കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള് അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന് ക്രിക്കറ്റ് കൗണ്സില് പ്രസിഡന്റും പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് ചെയര്മാനുമായ മൊഹ്സിന് നഖ്വിയില് നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില് ഇന്ത്യന് ടീം ഉറച്ചുനിന്നിരുന്നു. നിലപാടില് നിന്നും ഇന്ത്യന് ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം തുടങ്ങി.
ഇപ്പോഴിതാ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വെച്ച് എസിസി മേധാവിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയെ ബിസിസിഐ ശക്തമായി ചോദ്യം ചെയ്തിരിക്കുകയാണ്. ബിസിസിഐയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല നഖ്വിയോട് കടുത്ത ചോദ്യങ്ങൾ ചോദിക്കുകയും വിജയികളായ ഇന്ത്യൻ ടീമിന് ട്രോഫി നൽകാതിരുന്നതിൻ്റെ പേരിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഏഷ്യാ കപ്പ് ട്രോഫി നഖ്വിയുടെ സ്വന്തമല്ലെന്നും എസിസിയുടെ സ്വത്താണെന്നും അത് ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയ നഖ്വിയോട് ശുക്ല തുറന്നടിച്ചു. ട്രോഫി ശരിയായ രീതിയിൽ ഇന്ത്യക്ക് കൈമാറേണ്ടതുണ്ടെന്നും എസിസി ഈ വിഷയം ഉടൻ പരിശോധിക്കണമെന്നും ബിസിസിഐ വൈസ് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
Content Highlights: BCCI tells Mohsin Naqvi ‘Asia Cup trophy not your personal belonging’