ്പണര്‍മാരും മൂന്നാം നമ്പറും ഇടംകയ്യന്മാരായത് ടീം കോമ്പിനേഷനെ ബാധിച്ചേക്കാമെന്നാണ് പരിശീലകന്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ഏത് ടീമായാലും മാറ്റത്തെ കുറിച്ച് ആലോചിക്കും. വളരെ നേരത്തെ തന്നെ ടീമിനെ തീരുമാനിക്കാറില്ല. തന്ത്രങ്ങള്‍ പുറത്തുവിടാനും പറ്റില്ല. പക്ഷേ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിശീലകൻ്റെ വിശദീകരണത്തോടെ, സിംബാബ്‌വെക്കെതിരായ ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മാറ്റമുണ്ടാകുകയാണെങ്കില്‍ മൂന്നാം ഓപ്പണറായ സഞ്ജുവിന് ടീമില്‍ ഇടം ലഭിക്കേണ്ടതാണ്. സഞ്ജു കളിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ആലോചനകള്‍ ഉണ്ടാകുമെന്നാണ് കോട്ടക് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Content Highlights: T20 World Cup 2026, Super 8: India vs Zimbabwe; Sitanshu Kotak on getting Sanju Samson in place of Abhishek, form of Tilak and whether changes will be made

To advertise here,contact us