റിങ്കു സിംഗിനെ എന്തുകൊണ്ട് ടീമില്‍ നിന്ന് ഒഴിവാക്കി? ചര്‍ച്ചയായി സൂര്യകുമാറിന്റെ പ്രതികരണം

മാധ്യമങ്ങൾക്ക് എല്ലാം മുൻകൂട്ടി അറിയാമല്ലോ എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ തമാശ രൂപേണ പറയുകയും ചെയ്തു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കിയതിൽ വലിയ ആരാധകപ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇപ്പോഴിതാ യുവതാരത്തെ തഴഞ്ഞതിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പ്രതികരണവും സോഷ്യൽ മീഡ‍ിയയിൽ ചർച്ചയായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളത്തിൽ റിങ്കുവിനെ ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒഴിഞ്ഞുമാറുന്ന മറുപടിയാണ് സൂര്യകുമാർ യാദവ് നൽകിയത്.

ടീം മാനേജ്മെന്റ് ഓൾറൗണ്ടർമാർക്ക് മുൻഗണന നൽകുന്ന നിലവിലെ ടീം ഘടനയെക്കുറിച്ചും കളിക്കാരുടെ പൊസിഷനുകളിലെ വഴക്കത്തെക്കുറിച്ചും താരം സൂചന നൽകി. ടീം കോമ്പിനേഷൻ പ്ലാനുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. മാധ്യമങ്ങൾക്ക് എല്ലാം മുൻകൂട്ടി അറിയാമല്ലോ എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ തമാശ രൂപേണ പറയുകയും ചെയ്തു.

'റിങ്കുവും ഹാര്‍ദിക് പാണ്ഡ്യയും ഓള്‍റൗണ്ടര്‍മാരാണ്. ഒരു ഓള്‍റൗണ്ടറെ ഫിനിഷറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. ശിവം ദുബെയും ടീമിലുണ്ട്. പിന്നെ എങ്ങനെയാണ്? മൂന്ന് മുതല്‍ ഏഴ് വരെയുള്ള എല്ലാ ബാറ്റർമാര്‍ക്കും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയും. അതില്‍ നമ്മള്‍ വളരെ വഴക്കമുള്ളവരായിരിക്കണം' സൂര്യ പറഞ്ഞു. ടീമിന്റെ കാര്യം ഞങ്ങളേക്കാള്‍ മുമ്പ് നിങ്ങള്‍ അറിയാറുണ്ടല്ലോ എന്നും തമാശയോടെ സൂര്യ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യൻ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന റിങ്കു സിംഗിന് കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകിയതോടെ കഴിഞ്ഞ രണ്ട് പരമ്പരകളിലായി ഒരു മത്സരത്തിൽ മാത്രമാണ് റിങ്കുവിന് കളിക്കാൻ സാധിച്ചത്.

Content Highlights: Suryakumar Yadav keeps silence on Rinku Singh's snub ahead of IND vs SA 1st T20

To advertise here,contact us