'പടിയിറങ്ങുന്നതിന് മുന്‍പ് ഒരു കാര്യം കൂടി'; ഖവാജയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി പാറ്റ് കമ്മിന്‍സ്

വിരമിക്കൽ പ്രഖ്യാപിച്ച സഹതാരത്തെ അഭിനന്ദിച്ച കമ്മിൻസ് ഒരു പ്രത്യേക അഭ്യർത്ഥനയും നടത്തുന്നുണ്ട്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് 39കാരനായ ഖവാജ പറഞ്ഞു. തന്റെ കുടുംബത്തെ ഒപ്പമിരുത്തി നടത്തിയ വൈകാരികമായ വാര്‍ത്താ സമ്മേളനത്തിലാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

ഇപ്പോഴിതാ ഖവാജയുടെ വിരമിക്കലിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സഹതാരവും ഓസീസ് ക്യാപ്റ്റനുമായ പാറ്റ് കമ്മിൻസ്. വിരമിക്കൽ പ്രഖ്യാപിച്ച സഹതാരത്തെ അഭിനന്ദിച്ച കമ്മിൻസ് ഒരു പ്രത്യേക അഭ്യർത്ഥനയും നടത്തുന്നുണ്ട്. വിടവാങ്ങൽ മത്സരത്തിൽ ഒരു സെഞ്ച്വറി കൂടി നേടാനാണ് കമ്മിൻസ് ഖവാജയോട് അഭ്യർത്ഥിക്കുന്നത്.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കമ്മിൻസിന്റെ പ്രതികരണം. ‘അവിശ്വസനീയമായ ഒരു കരിയറിന് അഭിനന്ദനങ്ങൾ സുഹൃത്തേ. ഒരു ഹോം സെഞ്ച്വറി കൂടി ​ബാക്കിയുണ്ട്‘, കമ്മിൻ‌സ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഖവാജയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കമ്മിൻസിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച ഖവാജ തന്റെ അവസാന ടെസ്റ്റും അവിടെ തന്നെയാണ് കളിക്കുന്നത്. റിക്കി പോണ്ടിംഗിന് പരിക്കേറ്റപ്പോൾ 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷ കരിയറിലെ 88-ാം ടെസ്റ്റാണ് സിഡ്നിയിൽ കളിക്കാൻ പോകുന്നത്.

6000ലധികം റൺസാണ് താരം ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഇതിൽ 16 സെഞ്ച്വറികളും 28 അർധ സെഞ്ച്വറികളുമുണ്ട്. 40 ഏകദിനങ്ങളിൽ നിന്ന് 1500 ലധികം റൺസ് നേടിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ആഷസ് ടെസ്റ്റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഇന്നിങ്‌സുകളിലായി 153 റൺസാണ് നേടിയിട്ടുള്ളത്.

Content highlights: Pat Cummins makes special request to Usman Khawaja After Retirement

To advertise here,contact us