പതും നിസംഗയുടെ സെഞ്ച്വറിയിൽ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം; ഇംഗ്ലണ്ടിന് പരമ്പര

മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു

ലണ്ടൻ: ഓപ്പണർ പതും നിസംഗയുടെ അപരാജിത സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്ക് ആശ്വാസ വിജയം. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. നേരത്തെ വെറും 34 ഓവറിൽ 156 റൺസിന് ഇംഗ്ലീഷ് പടയെ പുറത്താക്കിയ ശ്രീലങ്ക 94-1 എന്ന നിലയിലാണ് നാലാം ദിനം തുടങ്ങിയത്. തൻ്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയോടെ നിസംഗ തിളങ്ങിയപ്പോൾ ശ്രീലങ്ക 40.3 ഓവറിൽ 219 എന്ന വിജയ ലക്ഷ്യം കടന്നു. 13 ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു നിസ്സങ്കയുടെ ഇന്നിങ്സ്. ഇംഗ്ലീഷ് മണ്ണിൽ ശ്രീലങ്കയുടെ നാലാമത് ടെസ്റ്റ് വിജയം കൂടിയാണ് ഇത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഒല്ലി പോപ്പിന്റെ സെഞ്ച്വറിയുടെയും ബെൻഡകറ്റിന്റെയും പ്രകടനത്തിൽ ഇംഗ്ലണ്ട് 325 റൺസ് നേടിയിരുന്നു. ശ്രീലങ്കയുടെ മറുപടി ഇന്നിങ്സ് പക്ഷെ 265 റൺസിലവസാനിച്ചു. 64 റൺസുമായി പതും നിസംഗയും 69 റൺസ് നേടി ധനഞ്ജയ് ഡി സിൽവയുമായിരുന്നു ആദ്യ ഇന്നിങ്സിൽ ശ്രീലങ്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് പക്ഷെ എളുപ്പത്തിൽ കൂടാരം കയറി. 156 റൺസ് മാത്രം കൂട്ടി ചേർക്കാനായ ഇംഗ്ലണ്ട് നിരയിൽ ജാമി സ്മിത്ത്(67), ഡാൻ ലോറൻസ്(35) എന്നിവർ മാത്രമാണ് പൊരുതിയത്. ശ്രീലങ്കൻ നിരയിൽ നിസ്സങ്കയ്ക്ക് പുറമെ കുശാൽ മെൻഡിസ് (39), ആഞ്ചലോ മാത്യൂസ് (32 ) എന്നിവരും വിജയത്തിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി .

സൂപ്പർ ലീഗ് കേരളയ്ക്ക് പയ്യനാട് ഒരുങ്ങി; തൃശൂർ മാജിക്ക് എഫ്സി ഇന്ന് കണ്ണൂർ വാരിയേഴ്സിനെതിരെ

To advertise here,contact us