കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായി പേൾസ്. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോൽപിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ 81 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 17.3 ഓവറിൽ 71 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത മൃദുല വി എസ് ആണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടിയ പേൾസാണ് ആദ്യം ബാറ്റ് ചെയ്തത്. 17 റൺസെടുത്ത നിയ നസ്നീന്റെയും 16 റൺസെടുത്ത മൃദുല വി എസിന്റെയും പ്രകടനമാണ് പേൾസിന്റെ സ്കോർ 81 വരെയെത്തിച്ചത്. മറ്റാർക്കും തിളങ്ങാനായില്ല. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല സിഎംസി മൂന്നും അലീന എം പി രണ്ടും വിക്കറ്റുകൾ നേടി.
അനായാസ സ്കോറിലേക്ക് ലക്ഷ്യം വെച്ചിറങ്ങിയ എമറാൾഡിനും ബാറ്റിങ്ങിൽ പിഴച്ചു. 14 റൺസെടുത്ത വൈഷ്ണയും 15 റൺസെടുത്ത അനുഷ്കയും മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനിയാണ് പേൾസ് ബൗളിങ് നിരയിൽ തിളങ്ങിയത്. മൃദുല, കീർത്തി ജെയിംസ്, നിയ നസ്നീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
221 റൺസും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ എമറാൾഡ് ക്യാപ്റ്റൻ നജ്ല സിഎംസിയാണ് ടൂർണ്ണമെന്റിന്റെ താരം. സാഫയറിന്റെ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ ടൂർണ്ണമെന്റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
Content Highlights: KCA Pink T20 Tournament; Pearls defeat Emerald to win tittle