ആളുകള്‍ ദിവസവും എടിഎം ഉപയോഗിക്കുകയും പണം പിന്‍വലിക്കാന്‍ നാല് അക്ക പിന് നമ്പര്‍ നല്‍കുകയും ചെയ്യുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് അഞ്ചോ ആറോ അക്കങ്ങള്‍ക്ക് പകരം എടിഎം പിന്നിന് 4 അക്കങ്ങള്‍ ഉള്ളതെന്ന്. അതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ആ കഥ ഇങ്ങനെയാണ്.
സ്കോര്ട്ട്ലന്ഡുകാരനായ ജോണ്‍ ഷെപ്പേര്‍ഡ് ബാരണാണ് എടിഎം മെഷീന് കണ്ടുപിടിച്ചത്. 1967 ജൂണ്‍ 27 ന് ലണ്ടനിലെ ബാര്‍ക്ലേസ് ബാങ്ക് ശാഖയിലാണ് ലോകത്തിലെ ആദ്യത്തെ എടിഎം സ്ഥാപിക്കപ്പെട്ടത്. എടിഎം സിസ്റ്റം രൂപകല്‍പ്പന ചെയ്യുമ്പോള്‍ മെഷീനില്‍ സുരക്ഷയുടെ ഭാഗമായി ഷെപ്പേര്‍ഡ് ബാരണ്‍ തുടക്കത്തില്‍ ആറ് അക്ക പിന് ഉപയോഗിക്കാന്‍ തീരുമാനിച്ചു.
സിസ്റ്റത്തിന്റെ നിര്‍മിതി അന്തിമമാകുന്നതിന് മുന്‍പ് ഷെപ്പേര്‍ഡ് ബാരണ്‍ തന്റെ ഭാര്യ കരോലിനുമായി ചേര്‍ന്ന് മെഷീനില്‍ 6 അക്ക പിന്‍കോഡ് പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 6 അക്കങ്ങള്‍ ഓര്‍മിക്കാന്‍ കരോലിന് ബുദ്ധിമുട്ടാവുകയും 4 അക്കങ്ങള്‍ മാത്രമേ തനിക്ക് എളുപ്പത്തില്‍ ഓര്‍മിക്കാന്‍ കഴിയുന്നുള്ളൂ എന്നും അവര്‍ പറഞ്ഞു. അങ്ങനെ ഭാര്യയുടെ നിര്‍ദ്ദേശം ഗൗരവകരമായി എടുത്ത ഷെപ്പേര്‍ഡ് ബാരണ്‍ എടിഎം പിന്നിന്റെ നീളം ആറില്‍ നിന്ന് നാലായി കുറച്ചു. ഉപയോക്താക്കള്‍ക്ക് ഓര്‍മ്മിക്കാന്‍ എളുപ്പമാണെങ്കില്‍ അത് സിസ്റ്റത്തെ കൂടുതല്‍ പ്രായോഗികമാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. കാലക്രമേണ 4 അക്ക പിന്‍കോഡ് ആഗോള നിലവാരത്തിലുള്ളതായി മാറുകയും ചെയ്തു.
എടിഎമ്മിന് 4 അക്ക പിന് നമ്പര്‍ നല്‍കിയതിന് പിന്നില്‍ ശാസ്ത്രീയമായ ഒരു വിശദീകരണവും ഉണ്ട്. മനഃശാസ്ത്രജ്ഞനായ ജോര്‍ജ്ജ് എ. മില്ലറുടെ ഹ്രസ്വകാല മെമ്മറി ഗവേഷണ പ്രകാരം ഒരു ശരാശരി വ്യക്തിക്ക് ഒരേസമയം അവരുടെ ഹ്രസ്വകാല മെമ്മറിയില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ വിവരങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ കഴിയൂ. ഒരു നാലക്ക നമ്പര്‍ ആ പരിധിക്കുള്ളില്‍ സുഖകരമായി യോജിക്കുന്നു. ഇത് ആളുകള്‍ക്ക് അത് എഴുതാതെ തന്നെ ഓര്‍മ്മിക്കാന്‍ എളുപ്പമാക്കുന്നു.
നാല് അക്ക പിന് നമ്പര്‍ ഉപയോഗിച്ച് 0000 മുതല്‍ 9999 വരെയുള്ള 10,000 സാധ്യമായ കോമ്പിനേഷനുകള്‍ സൃഷ്ടിക്കപ്പെടുന്നു. അതായത് ഒറ്റ ശ്രമത്തില്‍ പിന് നമ്പര്‍ ശരിയായി ഊഹിക്കാനുള്ള സാധ്യത 10,000 ല്‍ ഒന്ന് മാത്രമാണ്. മൂന്ന് പ്രാവശ്യം തെറ്റായ പിന് നമ്പറുകള്‍ നല്‍കിയതിന് ശേഷം മിക്ക ബാങ്കുകളും കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്യുന്നതിനാല്‍ സുരക്ഷ കൂടുതല്‍ ശക്തമാണ്. ഇത് തട്ടിപ്പുകാര്‍ക്ക് ക്രമരഹിതമായ ഊഹങ്ങളിലൂടെ ആക്സസ് നേടുന്നത് വളരെ ബുദ്ധിമുട്ടാക്കുന്നു.
ബാങ്കിംഗ് സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ചില അന്താരാഷ്ട്ര ബാങ്കുകള്‍ മറ്റൊരു സുരക്ഷാ സംവിധാനം കൂടി ചേര്‍ക്കുന്നതിനായി നിര്‍ബന്ധിത ആറ് അക്ക പിന് കോഡുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഫോര്‍മാറ്റ് നാല് അക്ക പിന് കോഡാണ്.
Content Highlights : Why does an ATM PIN have four digits? There is an interesting story behind it.