ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാരായി. ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോല്പ്പിച്ചത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയർത്തിയ 147 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
തിലക് വർമയുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം നേടികൊടുക്കുന്നതിൽ നിർണായകമായത്. 53 പന്തിൽ നിന്നും മൂന്ന് ഫോറും നാല് സിക്സറുമുൾപ്പടെ 69 റൺസാണ് തിലക് വർമ നേടിയത്. 10 റൺസിന് രണ്ട് വിക്കറ്റ് നഷ്ടമായി നിൽക്കുമ്പോഴായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്.
നങ്കൂരമിട്ട് കളിച്ച തിലക് പാകിസ്താൻ യാതൊരു പഴുതുകളും നൽകാതെയായിരുന്നു മുന്നോട്ട് നീങ്ങിയത്. ആദ്യം സഞ്ജു സാംസണുമായും പിന്നീട് ശിവം ദുബെയുമായും മികച്ച കൂട്ടുക്കെട്ടാണ് തിലക് വർമ നടത്തിയത്. അവസാന ഓവറിൽ 10 റൺസ് ജയിക്കാൻ വേണ്ടിയിരുന്നപ്പോൾ ആദ്യ പന്തിൽ ഡബിളോടിയ തിലക് അടുത്ത പന്തിൽ സിക്സർ അടിച്ച് ജയത്തോട് അടിപ്പിക്കുകയായിരുന്നു. അവസാന പന്തിൽ റിങ്കു സിങ് ഫോറുമടിച്ച് ഇന്ത്യയെ വിജയിപ്പിച്ചു. മത്സരത്തിന് ശേഷമുള്ള താരത്തിന്റെ ആഘോഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.
നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.
നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.
എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തിൽ 33 റൺസെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റൺസായിരുന്നു വേണ്ടത്. എന്നാൽ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.
Content Highlights- Tilak Varma Massive Innings and Icecold celebration