സൂര്യയുടെ ഫോം ഔട്ടിനെ കുറിച്ച് ചോദ്യം; കടുത്ത മുന്നറിയിപ്പുമായി രോഹിത്

താൻ ഔട്ട് ഓഫ് ഫോം അല്ലെന്നും ഔട്ട് ഓഫ് റൺസാണെന്നുമാണ് സൂര്യ ഒരിക്കല്‍ ന്യായീകരിച്ചത്

ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോം ടീം ഇന്ത്യയുടെ പ്രകടനത്തെ മൊത്തത്തിൽ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ടി20 ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കേ സൂര്യയുടെ ഫോം ഔട്ട് ടീമിന് വലിയ തലവേദനയാണ്. 2024 ഒക്ടോബറിലാണ് അവസാനമായി സ്‌കൈ ടി20 യിൽ ഒരു ഫിഫ്റ്റി അടിച്ചത്.

'ക്യാപ്റ്റൻ ഫോം ഔട്ടാണോ അല്ലയോ എന്നതല്ല വിഷയം. ഒരു കളിക്കാരൻ ഫോം ഔട്ടാണ് എന്നതാണ്. നമുക്ക് ഏഴോ എട്ടോ ബാറ്റർമാരുണ്ട്. ഒരാൾ ഔട്ടായാലും അടുത്തതായി വരുന്നയാൾ എരിഞ്ഞു കത്തും. അതാണ് നമ്മുടെ ബാറ്റിങ് ലൈനപ്പിന്റെ ശക്തി. ഈ സമയത്ത് സൂര്യയുടെ ഫോം ഔട്ട് ടീമിനെ മൊത്തത്തില്‍ ബാധിക്കും'- രോഹിത് പറഞ്ഞു.

“SKY knows the game. He knows the players.” 💙@ImRo45 highlights @surya_14kumar's form and impact, calling him a critical batter whose presence brings balance and confidence to India’s batting lineup. 🔑🔥Why is SKY central to India’s success on the biggest stage? 🤔Watch it… pic.twitter.com/JEXFzIPhWA

ഒരു കാലത്ത് ടി20 ക്രിക്കറ്റിലെ നമ്പർ 1 ബാറ്ററായിരുന്ന സ്‌കൈക്ക് ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം അത്ര നല്ല കാലമല്ല. നേരത്തേ താൻ ഔട്ട് ഓഫ് ഫോം അല്ലെന്നും ഔട്ട് ഓഫ് റൺസാണെന്നുമാണ് സൂര്യ ഇതിനെ ന്യായീകരിച്ചത്. കിവീസിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഒരിക്കൽ കൂടി അതാവർത്തിച്ചു താരം.

'നമ്പർ 3 റോളിലും നമ്പർ 4 റോളിലും ഞാൻ ബാറ്റ് വീശിയിട്ടുണ്ട്. നാലാമനായിറങ്ങുമ്പോൾ കുറച്ച് കൂടി നന്നായി കളിക്കാനാവുന്നുണ്ട്. എന്നാലും രണ്ട് പൊസിഷനിലും ഫ്‌ളെക്‌സിബിൾ ആണ്. സിറ്റ്വേഷൻ അനുസരിച്ചാണ് കാര്യങ്ങൾ. തിലക് വർമ വൺ ഡൗൺ റോളിൽ മികച്ച രീതിയിലാണ് ഇപ്പോള്‍ ബാറ്റ് വീശുന്നത്.. ഇനി സഞ്ജു സാംസൺ പുറത്താവുന്ന ഘട്ടത്തിൽ ഒരു വലങ്കയ്യൻ ബാറ്ററെയാണ് സാഹചര്യം ആവശ്യപ്പെടുന്നത് എങ്കിൽ ആ സ്ലോട്ടിൽ ഞാനിറങ്ങും. എനിക്ക് കുറച്ച് കാലമായി സ്‌കോർ ചെയ്യാൻ കഴിയുന്നില്ല എന്നത് സത്യമാണ്. പക്ഷെ എനിക്ക് എന്റെ ഐഡിന്റിറ്റി മാറ്റാനാവില്ലല്ലോ. കഴിഞ്ഞ മൂന്നോ നാലോ വർഷമായി ഞാൻ എന്താണോ ചെയ്ത് കൊണ്ടിരിക്കുന്നത് അത് തുടരാൻ തന്നെയാണ് തീരുമാനം. നെറ്റ്‌സിൽ ഇപ്പോഴും കഠിന പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുന്നു'- ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

To advertise here,contact us