ഒരു മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും തീവ്രമായ വേദനകൾ ഏതെല്ലാമെന്ന് അറിയാമോ?

കാലിലെ ചെറുവിരൽ എവിടെയെങ്കിലും ഇടിക്കുമ്പോഴോ, തല എവിടെയെങ്കിലും തട്ടുമ്പോഴോ ഒക്കെയുള്ള അസഹനീയമായ വേദന തന്നെ പറഞ്ഞാൽ തീരില്ല

ഒരു മനുഷ്യൻ വേദന അറിഞ്ഞ് തുടങ്ങുന്ന ആ നിമിഷം, ചിലപ്പോൾ അത് മാനസികമായ വേദനയാകും മറ്റു ചിലപ്പോൾ ശാരീരികവും. കാലിലെ ചെറുവിരൽ എവിടെയെങ്കിലും ഇടിക്കുമ്പോഴോ, തല എവിടെയെങ്കിലും തട്ടുമ്പോഴോ ഒക്കെയുള്ള അസഹനീയമായ വേദന തന്നെ പറഞ്ഞാൽ തീരില്ല. അപ്പോൾ അതിലും മാരകവും തീവ്രവുമായി വേദന പല അസുഖങ്ങളും അവസ്ഥകളും മൂലം മനുഷ്യർക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലോ?

ഈ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന ആദ്യത്തെ കാരണം മൈഗ്രേനാണ്. പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ വരുന്ന ഈ അവസ്ഥയിൽ മാരകമായ വേദനയാണ് അനുഭവിക്കേണ്ടി വരിക. ഇത് നമ്മുടെ തലയെ മാത്രമല്ല ബാധിക്കുക. ഇത് മൂലം ഫോട്ടോഫോബിയ എന്ന അവസ്ഥയും ഉണ്ടാകും. അതായത് വെളിച്ചത്തോടു ഒരു തരം സെൻസിറ്റിവിറ്റിയെന്ന് പറയാം. മാത്രമല്ല തലകറക്കം, ഓക്കാനം, തരിപ്പ് എന്നിവയും അനുഭവപ്പെടാം. രണ്ടാമത്തേത്ത് റീനൽ കോളിക്ക് ആണ്. ഇത് ഒരു പരിധിവരെ സഹിക്കാൻ കഴിയുമെന്ന് നമ്മൾ ചിന്തിക്കും. ചില കേസുകളിൽ തീവ്രമായ വേദന ഉണ്ടായാൽ അടിയന്തര ചികിത്സ തന്നെ തേടേണ്ടി വരും. ഈ വേദനയുണ്ടായാൽ അതിന് കാരണം വൃക്കയിലെ അണുബാധയോ കല്ലോ ആകാം.

മസിൽ പെയിനാണ് മറ്റൊരു അസഹനീയമായ വേദന സമ്മാനിക്കുന്നത്. ശാരീരികമായുള്ള വ്യായാമം പരിധികടന്നാൽ, അതും മോശമായ രീതിയിലാണെങ്കിൽ ലിഗമെന്റുകളിലും പേശികളിലും നീർവീക്കം വരികയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. സന്ധിവാതം വന്നവർക്കറിയാം അതുമൂലമുള്ള വേദനയുടെ അളവ്. ശരീരത്തിൽ അമിതമായ അളവിൽ യൂറിക്ക് ആസിഡ് ഉണ്ടാവുമ്പോഴാണ് സന്ധിവാതം അനുഭവിക്കേണ്ടി വരുന്നത്. ഇതോടെ ജോയിന്റുകളിൽ വീക്കം ഉണ്ടാകും. നിങ്ങൾക്ക് ഇതുമൂലം അനങ്ങാൻ വയ്യാത്ത അവസ്ഥ ഉണ്ടാവില്ല, എന്നാൽ ഒരു ചെറിയ ചലനം പോലും ഉണ്ടാക്കുന്നത് അതികഠിനമായ വേദനയാകും.

ഇൻട്രാകാർനിയൽ ഹൈപ്പർടെൻഷനാണ് മറ്റൊരു അവസ്ഥ. തലയിലെ എന്തെങ്കിലും പ്രവർത്തനം ശരിയല്ലെങ്കിൽ തലച്ചോറ് സമ്മർദം ചെലുത്തുക നമ്മുടെ ക്രേനിയത്തിനാകും. ഇതോടെ ഈ വേദന മറ്റ് ഭാഗങ്ങളിലേക്ക് പടരും. ഹൃദയാഘാതമാണ് മറ്റൊന്ന്. വേദന സഹിക്കാൻ കഴിയാതെ നമ്മൾ വീണുപോകുന്ന അവസ്ഥവരെ എത്താം. പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതൽ കാണപ്പെടുന്നത്.

പ്രസവവേദനയുടെ തീവ്രതയെ കുറിച്ച് അമ്മമാരിൽ നിന്നും കേൾക്കാത്ത കുഞ്ഞുങ്ങളുണ്ടാവില്ല. സ്ത്രീകൾ അനുഭവിക്കുന്ന അതികഠിനമായ വേദനയാണിത്. നടുവേദന, കോണ്ട്രാക്ഷൻ, ഉത്കണ്ഠ എന്നിവയെല്ലാം ഈ സമയം സ്ത്രീകൾ അനുഭവിക്കാറുണ്ട്.

പൊള്ളലേറ്റാലും മാരകമായ വേദനയാണ് അനുഭവിക്കേണ്ടി വരിക. സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഡിഗ്രി പൊള്ളൽ ലോകത്തിലെ ഏറ്റവും ഭീകരമായ വേദന നൽകുന്ന അവസ്ഥയാണ്. പെട്ടെന്ന് ഈ വേദന ഇല്ലാതാക്കാൻ കഴിയില്ല. ഈ വേദനയൊന്ന് ശമിക്കാൻ ദീർഘനേരമെടുക്കും. ഈ പൊള്ളൽ പേശികളിലും ചിലപ്പോൾ എല്ലുകളിൽ പോലും ഏൽക്കാം.

ബുള്ളറ്റ് ആന്റ് എന്ന ഉറുമ്പിന്റെ കടിയേൽക്കുന്നതും തീവ്രമായ വേദന ഉണ്ടാവാൻ കാരണമാകും.

വലിയ സൂചി ഉപയോഗിച്ച് സെറിബ്രോസ്‌പൈനൽ ഫ്‌ളൂയിഡ് ശേഖരിക്കുന്ന ലുംബാർ പങ്ക്ചർ എന്ന രീതി ചെയ്യുമ്പോൾ തീവ്രമായ വേദനയാണ് അനുഭവിക്കേണ്ടി വരിക. മെനിഞ്ചിയൽ ഇൻഫെക്ഷൻ കണ്ടെത്താനാണ് ഈ പരിശോധന ഉപയോഗിക്കുന്നത്. മറ്റ് ന്യൂറോളജിക്കൽ അവസ്ഥകളെ കുറിച്ച് അറിയാനും ഇത് സഹായിക്കും. ഫൈബ്രോമയാൽജിയ എന്ന അവസ്ഥ പേശികളിലുണ്ടാകുന്ന വേദനയാണ്. തലവേദനയും നിരന്തമായ ക്ഷീണവും ഇതിനൊപ്പം ഉണ്ടാവും. നാലിലൊരാൾക്ക് ഒരു ജോലിയും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്ന ഈ അവസ്ഥ അത്ര സുഖകരമല്ലാത്ത വേദനയാണ് നൽകുന്നത്.

പ്രതിരോധ വ്യവസ്ഥ ദുർബലമാകുന്ന സാഹചര്യത്തിൽ ഉണ്ടാവുന്ന അവസ്ഥയാണ് ഷിംഗിൾസ്. വേദന ഉണ്ടാക്കുന്ന സ്‌കിൻ റാഷസാണ് ഈ അവസ്ഥയില്‍ ശരീരത്തിലുണ്ടാവുന്നത്. ഇത് ഏതെങ്കിലും ഒരു വശത്താകും. അല്ലെങ്കിൽ മുഖത്തോ നെഞ്ചിലോ പ്രത്യക്ഷപ്പെടാം. ഇവ ഉണ്ടാക്കുന്ന വേദനയും അസഹനീയമാണ്.

ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല, പല്ലുവേദന, വിഷമത്സ്യമായ സ്റ്റോൺഫിഷിന്റെ കുത്തേൽക്കുന്നത്, അപ്പൻഡിസൈറ്റിസ്, ട്രിഗ്മിനൽ ന്യൂറാൾജിയ, ഒരാളുടെ ചർമം മുറിഞ്ഞ്‌പോകുന്നതും നാഡികൾ വരെ ബാധിക്കപ്പെടുന്നതുമായ പൊള്ളലിന് സമാനമായ അബ്രാഷൻസ് എന്ന അവസ്ഥ തുടങ്ങി മാനസികമായ ഉണ്ടാകുന്ന വിഷമം ഉൾപ്പെടെ മനുഷ്യൻ അനുഭവിക്കുന്ന തീവ്രമായ വേദനകളിൽ ഉൾപ്പെടും.

Content Highlights: Certain medical conditions consistently rank as the most painful experiences reported by patients

To advertise here,contact us