ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗശൂന്യമാകുമോ? UPI വന്നതോടെ പേയ്മെന്റ് രീതികളിൽ സംഭവിക്കുന്ന മാറ്റം

ഇപ്പോള്‍ UPI പേയ്‌മെന്റ് രീതി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളെ പോലും മറികടക്കുന്നു. ചെറിയ കടകളില്‍ പോലും ആളുകള്‍ കാര്‍ഡുകള്‍ക്ക് പകരം യുപിഐ ഉപയോഗിക്കുന്നു

'ചേട്ടാ, ഗൂഗിള്‍ പേ ഉണ്ടോ?' കടയില്‍നിന്ന് സാധനം വാങ്ങി കഴിയുമ്പോള്‍ ഏറ്റവും സാധാരണമായി കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. ചെറിയൊരു തുക നല്‍കാനാണെങ്കിലും വലിയൊരു ഷോപ്പിങ്ങിനാണെങ്കിലും ഫോണ്‍ എടുത്ത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കുന്നരീതി ഇന്ന് പതിവായിക്കഴിഞ്ഞു.പലചരക്ക് കട മുതല്‍ മെഡിക്കല്‍ സ്റ്റോര്‍ വരെ, തട്ടുകട മുതല്‍ വലിയ ഷോപ്പിങ് മാളുകള്‍ വരെ ഇന്ന് UPI പേയ്മെന്റ് സ്വീകരിക്കുന്നു. ഇതോടെ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. UPI ഇത്രയും ജനപ്രിയമായിക്കൊണ്ടിരിക്കുമ്പോള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇനി എന്ത് പ്രസക്തിയാണ്?. കാര്‍ഡുകള്‍ പതിയെ ഉപയോഗശൂന്യമാകുമോ?

എന്തുകൊണ്ടാണ് UPI ഇത്രയും ജനപ്രിയമായത്?

UPIയുടെ ഏറ്റവും വലിയ പ്രത്യേകത ലളിതവും വേഗത്തിലുള്ളതുമായ പേയ്മെന്റാണ്. മൊബൈല്‍ ഫോണിലൂടെ ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പണം കൈമാറാം. കടയില്‍ കാര്‍ഡ് മെഷീന്‍ അന്വേഷിക്കേണ്ടതില്ല. കാര്‍ഡ് പുറത്തെടുക്കേണ്ടതില്ല. മെഷീനില്‍ കാര്‍ഡ് ഇടുകയോ സൈ്വപ്പ് ചെയ്യുകയോ ചെയ്യേണ്ടതില്ല. പകരം, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തുക നല്‍കി പേയ്മെന്റ് പൂര്‍ത്തിയാക്കാം. കടയുടമകള്‍ക്കും ഇത് സൗകര്യപ്രദമാണ്. വലിയ ചെലവില്ലാതെ ക്യുആര്‍ കോഡ് സ്ഥാപിച്ച് പേയ്മെന്റ് സ്വീകരിക്കാം. അതുകൊണ്ടുതന്നെ ചെറിയ കടകളില്‍പോലും UPI വ്യാപകമായി.

ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡെബിറ്റ് കാര്‍ഡുകളെ

UPI യുടെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ മാറ്റം വന്നത് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിലാണ്. മുന്‍പ് കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുന്നത് സാധാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ പണം ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് UPI വഴി നല്‍കാന്‍ കഴിയുന്നു. ഉദാഹരണത്തിന് 500 രൂപയുടെ സാധനം വാങ്ങിയാല്‍ കാര്‍ഡ് പുറത്തെടുത്ത് POS മെഷീനില്‍ ഉപയോഗിക്കുന്നതിന് പകരം ഫോണ്‍ എടുത്ത് QR കോഡ് സ്‌കാന്‍ ചെയ്ത് 500 രൂപ അയയ്ക്കാം.അതിനാല്‍ ദൈനംദിന ചെറിയ പേയ്മെന്റുകളില്‍ ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യം പലര്‍ക്കും കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യം വ്യത്യസ്തമാണ്

UPIയുടെ വളര്‍ച്ച ക്രെഡിറ്റ് കാര്‍ഡുകളെയും സ്വാധീനിക്കുന്നുണ്ടെങ്കിലും അവയുടെ ഉപയോഗം പൂര്‍ണമായി ഇല്ലാതാകുന്ന സാഹചര്യമല്ല. കാരണം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങളുണ്ട്. റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക്, ഡിസ്‌കൗണ്ടുകള്‍, EMI സൗകര്യം, ക്രെഡിറ്റ് കാലയളവ് തുടങ്ങിയവ ഉപഭോക്താക്കളെ ഇപ്പോഴും കാര്‍ഡുകളിലേക്ക് ആകര്‍ഷിക്കുന്നു.വലിയ തുകയുടെ വാങ്ങലുകള്‍, യാത്രാ ബുക്കിങ്, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ ഇടങ്ങളിലും പലരും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നു.

UPIയും ക്രെഡിറ്റ് കാര്‍ഡും ഒന്നിച്ചും ഉപയോഗിക്കാം

തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ UPIയുമായി ബന്ധിപ്പിച്ച് UPI വഴിയും പേയ്മെന്റ് നടത്താനുള്ള സൗകര്യമുണ്ട്. അതായത് ക്യുആര്‍ കോഡ് പേയ്മെന്റിന്റെ സൗകര്യവും ക്രെഡിറ്റ് കാര്‍ഡിന്റെ ആനുകൂല്യങ്ങളും ഒരുമിച്ച് ലഭിക്കുന്ന രീതിയും വളര്‍ന്നുവരികയാണ്. ഇതോടെ ഉപഭോക്താവിന് ഏത് പേയ്മെന്റ് രീതി ഉപയോഗിക്കണമെന്ന് ആവശ്യാനുസരണം തീരുമാനിക്കാം.

ഇനി കാര്‍ഡുകള്‍ ഉപയോഗശൂന്യമാകുമോ?

ചെറുതും പെട്ടെന്നുള്ളതുമായ ദൈനംദിന ഇടപാടുകളില്‍ UPI കൂടുതല്‍ സൗകര്യപ്രദമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ കുറവുണ്ടാകാം. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇപ്പോഴും വ്യത്യസ്തമായ ഉപയോഗങ്ങളുണ്ട്. റിവാര്‍ഡുകളും ക്യാഷ്ബാക്കും ക്രെഡിറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നവര്‍ കാര്‍ഡുകളെ പൂര്‍ണമായി ഉപേക്ഷിക്കണമെന്നില്ല. അതിനാല്‍ UPI വന്നതോടെ കാര്‍ഡുകളുടെ കാലം അവസാനിക്കുന്നു എന്നതിലുപരി, പണം നല്‍കുന്ന രീതികള്‍ മാറുകയാണ് എന്ന് പറയുന്നതാണ് ശരി.

ഒരു കാലത്ത് പേഴ്സില്‍ പണം സൂക്ഷിച്ചിരുന്നവര്‍ ഇന്ന് ഫോണില്‍ ബാങ്ക് ആപ്പ് സൂക്ഷിക്കുന്നു. അതുപോലെ നാളെ പേയ്മെന്റിന്റെ കാര്യത്തില്‍ UPI കൂടുതല്‍ മുന്നിലെത്തിയാലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പൂര്‍ണമായി അപ്രത്യക്ഷമാകണമെന്നില്ല. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഓരോ പേയ്മെന്റ് രീതിക്കും അതിന്റേതായ സ്ഥാനം ഉണ്ടാകും.

Content Highlights :Will credit and debit cards become obsolete? The shift in payment methods following the advent of UPI.

To advertise here,contact us