ഇതുംകൂടി ഇംഗ്ലണ്ട് താങ്ങുമോ? തകര്‍പ്പന്‍ തിരിച്ചുവരവിനൊരുങ്ങി പാറ്റ് കമ്മിന്‍സ്‌

പരമ്പരയില്‍ തുടര്‍വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് വലിയ ആവേശം തന്നെയായിരിക്കും പാറ്റ് കമ്മിന്‍സിന്റെ വരവ്

ആഷസില്‍ തകര്‍പ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. പുറംവേദന കാരണം ആഷസിലെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടമായ കമ്മിന്‍സ് ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ നാല് മുതല്‍ എട്ടിനാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക.

മത്സരത്തിന് മുന്‍പ് നടന്ന രണ്ട് ബോളിങ് സെഷനുകളിലും പാറ്റ് കമ്മിന്‍സ് മികച്ച പ്രകടനം കാഴ്ച വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം പെര്‍ത്ത് നെറ്റ്‌സിലും തുടര്‍ന്ന് ചൊവ്വാഴ്ച ക്രിക്കറ്റ് എന്‍എസ്ഡബ്ല്യു ആസ്ഥാനത്തും നടന്ന പരിശീലന സെഷനുകളില്‍ അദ്ദേഹം പിങ്ക് ബോള്‍ ഉപയോഗിച്ച് പന്തെറിഞ്ഞു. ഇതോടെ കമ്മിന്‍സിന്റെ തിരിച്ചുവരവിന് കൂടുതല്‍ സാധ്യതയുണ്ടെങ്കിലും ടെസ്റ്റിന് മുന്‍പ് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് ഓസീസ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞത്.

പരമ്പരയില്‍ തുടര്‍വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് വലിയ ആവേശം തന്നെയായിരിക്കും പാറ്റ് കമ്മിന്‍സിന്റെ വരവ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആവേശവിജയം സ്വന്തമാക്കിയിരുന്നു. എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്ട്രേലിയ നേടിയത്. ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായും മാര്‍നസ് ലബുഷെയ്ന്‍ അര്‍ധ സെഞ്ച്വറിയുമായും തിളങ്ങിയപ്പോള്‍ ഓസീസ് ജയം അനായാസമായി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 205 റണ്‍സിന്റെ വിജയലക്ഷ്യം വെറും 28 2 ഓവറിലാണ് മറികടന്നത്. 83 പന്തില്‍ 16 ഫോറുകളും നാല് സിക്സറും അടക്കം 123 റണ്‍സിന്റെ വെടിക്കെട്ട് പ്രകടനമാണ് ഹെഡ് നടത്തിയത്. ലബുഷെയ്ന്‍ 49 പന്തില്‍ ഒരു സിക്സും നാല് ബൗണ്ടറിയും അടക്കമാണ് 51 റണ്‍സ് നേടിയത്.

Content Highlights: Ashes Second Test: Australia captain Pat Cummins set to return for Brisbane Test

To advertise here,contact us