റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ കടന്നിരിക്കുകയാണ്. ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. സൂപ്പർ ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായതോടെ ഇന്ത്യക്ക് ഒറ്റ റൺസ് പോലും കണ്ടെത്താനായില്ല. മറുപടി ഇന്നിങ്സിൽ സുയാഷ് ശർമ എറിഞ്ഞ രണ്ടാം പന്ത് വൈഡായതോടെയാണ് ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.
മത്സരത്തിൽ പരാജയം വഴങ്ങിയതിന് പിന്നാലെ വലിയ ആരാധകരോഷമാണ് ഇന്ത്യ എ ടീമിനെതിരെ ഉയരുന്നത്. സൂപ്പർ ഓവറിൽ ഇന്ത്യയുടെ വൈഭവിനെ ബാറ്റിങ്ങിനിറക്കാത്തതിലാണ് ആരാധകർ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർത്തുന്നത്. സൂപ്പര് ഓവറില് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിനാണ് ആരാധകര് കാത്തിരുന്നതെങ്കിലും താരം പുറത്തിരിക്കുകയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമയുടെ ഈ തീരുമാനത്തെയാണ് ആരാധകർ വിമർശിക്കുന്നത്. ടൂര്ണമെന്റില് മിന്നും ഫോമിലുള്ള താരത്തെ ബാറ്റിങ്ങിനിറക്കിയിരുന്നെങ്കില് ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് പലരും സാമൂഹികമാധ്യമങ്ങളില് അഭിപ്രായപ്പെടുന്നു.
നേരത്തെ ഓപ്പണർമാരായ കൗമാരതാരം വൈഭവ് സൂര്യവംശിയും പ്രിയാൻഷ് ആര്യയും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. ആദ്യ ഓവറിൽ തന്നെ വൈഭവ് 19 റൺസ് അടിച്ചെടുത്തു. രണ്ടാം ഓവറിലും വൈഭവ് തകർത്തടിച്ചതോടെ ടീം സ്കോർ 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ മൂന്നോവറിൽ 49 റൺസിലെത്തുകയും ചെയ്തു. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. പ്രിയാൻഷ് 23 പന്തിൽ 44 റൺസെടുത്തു.
Content Highlights: Why Not Vaibhav Suryavanshi?: Fans SLAM Jitesh Sharma After Shameful Super Over Loss In IND A vs BAN A