അണ്ടർ 19 ലോകചാമ്പ്യനെ ഇന്നറിയാം; ഓസ്ട്രേലിയയെ കീഴടക്കാൻ ബോയ്സ് ഇൻ ബ്ലൂ

ആറാം ലോകകിരീടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം

ബെനോനി: കൗമാര ക്രിക്കറ്റിന്റെ ലോകചാമ്പ്യനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കലാശപ്പോരിൽ ഇന്ത്യൻ അണ്ടർ 19 ടീം ഓസ്ട്രേലിയയെ നേരിടും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആറാം ലോകകിരീടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. ഒപ്പം ഓസീസിനോട് ചില കണക്കുകൾ തീർക്കുമാനുമുണ്ട്. കഴിഞ്ഞ വർഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്.

സീനിയർ ടീമിനേറ്റ തിരിച്ചടികൾക്ക് കൗമാരപ്പട മറുപടി പറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുമ്പ് രണ്ട് തവണ ഇന്ത്യയും ഓസ്ട്രേലിയയും അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 2012ൽ ഉന്മുക്ത് ചന്ദിന്റെ ടീമും 2018ൽ പൃഥി ഷായുടെ ടീമും ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകിരീടം നേടിത്തന്നു.

വിരാട് കോഹ്ലി മുതൽ ഉൻമുക്ത് ചന്ദ് വരെ; അണ്ടർ 19 ലോകകപ്പിലെ വിജയപരാജയങ്ങൾ

ഒരിക്കൽകൂടെ ഓസ്ട്രേലിയൻ സംഘത്തിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. ഉദയ് സഹാരൺ, മുഷീർ ഖാൻ, സച്ചിൻ ദാസ്, നമൻ തിവാരി തുടങ്ങിയവരുടെ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. ഹാരി ഡിക്സൺ, ഒലിവർ പീക്ക്, ടോം സ്ട്രാക്കർ തുടങ്ങിയവരാണ് ഓസീസ് ടീമിന്റെ കരുത്ത്. ഭാവിയുടെ താരങ്ങൾ നേർക്കുനേർ വരുമ്പോൾ ആവേശപ്പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

To advertise here,contact us