സികെ നായിഡു ട്രോഫിയിൽ ​ഗോവയെ വീഴ്ത്തി; കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം

അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ കേരളം ജമ്മു കാശ്മീരിനെയും മേഘാലയയെയും തോൽപ്പിച്ചിരുന്നു.

സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് - 255, രണ്ടാം ഇന്നിങ്സ് - 279 ഗോവ: ഒന്നാം ഇന്നിങ്സ് - 171, രണ്ടാം ഇന്നിങ്സ് - 120

മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റൺസെടുത്ത ശന്തനു നെവാഗിയെ എ ജിഷ്ണു എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ ഗോവയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം ആദ്യ സെഷനിൽ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി നായർ അഞ്ചും ജെഎസ് അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അടുത്ത മത്സരത്തിൽ ജാർഖണ്ഡാണ് കേരളത്തിന്റെ എതിരാളി. ഫെബ്രുവരി 13നാണ് മത്സരം.

Content Highlights: Kerala bags third consecutive win in CK Nayudu Trophy; beat Goa by 243 runs

To advertise here,contact us