പാക് താരങ്ങളുടെ അതിരുവിട്ട ആഘോഷങ്ങള്‍; ഐസിസിക്ക് പരാതി നല്‍കി ബിസിസിഐ

സെപ്റ്റംബർ 21 നായിരുന്നു ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്

പാക് താരങ്ങളുടെ അതിരുവിട്ട ആഘോഷങ്ങള്‍; ഐസിസിക്ക് പരാതി നല്‍കി ബിസിസിഐ
dot image

ഏഷ്യാ കപ്പ് മത്സരത്തിനിടെ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കി ബിസിസിഐ. ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനിടെ പാക് താരങ്ങളായ ഹാരിസ് റൗഫും സാഹിബ്‌സാദ ഫര്‍ഹാനും ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളും സെലിബ്രേഷനും ചെയ്തത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഐസിസിക്ക് ഔദ്യോഗിക പരാതി നല്‍കിയത്.

ഹാരിസ് റൗഫിനും സാഹിബ്‌സാദ ഫര്‍ഹാനുമെതിരെ ബിസിസിഐ ബുധനാഴ്ച പരാതി നല്‍കിയെന്നും ഐസിസിക്ക് ഇമെയില്‍ ലഭിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ സാഹിബ് സാദയും റൗഫും രേഖാമൂലം നിഷേധിക്കുകയാണെങ്കില്‍ ഐസിസി ഹിയറിംഗ് നടക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് ഐസിസി എലൈറ്റ് പാനല്‍ റഫറി റിച്ചി റിച്ചാര്‍ഡ്‌സണിന് മുമ്പാകെ ഹാജരാകേണ്ടി വന്നേക്കാം.

ഐസിസി ഹിയറിംഗില്‍ റൗഫിനും സാഹിബ്‌സാദക്കും തങ്ങളുടെ ആംഗ്യങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ടിവരും. അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഐസിസി പെരുമാറ്റച്ചട്ടം അനുസരിച്ച് അവര്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും.

സെപ്റ്റംബർ 21 നായിരുന്നു ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താന് വേണ്ടി സാഹിബ്സാദ​ ഫർഹാൻ അർധ സെഞ്ച്വറി നേടിയിരുന്നു. ഫിഫ്റ്റി തികച്ചതിനു പിന്നാലെ ബാറ്റു കൊണ്ട് വെടിയുതിര്‍ക്കുന്നതു പോലെയുള്ള ആംഗ്യമാണ് സാഹിബ്‌സാദ ഫര്‍ഹാന്‍ കാണിച്ചത്. ഇതോടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ 2022-ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്ലി റൗഫിൻ്റെ പന്തിൽ അടിച്ച വിജയകരമായ സിക്സറുകളെ സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ ആരാധകർ "കോഹ്ലി, കോഹ്ലി" എന്ന് വിളിച്ചപ്പോൾ, അതിനെതിരെ ഇന്ത്യൻ സൈനിക നടപടിയെ പരിഹസിക്കാൻ വിമാനം തകരുന്നതിനെ ചിത്രീകരിക്കുന്ന ആംഗ്യങ്ങളാണ് റൗഫ് കാണിച്ചത്. ഇതോടൊപ്പം, തൻ്റെ ബൗളിംഗ് സ്പെല്ലിനിടെ ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനോടും അഭിഷേക് ശർമയോടും റൗഫ് വാക്കേറ്റത്തിലേർപ്പെടുകയും ചെയ്തിരുന്നു. ബാറ്റുകൊണ്ടാണ് ​ഗില്ലും അഭിഷേകും റൗഫിന് മറുപടി നൽകിയത്.

Content Highlights: BCCI Lodges Official Complaint Against Haris Rauf and Sahibzada Farhan for Provocative Gestures

dot image
To advertise here,contact us
dot image