ടി 20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നടക്കേണ്ട മത്സരത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ രാജ്യം നിലപാട് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമബാദിൽ നടന്ന ഫെഡറൽ ക്യാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
വളരെ കൃത്യമായ ആലോചനയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്നും, കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന് പിന്തുണ അറിയിച്ചുകൊണ്ടാണ് ഈ തീരുമാനമെന്നും ശഹ്ബാസ് ശരീഫ് സൂചിപ്പിച്ചു. നേരത്തെ, പാകിസ്താൻ ടീം ഇന്ത്യക്കെതിരായ മത്സരത്തിന് ഇറങ്ങില്ലെന്ന് പാക് സർക്കാർ ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ കാരണങ്ങൾ അവർ നൽകിയിരുന്നില്ല.
പാകിസ്താന്റെ തീരുമാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കങ്ങളിൽ എല്ലാ ടീമുകളും ഒരുപോലെ പങ്കെടുക്കണമെന്നും, തെരഞ്ഞെടുത്ത മത്സരങ്ങൾ മാത്രം കളിക്കുക എന്ന രീതി മത്സരത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണെന്നും ഐ.സി.സി വ്യക്തമാക്കി. കടുത്ത അച്ചടക്കനടപടികളിലേക്ക് ഐ സി സി കടക്കുന്നുവെന്നാണ് സൂചന.
നേരത്തെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ ബംഗ്ലാദേശ് വിസമ്മതിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിക്കൊണ്ട് ഐസിസി ഉത്തരവിറക്കിയിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ ശേഷമാണ് പ്രതിസന്ധി ഉടലെടുത്തത്.
തങ്ങളുടെ താരത്തെ ഐ പി എ ല്ലിൽ നിന്നും പുറത്താക്കിയതിൽ പ്രതികാര നടപടിയെന്നോളം ബംഗ്ലാദേശ് തങ്ങളുടെ രാജ്യത്ത് ഐ പി എൽ സംപ്രേഷണം നിരോധിച്ചു.
പിന്നാലെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്ഡ് രംഗത്തെത്തുകയായിരുന്നു. വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ ഐസിസി ഈ ആവശ്യം തള്ളിക്കളഞ്ഞു. ശേഷമാണ് ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പിന്മാറിയതും ഇപ്പോൾ പാകിസ്താൻ പിന്തുണയർപ്പിച്ചതും.
Content Highlights: Pakistan PM says no change in decision' not play with india; t20 worldcup