അമ്പോ!; ഗംഭീറിന് മുമ്പിൽ രാജസ്ഥാന്റെ വമ്പൻ ഓഫർ; ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയുമോ?

പുതിയ ഐ പി എൽ സീസണിന് മുന്നോടിയായി വലിയ അഴിച്ചുപണികളാണ് രാജസ്ഥാൻ റോയൽസ് ടീമിൽ നടക്കുന്നത്

പുതിയ ഐ പി എൽ സീസണിന് മുന്നോടിയായി വലിയ അഴിച്ചുപണികളാണ് രാജസ്ഥാൻ റോയൽസ് ടീമിൽ നടക്കുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് മുന്നിൽ രാജസ്ഥാൻ വമ്പൻ ഓഫർ മുന്നോട്ടു വെച്ചതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയൽസ് ടീമിന്‍റെ മെന്‍റർ, സിഇഒ പദവികൾക്ക് പുറമെ ഫ്രാഞ്ചൈസിയിൽ ഓഹരി പങ്കാളിത്തവും ടീം ഉടമകള്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

രാജസ്ഥാൻ റോയൽസിന്‍റെ ഉടമസ്ഥാവകാശത്തിൽ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി എത്തിയ പുതിയ നിക്ഷേപകരിൽ ഒരാളാണ് ഗംഭീറിന് മുന്നിൽ വമ്പന്‍ ഓഫർ വെച്ചിരിക്കുന്നത്. ടീമിന്‍റെ രണ്ട് മുതൽ മൂന്ന് ശതമാനം വരെ ഓഹരികൾ ഗംഭീറിന് നൽകാൻ റോയൽസ് തയ്യാറാണെന്നാണ് സൂചന.

നിലവിൽ ഇന്ത്യൻ ടീമിന്‍റെ മുഖ്യപരിശീലകനായ ഗംഭീറിന് ഐപിഎൽ ടീമിന്‍റെ ഭാഗമാകാൻ നിയമപരമായ തടസങ്ങളുണ്ട്. സുപ്രീം കോടതി അംഗീകരിച്ച ലോധ കമ്മിറ്റി നിർദ്ദേശപ്രകാരം, ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാൾക്ക് ഒരേസമയം ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഭാഗമാകാൻ കഴിയില്ല.രാജസ്ഥാൻ റോയൽസിന്‍റെ മോഹിപ്പിക്കുന്ന ഓഫർ സ്വീകരിക്കണമെങ്കിൽ ഗംഭീറിന് ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെക്കേണ്ടി വരും.

ഐപിഎല്ലിൽ കളിക്കാരനായും മെന്‍ററായും മികച്ച റെക്കോര്‍ഡാണ് ഗംഭീറിനുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് തവണ ക്യാപ്റ്റനായും ഒരു തവണ മെന്‍ററായും ഗംഭീര്‍ കിരീടത്തിലേക്ക് നയിച്ചു. കൂടാതെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തുടർച്ചയായി രണ്ട് സീസണുകളിൽ പ്ലേഓഫിലെത്തിക്കുന്നതിലും ഗംഭീര്‍ നിർണായക പങ്ക് വഹിച്ചു.

അതേ സമയം 2027 ഏകദിന ലോകകപ്പ് വരെയാണ് ബിസിസിഐയുമായുള്ള ഗംഭീറിന് കരാർ. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലും ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമെന്നാണ് കരുതുന്നത്.

Content Highlights: Gautam Gambhir to join Rajasthan Royals?

To advertise here,contact us