എന്തുകൊണ്ടാണ് നിങ്ങളുടെ ടോയ്‌ലറ്റ് ഫ്‌ളഷിന് രണ്ട് ബട്ടനുകൾ എന്നറിയാമോ?

ഡ്യുവൽ ഫ്‌ളഷ് സിസ്റ്റമാണ് ഇന്നത്തെ ടോയ്‌ലറ്റുകളുടെ പ്രത്യേകത

ഒരു നൂറു തവണ നിങ്ങളുടെ ടോയ്‌ലറ്റ് ഫ്‌ളഷ് ബട്ടനിൽ രണ്ട് ബട്ടനുകൾ ഉള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഒരെണ്ണം വലുതും ഒരെണ്ണം ചെറുതുമായിരിക്കും. ആ സമയത്തെ ചിന്ത പോലെ ഏതിലാണോ പ്രസ് ചെയ്യാൻ തോന്നുന്നത് അത് ചെയ്യുകയാണ് പലരുടെ രീതി. എന്തിനാണ് ഈ രണ്ട് ബട്ടനുകൾ എന്ന് ചിന്തിച്ചിട്ടില്ലേ? ഇതൊരു ഫാൻസി ബാത്ത്‌റൂം ഡിസൈൻ ആണെന്ന് കരുതിയെങ്കിൽ തെറ്റി. നിങ്ങളുടെ ബാത്തൂറും അത്യാധുനിക സജ്ജീകരണത്തോടെയുള്ളതാണെന്ന് കാണിക്കാൻ വേണ്ടിയുമല്ല ഈ സംവിധാനം. നിങ്ങൾ വെള്ളം എങ്ങനെ ഉപയോഗിക്കണം എന്നതിനെ സൂചിപ്പിക്കുന്ന ഒരു രീതിയാണിത്.

ഡ്യുവൽ ഫ്‌ളഷ് സിസ്റ്റമാണ് ഇന്നത്തെ ടോയ്‌ലറ്റുകളുടെ പ്രത്യേകത. അതായത് ഫ്‌ളഷ് ചെയ്യാൻ രണ്ട് രീതികളുണ്ടെന്ന് അർത്ഥം. ഒരെണ്ണം കുറച്ച് അളവിൽ മാത്രം വെള്ളവും മറ്റൊന്നിൽ കൂടുതൽ അളവിലുമാകും വെള്ളം പുറത്ത് വരിക. ലിക്വിഡ് വേസ്റ്റ് ആണെങ്കിൽ കുറച്ച് വെള്ളം മതിയാകും ഫ്‌ളഷ് ചെയ്യാൻ ഇതിനായാണ് ചെറിയ ബട്ടൻ. വലിയ ബട്ടൻ ഉപയോഗിക്കേണ്ടത് സോളിഡ് വേസ്റ്റുകൾ ഫ്‌ളഷ് ചെയ്യാനായാണ്. വെള്ളം അനാവശ്യമായി ഫ്‌ളഷ് ചെയ്ത് കളയാതിരിക്കാനാണ് ഈ സംവിധാനം.

വീടുകളിൽ ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒന്നാണ് ഫ്‌ളഷ് ചെയ്യുന്നത്. സാധാരണയായി സിംഗിൾ ഫ്‌ളഷ് ടോയ്‌ലറ്റുകളിൽ ഒരു നിശ്ചിത അളവിലുള്ള വെള്ളമാകും ഫ്‌ളഷ് ചെയ്യാനായി ഉപയോഗിക്കുന്നത്. ഇത് 9 മുതൽ 12 ലിറ്റർ വരെയാകാം. ലിക്വിഡ് വേസ്റ്റുകൾക്കായി ഇത്രയേറെ വെള്ളത്തിന്റെ ആവശ്യമില്ല. ഡ്യുവൽ ഫ്‌ളഷ് ഈ പ്രശ്‌നം പരിഹരിക്കാനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ചെറിയ ഫ്‌ളഷിൽ ഏകദേശം മൂന്നു മുതൽ നാല് ലിറ്റർ വെള്ളമാകും പുറത്ത് പോവുക, അതേസമയം വലുതാണെങ്കിൽ അത് ആറു മുതൽ ഒമ്പത് ലിറ്റർ വരെയാകും. അപ്പോൾ യൂറിനേറ്റ് ചെയ്യാനാണ് നിങ്ങൾ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതെങ്കിൽ ചെറിയ ഫ്‌ളഷ് ഉപയോഗിക്കാൻ ശീലിക്കുക. ഇതുവഴി ലിറ്റർ കണക്കിന് വെള്ളമാണ് ലാഭിക്കാൻ കഴിയുക.

വീടുകളിൽ പ്രതിവർഷം ഡ്യുവൽ ഫ്‌ളഷ് കൃത്യമായി ഉപയോഗിക്കുക വഴി ഇരുപതിനായിരം ലിറ്റർ വെള്ളമാണ് സേവ് ചെയ്യാൻ കഴിയുക. ഇത് നൂറു ബാത്ത്റ്റബ് നിറയെയുള്ള വെള്ളം സേവ് ചെയ്യുന്നതിന് തുല്യമാണെന്നാണ് പറയുന്നത്. പരിസ്ഥിതി സൗഹാർദം എന്നതിനപ്പുറം വാട്ടർ ബില്ലുകൾ കുറയ്ക്കാനും ഇത് സഹായിക്കും. ഈ കണ്ടുപിടിത്തം വളരെ പുതിയതാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ഇത് പതിറ്റാണ്ടുകൾ മുമ്പ് തന്നെ നിലവിലുള്ള ഫ്‌ളഷിങ് രീതിയാണ്. വിക്ടർ പാപനേക്ക് എന്ന വ്യക്തിയാണ് ഈ കണ്ടുപിടിത്തതിന് പിന്നിൽ. 1980കളിൽ തന്നെ ആസ്‌ട്രേലിയയിൽ ഈ രീതി ഉപയോഗിച്ച് വന്നിരുന്നു.

Content Highlights: The dual flush system allows users to save water by offering two flushing options: a small flush for liquid waste and a larger flush for solid waste.

To advertise here,contact us