മമ്മികൾക്കും പാസ്പോർട്ടോ? എന്തൊരു മണ്ടൻ ചോദ്യം എന്ന് ആരും ചിന്തിക്കേണ്ട. ചോദ്യത്തിൽ ചെറിയൊരു കാര്യമൊക്കെ ഉണ്ട്. സംഭവം നടക്കുന്നത് 1974ലാണ്. അന്ന് ഈജിപ്തില് 3000 വർഷം മുൻപ് ജീവിച്ച് മരിച്ച ഫറവോ രാജാവായ റാമസീസ് രണ്ടാമന്റെ പാസ്പോർട്ട് ഉണ്ടാക്കി. മരിച്ചുപോയ ഒരു മനുഷ്യന് എന്തിനാണ് പാസ്പോർട്ട്? ഈ ചോദ്യമല്ലേ ഇപ്പോൾ മനസ്സിൽ ഉയരുന്നത്? അതിന് കാരണം ഫ്രാൻസിൽ നിലനിന്നിരുന്ന ഒരു നിയമമായിരുന്നു? എന്തായിരിക്കും അന്ന് ഈജിപ്തും ഫ്രാൻസും തമ്മിൽ നിലനിന്നിരുന്ന കരാർ?
മമ്മികളുടെ നാടാണ് ഈജിപ്ത്. രാജ്യം ഭരിച്ച ഒട്ടുമിക്ക രാജാക്കന്മാരുടെയും ഭൗതീകാവശിഷ്ടങ്ങൾ (മമ്മി) ഈജിപ്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗവേഷണ പഠനങ്ങൾക്കായി ഒട്ടനവധി ശാസ്ത്രജ്ഞർ ഇവിടം സന്ദർശിക്കാറുമുണ്ട്. 1974ൽ ഫ്രഞ്ച് ഫിസിഷ്യനായ മൗറീസ് ബെക്കൈൽ, ഈജിപ്ത് ഭരിച്ചിരുന്ന റാമസീസ് രണ്ടാമന്റെ മരണകാരണം കണ്ടെത്താൻ രാജാവിന്റെ മമ്മി പഠനവിധേയമാക്കി.
കെയ്റോയിലെ ഗവേഷണ പഠന മദ്ധ്യേ പ്രസ്തുത മമ്മിയുടെ അടിവശത്ത് പൂപ്പൽ ബാധിക്കാൻ തുടങ്ങിയതായി മൗറീസ് ബെക്കൈൽ കണ്ടെത്തി. മമ്മി ഫ്രാൻസിൽ എത്തിക്കുന്ന പക്ഷം ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചേക്കുമെന്ന് മൗറീസ് ബെക്കൈൽ ഈജിപ്ഷ്യൻ ഭരണകൂടത്തെ അറിയിച്ചു. എന്നാൽ ഈജിപ്ഷ്യൻ ഭരണകൂടത്തിന് അത് സ്വീകാര്യമായിരുന്നില്ല. ഈജിപ്തിന്റെ സംസ്കാരവും പാരമ്പര്യവും പൗരാണികതയും വിളിച്ചോതുന്ന മമ്മി മറ്റൊരു രാജ്യത്തേക്ക് കൊടുത്തുവിട്ടാൽ പ്രസ്തുത അമൂല്യ വസ്തു നഷ്ടമാകാൻ ഇടയാകുമോ എന്ന് ഈജിപ്ത് സംശയിച്ചു.
വിഷയത്തെ കുറിച്ച് ഫ്രാൻസിൽ ഉന്നതതല ചർച്ചകൾ നടന്നു. ശേഷം അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് വലേരി ഗിസ്കാർഡ് ഡി എസ്റ്റൈംഗ്, കെയ്റോ സന്ദർശിക്കാൻ ഇടയായി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ സംഘടിപ്പിച്ച സന്ദർശനത്തിൽ റാമസീസ് രണ്ടാമന്റെ മമ്മിയുടെ കാര്യവും ചർച്ച വിഷയമായി. ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ മമ്മി പൂർവ്വസ്ഥിതിയിലാക്കാൻ സഹായിക്കാമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ എൽ-സാദത്തിന് ഫ്രഞ്ച് പ്രസിഡന്റ് സഹായം വാഗ്ദാനം ചെയ്തു.
ഇരു രാജ്യങ്ങളും ആ ഉദ്യമം ഏറ്റെടുത്തു. പക്ഷെ അപ്പോഴും ഒരു ആശങ്ക ബാക്കിയായി. ഫ്രാൻസിലെ നിയമം അനുസരിച്ച് രാജ്യത്ത് പ്രവേശിക്കുന്ന ഏതൊരു വ്യക്തിക്കും പാസ്പോർട്ട് നിർബന്ധമായിരുന്നു. അതായത് ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഒരുപോലെ ഈ നിയമം ബാധകമായിരുന്നു എന്നാർത്ഥം. ഈ നിയമം നിലനിൽക്കുമ്പോൾ ഒരു രാജ്യത്തിന് വേണ്ടി മാത്രം ഇളവ് നല്കുന്നത് ഭാവിയിൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ഭയം ഫ്രാൻസിനും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാമസീസ് രണ്ടാമന്റെ പാസ്പോർട്ട് ഉണ്ടാക്കാൻ ഈജിപ്ഷ്യൻ ഭരണകൂടം തീരുമാനിച്ചത്.
1974ൽ നടന്ന സംഭവം എന്തുകൊണ്ട് ഇപ്പോൾ വാർത്തയാകുന്നു?
റാമസീസ് രണ്ടാമന്റെ പാസ്പോർട്ടിന്റെ ആദ്യ പേജ് എന്ന തരത്തിൽ ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 3000 വർഷം മുൻപ് മരിച്ചുപോയ ഒരു വ്യക്തിയുടെ പാസ്പോർട്ട് കാണാൻ സ്വാഭാവികമായും ആളുകൾക്ക് ആകാംക്ഷയുണ്ടാകും. പക്ഷെ ഈ ആകാംക്ഷക്കും അപ്പുറം കൗതുകമുണർത്തുന്ന ചില രസകരമായ കാര്യങ്ങളും റാമസീസ് രണ്ടാമന്റെ പാസ്പോർട്ടിൽ ഉണ്ടെന്നാണ് വാദം.
റാമസീസ് രണ്ടാമന്റേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന പാസ്പോർട്ടിന്റെ ചിത്രത്തിൽ കാണാൻ സാധിക്കുക പാസ്പോർട്ടിന്റെ ആദ്യ പേജാണ്. പ്രസ്തുത പേജിൽ വ്യക്തിയുടെ ഫോട്ടോയുടെ സ്ഥാനത്ത് റാമസീസ് രണ്ടാമന്റെ മമ്മിയുടെ മുഖമാണ് ഉള്ളത്. ആദ്യ പേജിലെ മറ്റ് വിവരങ്ങൾ:
Date of Birth : 1303 BCNationality : EgyptianSex : MDate of Issue : 09/03/1974Date of Expiry : 09/03/1981Profession : King (Deceased)
പാസ്പോർട്ടിലെ പ്രാഥമിക വിവരങ്ങളിൽ ഏറ്റവും കൗതുകകരമായത് ഉദ്യോഗത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്ന വാക്കുകളാണ്. King (Deceased) അതായത്, മരണപ്പെട്ട രാജാവ്. ഒരുപക്ഷെ ലോകത്ത് ആദ്യമായിട്ടാണ് മരണപ്പെട്ട രാജാവിനായി ഒരു പാസ്പോർട്ട് തയ്യാറാക്കുന്നത്. പാസ്പോർട്ടോടുകൂടി എത്തിയ ഈജിപ്ഷ്യൻ ഫറവോയുടെ മമ്മിയെ ഔദ്യോഗിക ബഹുമതികളോടെയാണ് ഫ്രാൻസ് വരവേറ്റത്. മമ്മിയെ ബാധിച്ച പൂപ്പൽ ബാധ പരിഹരിച്ച ശേഷം കെയ്റോയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
പ്രചരിക്കുന്ന ചിത്രം വ്യാജമോ?
റാമസീസ് രണ്ടാമന് വേണ്ടി ഒരു പാസ്പോർട്ട് തയ്യാറാക്കപ്പെട്ടിരുന്നു എന്നത് ഒരു യാഥാർഥ്യമാണെങ്കിലും പ്രസ്തുത പാസ്പോർട്ടിന്റെ ആദ്യ പേജ് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. പാസ്പോർട്ടിന്റെ യഥാർത്ഥ ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് 'ഹെരിറ്റേജ് ഡെയ് ലി' എന്ന ആർക്കിയോളജി വെബ്സൈറ്റിൽ കലാകാരൻമാർ വരച്ച ചിത്രമാണെന്നും അധികാരികൾ വ്യക്തമാക്കി.
Content Highlights: The reality behind the issue of passport for Ramsses ll by Egypt.