'ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഈ കൈകളിൽ ഭദ്രം'; അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് കോഹ്‌ലിയും ഗംഭീറും

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ആറാം കിരീടം ചൂടിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാരപ്പട.

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ആറാം കിരീടം ചൂടിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാരപ്പട. ആവേശകരമായ ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.

14 വയസുകാരനായ വൈഭവ് സൂര്യവന്‍ഷി ഐതിഹാസിക ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകിയത്. ഇന്ത്യയുടെ വിജയം ക്രിക്കറ്റ് പ്രേമികള്‍ ആഘോഷമാക്കി. ആശംസകളുമായി മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടീം ഗൗതം ഗംഭീര്‍ രംഗത്ത് വന്നു.

ലോകകപ്പ് ഉയര്‍ത്തിയ അണ്ടര്‍-19 ടീമിന് അഭിനന്ദനങ്ങള്‍. പ്രായപരിധിയിലുള്ള ക്രിക്കറ്റില്‍ നമ്മുടെ ആധിപത്യം തുടരുന്നു. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും അഭിനന്ദനങ്ങള്‍. കോഹ്‌ലി വ്യക്തമാക്കി. 2008ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുമ്പോള്‍ ക്യാപ്റ്റനായിരുന്നു കോഹ്‌ലി. പിന്നീട് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ക്യാപ്റ്റനുമായി. യുവതാരങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു! രാജ്യത്തിന്റെ ശോഭനമായ ഭാവി ഇതാ ഇവിടെയുണ്ട്. ഗംഭീർ കുറിച്ചത് ഇങ്ങനെയായിരുന്നു.

ഹരാരെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 411 റണ്‍സ് അടിച്ചെടുത്തത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടലാണിത്. കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 80 പന്തില്‍ 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി.

മറുപടി ബാറ്റിങ്ങില്‍ സെഞ്ച്വറി നേടിയ കാലബ് മാത്യു ഫാല്‍ക്കണറാണ് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറച്ചത്. 67 പന്തില്‍ ഏഴ് സിക്‌സും ഒന്‍പത് ബൗണ്ടറിയും സഹിതം 115 റണ്‍സടിച്ചെടുത്ത ഫാല്‍ക്കണറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ബെന്‍ ഡോകിന്‍സ് (56 പന്തില്‍ 66 റണ്‍സ്) അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്ക് വേണ്ടി അംബ്‌രിഷ് ആര്‍ എസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

Content Highlights:virat kohli and gautam gambhir appreciate under 19 worldcup winning team

To advertise here,contact us