

ആശയവിനിമയത്തിനായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത് മണ്ഡപത്തിൽ നടന്ന ചോദ്യോത്തര വേളയിലാണ് മുൻ ഇന്റലിജൻസ് ആൻഡ് ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ ഡോവലിനോട് അദ്ദേഹം മൊബൈൽ ഫോണുകൾ ഉപയോഗിക്കാറില്ലെന്ന് കേൾക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉയർന്നത്.
താൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ലെന്നത് സത്യമാണെന്ന് പറഞ്ഞ അദ്ദേഹം കുടുംബപരമായ കാര്യങ്ങൾ സംബന്ധിച്ചോ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കേണ്ട സാഹചര്യത്തിലോ അല്ലാതെ ഫോണും ഉപയോഗിക്കാറില്ലെന്ന് ഡോവൽ വിശദീകരിച്ചു. തന്റെ ജോലിയെ അത്തരത്തിലാണ് കൈകാര്യം ചെയ്യുന്നത്. ആശയവിനിമയത്തിന് മറ്റ് പല വഴികളുണ്ട്. സാധാരണക്കാർക്ക് അറിയാത്ത പല വഴികളും ആശയവിനിമയത്തിനായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ നേടിയ ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞ യുവാക്കൾ ഭാഗ്യം ചെയ്തവരാണെന്നും ഡോവൽ പറഞ്ഞു. താൻ ജനിക്കുമ്പോൾ ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്നു. നമ്മുടെ പൂർവികർ സ്വാതന്ത്ര്യത്തിനായി പല സാഹചര്യങ്ങളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം സംസാരത്തിനിടെ പറഞ്ഞു.
താൻ ഫോൺ ഉപയോഗിക്കുന്നില്ലെന്ന വിവരം എങ്ങനെ അറിഞ്ഞുവെന്ന് തനിക്ക് മനസിലാക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഫോൺ ഉപയോഗിക്കാതെ എങ്ങനെയാണ് തന്റെ ദിനചര്യകൾ നടത്തുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. 1945ൽ ഉത്തരാഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. 1968ൽ ഐപിഎസ് ഉദ്യോഗസ്ഥനായി. ധീരതയ്ക്ക് കീർത്തിചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. മിസോറാം, പഞ്ചാബ്, വടക്ക് കിഴക്കൻ പ്രദേശങ്ങൾ എന്നിവടങ്ങളിലെ നിഴഞ്ഞുകയറ്റങ്ങൾക്ക് എതിരെ ശക്തമായ പ്രതിരോധം തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
Content Highlights:National Security Advisor Ajit Doval has revealed that he does notuse phones or the internet