ലോകകപ്പ് റീ ഷെഡ്യൂള്‍ ചെയ്യും? ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ ആവശ്യം ICC അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌

ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്

ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താൽപര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ആവശ്യം ഐസിസി പരി​ഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബം​ഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാന്‍ താൽപര്യമില്ലെന്നും ഇന്ത്യയിൽ‌ നിശ്ചയിക്കപ്പെട്ട മത്സരങ്ങൾ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ ഐസിസി ലോകകപ്പിന് പുതിയ ഷെഡ്യൂള്‍ തയാറാക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ‌.

ടൂർണമെന്റിന് വേണ്ടി പുതിയ ഷെഡ്യൂൾ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഐസിസി ചെയർമാൻ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി ആരംഭിച്ചതായി ദി ഇന്ത്യൻ എക്‌സ്പ്രസ്‌ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബിയുടെ ആവശ്യം. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനു മുമ്പ് ഷെഡ്യൂള്‍ പുനഃക്രമീകരിക്കുന്നതാണ് വെല്ലുവിളി.

മാസങ്ങൾക്ക് മുൻപ് ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശും വേദിമാറ്റം ആവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക.

ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിൻ്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയ‌മാണ് വേദി.

Content Highlights: Mustafizur Rahman's controversy: ICC redraws T20 World Cup schedule after Bangladesh seeks shift from India says Report

To advertise here,contact us