ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടി 20 യിൽ പറക്കും ക്യാച്ചുമായി ഹാർദിക് പാണ്ഡ്യ. ഹർഷിത് റാണ എറിഞ്ഞ ആദ്യ ഓവറിലാണ് ഹാർദിക് അത്ഭുത പ്രകടനം നടത്തിയത്. ഡെവോൺ കോൺവെയുടെ ബൗണ്ടറി ശ്രമം ഇന്നർ സർക്കിളിന്റെ തൊട്ടരികിൽ ഹാർദിക് ഒരു മിന്നും ഡൈവിലൂടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഈ മത്സരത്തിലും കോൺവെയുടെ വിക്കറ്റ് കിട്ടിയത് ഹർഷിത് റാണയ്ക്കാണ്. ഇത് അഞ്ചാം തവണയാണ് തുടർച്ചയായി റാണ കോൺവെയെ പുറത്താക്കുന്നത്. നേരത്തെ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കോൺവെയെ പുറത്താക്കിയത് ഹർഷിത് ആയിരുന്നു. ശേഷം രണ്ടാം ടി 20 യിലും മൂന്നാം ടി 20 യിലും അത് ആവർത്തിച്ചു. ഒന്നാം ടി 20 യിൽ മാത്രമാണ് കോൺവെയുടെ വിക്കറ്റ് റാണയ്ക്ക് ലഭിക്കാതിരുന്നത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടരുന്ന കിവീസ് മൂന്നോവറിൽ 25 റൺസിന് രണ്ട് എന്ന നിലയിലാണ്. കോൺവെയെ കൂടാതെ രചിൻ രവീന്ദ്രയുടെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. ഹാർദിക് രവി ബിഷ്ണോയിയുടെ കൈകളിലെത്തിക്കുകയായിരുന്നു. നാല് റൺസാണ് രചിൻ നേടിയത്. കോൺവെ നേടിയത് ഒരൊറ്റ റൺസ് മാത്രം. നിലവിൽ സെയ്ഫർട്ടും ഗ്ലെൻ ഫിലിപ്സുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിലാണ് മത്സരം
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്ഷ്ദീപ് സിംഗ്, വരുണ് ചക്രവര്ത്തി എന്നിവര്ക്ക് വിശ്രമം നല്കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്ണോയ് എന്നിവര് ടീമില് തിരിച്ചെത്തി. ന്യൂസിലന്ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല് ജാമിസണ് ടീമില് തിരിച്ചെത്തി. ഫൗള്ക്സിനെ ഒഴിവാക്കി.
അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്കും. മറുഭാഗത്ത് പരമ്പരയില് തിരിച്ചെത്താനുള്ള ഒരുക്കങ്ങള് സജീവമാക്കുകയാണ് കിവികള്.
Content highlights: ;Hardik Pandya is flying; Rana take Conway wickets for the fifth time; Video