മുസ്തഫിസുർ യുഎഇക്കെതിരെ ടി20 കളിക്കുമെന്ന് ബംഗ്ലദേശ്; തങ്ങൾക്ക് വേണ്ടി IPL കളിക്കുമെന്ന് ഡൽഹി; ആശയക്കുഴപ്പം

മുസ്തഫിസുർ ഐപിഎൽ കളിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിക്കുകയും ചെയ്തു

ബംഗ്ലദേശ് പേസ് ബോളർ മുസ്തഫിസുർ റഹ്മാൻ ഐപിഎൽ കളിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം. ഐപിഎലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന് ഓസീസ് താരം ജേക് ഫ്രേസർ മഗ്രുക് നിലപാടെടുത്തതോടെയാണ്, ബംഗ്ലദേശ് പേസ് ബോളറെ ‍ഡൽഹി ക്യാപിറ്റൽസ് പകരക്കാരനായി ടീമിലെടുത്തത്.

മുസ്തഫിസുർ ഐപിഎൽ കളിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മുസ്തഫിസുറിനെ ഐപിഎൽ കളിപ്പിക്കുന്ന കാര്യത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

മുസ്തഫിസുർ ബംഗ്ലദേശ് ടീമിനൊപ്പം യുഎഇയിലേക്ക് പോകുമെന്ന് ബംഗ്ലദേശ് ബോർ‍ഡ് സിഇഒ നിസാമുദ്ദീൻ ചൗധരി പ്രതികരിച്ചു. ഈ മാസം അവസാനം ബംഗ്ലദേശ് യുഎഇക്കെതിരെ രണ്ട് ട്വന്റി20 മത്സരങ്ങൾ കളിക്കുന്നുണ്ട്. മേയ് 17, 19 തീയതികളിലാണ് ബംഗ്ലദേശ് യുഎഇയിൽ ട്വന്റി20 മത്സരങ്ങൾ കളിക്കുന്നത്.

അതിന് ശേഷം പാകിസ്താനിൽ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും കളിക്കാനുണ്ട്. സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ പര്യടനത്തിന് പോകുന്ന കാര്യത്തിൽ ബംഗ്ലദേശ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

Content Highlights:

To advertise here,contact us