

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുക എന്നത് ഏതൊരു പർവ്വതാരോഹകന്റെയും ചിരകാല സ്വപ്നമാണ്. എന്നാൽ എവറസ്റ്റ് കൊടുമുടി കയറുക എന്നത് ഏറെ സാഹസങ്ങൾ നിറഞ്ഞ ദൗത്യമാണ്.
ഏറെ പ്രയാസം എന്ന് നിർവചിക്കപ്പെട്ട ഈ പർവ്വതാരോഹണം നടത്തി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് റുസ്തം നബീവ് (Rustam Nabiev) എന്ന മുൻ റഷ്യൻ സൈനികൻ. ഒരു പട്ടാളക്കാരൻ പർവ്വതാരോഹണം നടത്തുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എന്നാൽ റുസ്തം നബീവ് ഒരു സാധാരണ പട്ടാളക്കാരനല്ല. വിധിയുടെ ക്രൂരതയാൽ രണ്ടു കാലുകളും നഷ്ടപ്പെട്ട വ്യക്തിയാണ്.
തളരാത്ത മനസ്സും കൈകളുടെ കരുത്തും മാത്രം കൈമുതലാക്കി കൃത്രിമ കാലുകൾ പോലും ഉപയോഗിക്കാതെയാണ് റുസ്തം നബീവ് ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ഇങ്ങനെ കൈകൾ മാത്രം ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയെന്ന ചരിത്ര റെക്കോർഡാണ് റുസ്തം നബീവ് സ്വന്തമാക്കിയിരിക്കുന്നത്.

വിധി കവർന്ന കാലുകൾ
2015ൽ ആയിരുന്നു റുസ്തം നബീവിന്റെ ജീവിതം മാറ്റിമറിച്ച ആ ദുരന്തം സംഭവിച്ചത്. റഷ്യയിലെ ഓംസ്കിൽ സൈനിക ബാരക്കുകൾ തകർന്നുവീണപ്പോൾ ഏഴു മണിക്കൂറിലധികം അവശിഷ്ടങ്ങൾക്കിടയിൽ റുസ്തം കുടുങ്ങിക്കിടന്നു. അന്ന് ജീവൻ തിരികെ കിട്ടിയെങ്കിലും മുട്ടിനു താഴെ വെച്ച് രണ്ടു കാലുകളും മുറിച്ചുമാറ്റേണ്ടി വന്നു. എങ്കിലും റുസ്തം നബീവ് തളർന്നില്ല. അയാൾ അധികം വൈകാതെ ഒരു പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ചു.
കൂട്ടിന് മനക്കരുത്ത് മാത്രം
ഇരു കാലുകളും നഷ്ടപെട്ട റുസ്തം നബീവ് തന്റെ ശാരീരിക സ്ഥിതി ഒരു പരിമിതിയായി കാണാതെ പർവ്വതാരോഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ചെറിയ മലകൾ കീഴടക്കിയ ആത്മവിശ്വാസത്തിൽ നിന്നും ആർജവം ഉൾക്കൊണ്ട് റുസ്തം നബീവ് വലിയ മലകൾ കീഴടക്കാൻ തുടങ്ങി. ഏറ്റവും ഒടുവിലായി എവറസ്റ്റ് കൊടുമുടിയും.
തന്റെ മുപ്പത്തിനാലാം ജന്മദിനത്തിലാണ് റുസ്തം ഈ എവറസ്റ്റ് ദൗത്യത്തിന് തുടക്കം കുറിച്ചത്. സാധാരണ പർവ്വതാരോഹകർ മൂന്നോ നാലോ ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുന്ന എവറസ്റ്റിന്റെ അവസാന ഘട്ടം (Summit push), അതികഠിനമായ പ്രയത്നത്തിലൂടെ ഏഴു ദിവസങ്ങളെടുത്താണ് റുസ്തം പൂർത്തിയാക്കിയത്. സമുദ്രനിരപ്പിൽ നിന്നും 8,848.86 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിക്ക് മുകളിൽ, 2026 മെയ് 20ന് നേപ്പാൾ സമയം രാവിലെ 8:16ന് ആണ് റുസ്തം ആ ചരിത്രം കുറിച്ചത്.
രണ്ട് ഐസ് കോടാലികൾ (Ice Axes) മാത്രം കൈകളിലേന്തി, തന്റെ ശരീരഭാരം മുഴുവൻ കൈകളിലേക്ക് ആവാഹിച്ചായിരുന്നു ആ യാത്ര. കഠിനമായ തണുപ്പും ഓക്സിജൻ കുറഞ്ഞ അന്തരീക്ഷവും കടന്ന്, വിറങ്ങലിക്കുന്ന ഖുംബു ഐസ്ഫാളിന് (Khumbu Icefall) മുകളിലെ ഇരുമ്പ് ഏണികളിലൂടെ കൈകൾ മാത്രം ഉപയോഗിച്ച് അദ്ദേഹം ശരീരം മുകളിലേക്ക് വലിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചു.
എവറസ്റ്റിന്റെ നെറുകയിൽ വിജയക്കൊടി പാറിച്ച ശേഷം റുസ്തം ഒരു പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ഒരു വീഴ്ചയ്ക്ക് ശേഷം ജീവിതം അവസാനിച്ചു എന്ന് കരുതുന്നവർക്കായി… റുസ്തം നബീവ്, എവറസ്റ്റ് 2026
എവറസ്റ്റ് കൊടുമുടി കീഴടക്കി താഴെ തിരിച്ചെത്തിയ ശേഷം റുസ്തം പങ്കുവെച്ച വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു:
എന്നെ കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കുമായി ഈ വിജയം ഞാൻ സമർപ്പിക്കുന്നു. എന്റെ ഈ പ്രവൃത്തിയിലൂടെ ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ; നിങ്ങളിൽ ജീവനുള്ളിടത്തോളം കാലം, പോരാടുക! അവസാനം വരെ പോരാടുക! അതിന് തീർച്ചയായും ഫലമുണ്ടാകും!
ലക്ഷ്യം 'Seven Summits'
റുസ്തം നബീവിന്റെ പർവ്വതാരോഹണം ഇവിടെ അവസാനിക്കുന്നില്ല. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക (Seven Summits) എന്ന ലക്ഷ്യത്തിലേക്കാണ് റുസ്തം ഇപ്പോൾ നീങ്ങുന്നത്. അതിൽ നാല് കൊടുമുടികൾ; യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ്, തെക്കേ അമേരിക്കയിലെ അകോൻകാഗ്വ, ആഫ്രിക്കയിലെ കിളിമഞ്ചാരോ തുടങ്ങിയവ റുസ്തം ഇതിനോടകം കീഴടക്കി കഴിഞ്ഞു. ഇനി ബാക്കിയുള്ളത് മൂന്ന് കൊടുമുടികൾ മാത്രം. എവറസ്റ്റിന് ശേഷം അന്റാർട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ വിൻസൺ മാസിഫ് കീഴടക്കാൻ ഒരുങ്ങുകയാണ് റുസ്തം നബീവ്.
അംഗപരിമിതിയുള്ളവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നാണ് റുസ്തം ആഗ്രഹിക്കുന്നത്. തങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരല്ലെന്നും, തുല്യതയും ബഹുമാനവുമാണ് ആഗ്രഹിക്കുന്നതെന്നും റുസ്തം നബീവ് പറയുന്നു. അസാധ്യമായി ഒന്നുമില്ലെന്നും, പരിമിതികൾ ശരീരത്തിനല്ല മനസ്സിലാണെന്നും തെളിയിക്കുകയാണ് റുസ്തം നബീവ്.
Content highlight: Rustam Nabiev became the first double amputee to climb Mount Everest relying solely on his hands and ice axes.