ബ്ലേഡുകളുടെ നടുവിലെ ദ്വാരത്തിന് പിന്നില്‍; വര്‍ഷങ്ങളായി ഒരേ ഡിസൈന്‍; ആ രഹസ്യം ഇതാണ്

125 വര്‍ഷങ്ങളായി ഒരേ ഡിസൈനില്‍ത്തന്നെയാണ് ബ്ലേഡുകള്‍ നിര്‍മ്മിക്കുന്നത്

ലോകത്ത് എവിടെയായാലും ബ്ലേഡിന് ഒരേ ഡിസൈന്‍ തന്നെയാണ്. നടുവില്‍ ദ്വാരമുള്ള.. ഇരുവശത്തും മൂര്‍ച്ചയുള്ള.. ബ്ലേഡിന്റെ ഡിസൈന്‍ വര്‍ഷങ്ങളായി ഒരുപോലെതന്നെയാണ്. ഏകദേശം 125 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ആദ്യകാല ബ്ലേഡുകളില്‍പോലും ഈ ഡിസൈന്‍ ഇതുപോലെ തന്നെ. ബ്ലേഡ് ഇത്തരത്തില്‍ ഡിസൈന്‍ ചെയ്തതിന് പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്.

അത് അറിയണമെങ്കില്‍ ബ്ലേഡുണ്ടായതുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്ക് പോകേണ്ടതുണ്ട്.

1901 ല്‍ വില്യം നിക്കേഴ്‌സന്റെ സഹായത്തോടെ ഗില്ലറ്റ് കമ്പനി സ്ഥാപകന്‍ കിംഗ് ക്യാമ്പ് ഗില്ലറ്റ് ആണ് ബ്ലേഡ് ആദ്യമായി നിര്‍മ്മിച്ചത്. ആ വര്‍ഷംതന്നെ ഗില്ലറ്റ് ബ്ലേഡിന് പേറ്റന്റ് നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1904ല്‍ ബ്ലേഡിന്റെ ഉത്പാദനം ആരംഭിച്ചു. ആ വര്‍ഷം ഏകദേശം 165 ബ്ലേഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ഷേവ് ചെയ്യുക എന്നുള്ളതല്ലാതെ ബ്ലേഡിന് മറ്റൊരു ഉപയോഗവും ഇല്ലായിരുന്നു. അതുകൊണ്ട് ഷേവ് ചെയ്യുന്ന റേസറില്‍ യോജിക്കുന്ന തരത്തിലുളള മൂന്ന് ദ്വാരങ്ങള്‍ ഉള്ള രീതിയിലാണ് ബ്ലേഡ് രൂപകല്‍പ്പന ചെയ്തിരുന്നത്. അക്കാലത്ത് ഗില്ലറ്റ് മാത്രമാണ് ഷേവിംഗ് ബ്ലേഡുകള്‍ നിര്‍മ്മിച്ചിരുന്നത്. പിന്നീട് പല കമ്പനികളും ബ്ലേഡുകളുടെ നിര്‍മ്മാണത്തിലേക്ക് കടന്നുവന്നെങ്കിലും ഗില്ലറ്റ്, ബ്ലേഡുകളുടെ പ്രധാന നിര്‍മ്മാതാവായി തുടരുന്നു.

ബ്ലേഡുകളിലെ ദ്വാരം സ്റ്റാന്‍ഡേര്‍ഡൈസേഷനുമായിക്കൂടി ബന്ധപ്പെട്ടുള്ളതാണ്. ഷേവ് ചെയ്യാനായി തയ്യാറാക്കിയ വിവിധ ബ്രാന്‍ഡുകളിലുളള റേസറുകള്‍ക്ക് ഒരേ ഡിസൈനിലുള്ള ബ്ലേഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നത് ഒരേ പോലെയുള്ള ഈ ഡിസൈന്‍ കൊണ്ടാണ്. അതായത് നിങ്ങള്‍ ഏത് ബ്രാന്‍ഡിന്റെ ബ്ലേഡ് വാങ്ങിയാലും അത് ഏത് തരം റേസറുകളിലും അത് ഉപയോഗിക്കാന്‍ സാധിക്കും. ഈ യൂണിഫോം ഡിസൈന്‍ ബിസിനസ് തന്ത്രത്തിന്റെ ഭാഗം കൂടിയാണ്. ഈ സ്റ്റാന്‍ഡേര്‍ഡ് ദ്വാരം വ്യവസായത്തില്‍ ഒരു പൊതു മാതൃകയായി മാറി. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനും, കമ്പനികള്‍ക്ക് വലിയ വിപണി കൈവശം വയ്ക്കാനും സാധിച്ചു.

ഇന്ന് ബ്ലേഡുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷേ അതിന്റെ ഡിസൈന്‍ അങ്ങനെതന്നെ തുടരുകയും ചെയ്തു. ഇന്ന് പ്രതിദിനം ഏകദേശം 1 ദശലക്ഷം ബ്ലേഡുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഇവയെല്ലാം ഒരേ രൂപത്തിലാണ്.

Content Highlights :Behind the hole in the middle of the blades. The blades have been made with the same design for 125 years.

To advertise here,contact us