ഗുവാഹത്തി ടെസ്റ്റിൽ‌ 100 പന്തുകളിലധികം നേരിടുന്ന ഒരേയൊരു ഇന്ത്യന്‍ താരം; റെക്കോർഡ് സ്വന്തമാക്കി കുല്‍ദീപ്

കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ചേർന്ന് പ്രതിരോധ‌ക്കോട്ട കെട്ടി നാണക്കേട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ 201 റൺസിന് പുറത്താവുകയായിരുന്നു

​ഗുവാഹത്തി ടെസ്റ്റിൽ‌ 100 പന്തുകളിലധികം നേരിടുന്ന ഒരേയൊരു ഇന്ത്യൻ താരമായി കുൽദീപ് യാദവ്. ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് നേരിട്ടത് 134 പന്തുകള്‍. 19 റണ്‍സെടുത്താണ് കുല്‍ദീപ് പുറത്താവുന്നത്. ഈ ടെസ്റ്റില്‍ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേരിട്ട ഏറ്റവും കൂടുതല്‍ പന്തുകളാണിത്. ഒന്‍പതാമനായി ക്രീസിലെത്തിയ കുല്‍ദീപ് യാദവ് മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ചേർന്ന് പ്രതിരോധ‌ക്കോട്ട കെട്ടി നാണക്കേട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ 201 റൺസിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് പിഴുത് മധ്യനിരയെ തകർത്തിട്ട് മാർകോ ജാൻസനാണ് ജയം അനിവാര്യമായ ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തകർത്തത്. എട്ടാം വിക്കറ്റിൽ കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാരെ പ്രതിരോധിച്ചു. 72 റൺസ് ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. 134 പന്തുകളാണ് കുൽദീപ് യാദവ് നേരിട്ടത്. നേടിയത് 19 റൺസ്. വാഷിങ്ടൺ സുന്ദർ 92 പന്തിൽ നിന്ന് കണ്ടെത്തിയത് 48 റൺസ്.‌ 79-ാം ഓവറിൽ സുന്ദറിനെ മാർക്രം ക്യാച്ചെടുത്ത് പുറത്താക്കി. തൊട്ടുപിന്നാലെ കുൽദീപും പുറത്തായി.

അതേസമയം ദക്ഷിണാഫ്രിക്കക്കെതിരെ ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോല്‍വിയുടെ വക്കത്താണ് ടീം ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201 റണ്‍സിന് ഓള്‍ഔട്ടാക്കി ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെടുത്തിരിക്കുകയാണ്. നിലവില്‍ 314 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. 13 റണ്‍സുമായി റയാന്‍ റിക്ലത്തണും 12 റണ്‍സെടുത്ത് ഐഡന്‍ മാര്‍ക്രവുമാണ് ക്രീസില്‍.

Content Highlights: IND vs SA: Kuldeep Yadav sets new mark for most ball faced by an Indian in the series

To advertise here,contact us