ടി20 ലോകകപ്പിൽ മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുൻ താരം സുനിൽ ഗവാസ്കർ. ടൂർണമെന്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേകിന്റെ ഫോം ഇന്ത്യയ്ക്ക് ആശങ്കയായ സാഹചര്യത്തിലാണ് ഗവാസ്കറുടെ പ്രതികരണം. ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിക്ക് പകരം, ക്രീസിലെത്തിയാൽ ഒരു സിംഗിൾ എടുത്ത് ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രദ്ധിക്കണമെന്നാണ് ഗവാസ്കർ പറയുന്നത്.
'ആദ്യം ഒരു സിംഗിൾ എടുക്കുക, അഭിഷേക് ശർമ്മയ്ക്ക് നൽകാനുള്ള എന്റെ ഉപദേശം ഇതാണ്. സിംഗിൾ എടുത്തുകഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ആക്രമിച്ചുകളിക്കാം. കാലുകളുടെ വേഗം വർധിപ്പിക്കുന്ന ഒരു അതിവേഗ സിംഗിൾ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതിനുശേഷം സ്വന്തം ശൈലിയിലേക്ക് മാറുന്നതാകും ഉചിതം', ഗവാസ്കർ പറഞ്ഞു. സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവാസ്കർ തന്റെ നിർദ്ദേശം പങ്കുവെച്ചത്.
ടി 20 ലോകകപ്പിന് ഒരുങ്ങുമ്പോൾ ഇന്ത്യയുടെ വലിയ പ്രതീക്ഷയും എതിരാളികളുടെ പേടി സ്വപ്നവുമായിരുന്നു അഭിഷേക് ശർമ. എന്നാൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോഴും അക്കൗണ്ട് തുറക്കാതെ ബുദ്ധിമുട്ടുകയാണ് ഇന്ത്യയുടെ യുവ ഓപണർ. ലോകകപ്പ് അരങ്ങേറ്റത്തില്‍ അമേരിക്കയ്ക്ക് എതിരെ നേരിട്ട ആദ്യപന്തില്‍ പുറത്തായ അഭിഷേക് പാകിസ്താനെതിരെ ഹൈ വോള്‍ട്ടേജ് ഗെയിമിലും ഡക്ക് ആയിരുന്നു. നേരിട്ടത് നാലുപന്തുമാത്രം. ഇതോടെ ട്വന്റി 20 ലോകകപ്പിലെ ആദ്യ രണ്ട് കളിയിലും ഡക്കാവുന്ന മൂന്നാമത്തെ താരവുമായി അഭിഷേക്. അഭിഷേക് അവസാന ആറ് ഇന്നിംഗ്സില്‍ നേടിയത് 98 റണ്‍സ് മാത്രം. പുറത്താവാതെ 68 റണ്‍സും പിന്നെ ഒരു 30 റണ്‍സും.
Content Highlights: 'Just Knock a Single', Abhishek Sharma Receives ‘Unsolicited Advice’ from Sunil Gavaskar After Pakistan Failure