എന്തിനും ഏതിനും പണം മുടക്കാൻ നോക്കിയിരിക്കുന്നവർക്ക് സജസ്റ്റ് ചെയ്യാൻ പറ്റിയൊരു ഉത്പന്നമാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്ന ഏഴ് കോടിയുടെ മെത്ത. സ്വീഡിഷ് മെത്ത നിർമാതാക്കളായ ഹേസന്റെ മെത്തയ്ക്ക് എന്തുകൊണ്ടാകും ഇത്രയും തീപിടിച്ച വില. പല വിലകളിലുള്ള മെത്ത ഇവർ നിർമിക്കുന്നുണ്ടെങ്കിലും ഏറ്റവും വില കൂടിയ മെത്തകൾക്ക് ഏഴു മുതൽ പത്തു കോടി വരെയാണ് വില. അതായത് ഒരു അപ്പാർട്ട്മെന്റ് വാങ്ങേണ്ട തുകയാണ് മെത്തയ്ക്ക്. ഉറക്കവും ഒരു നിക്ഷേപമായി മാറിയിരിക്കുന്നു എന്ന വിശ്വാസം, ദീർഘകാലം ഉപയോഗിക്കാം എന്ന മേന്മയ്ക്ക് പുറമേ മറ്റ് പല പ്രത്യേകതകളും ഹേസന്റെ മെത്തയുടെ വിലയെ സ്വാധീനിക്കുന്നുണ്ട്. 1852ലാണ് സ്വീഡനിൽ ഹേസൻ സ്ഥാപിക്കപ്പെടുന്നത്. ലക്ഷ്വറി ബ്രാൻഡായിട്ടല്ലായിരുന്നു ഇവരുടെ തുടക്കം.
കുതിരകൾക്ക് വേണ്ടി ഹാർനെസും തുകൽ വസ്തുക്കളും നിർമിക്കാനാണ് ഇവർ ആരംഭിച്ചത്. വർഷങ്ങൾ പോയതോടെ ഇവർ മെത്തകൾ ഉണ്ടാക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. പക്ഷേ ഇവ നിർമിക്കുന്ന സാമഗ്രഹികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. എല്ലാം പ്രകൃതിദത്തമായിരിക്കണം, ദീർഘകാലം ഈട് നിക്കുന്നതാകണം എന്നിങ്ങനെയുള്ള തീരുമാനം തന്നെയാണ് അവരുടെ വിജയത്തിന് കാരണമായത്. ആറു തലമുറകൾക്കിപ്പുറവും ഹേസൻ അവരുടെ ഓരോ മെത്തയ്ക്കും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ മാറ്റം വന്നിട്ടില്ല.
ഹോഴ്സ് ഹെയർ, പഞ്ഞി, കമ്പിളി, ഫ്ളാക്സ്, പൈൻ തുടങ്ങിയവയാണ് ഇതിലുള്ളത്. രാസവസ്തുക്കളുമായി ബന്ധപ്പെട്ട ഒരു പ്രക്രിയയും ഇവിടെ ഉണ്ടാകുന്നുമില്ല. മെത്തകളിൽ ഒന്നാമൻ ഗ്രാൻഡ് വിവിഡസ് ആണ്. 320 മണിക്കൂർ സമയമെടുത്താണ് ഈ മെത്ത നിർമിക്കുന്നത്. ഇരുന്നൂറു കിലോഗ്രാമോളം പ്രകൃതിദത്തമായ സാമഗ്രഹികളാണ് ഇതിൽ ഉപയോഗിക്കുന്നത്. കസ്റ്റമൈസേഷൻ അനുസരിച്ച് ആഗോള തലത്തിൽ ഈ മെത്തയുടെ വില ഒരു മില്യൺ ഡോളറിലും കൂടും.
ക്രാഫ്സ്റ്റ്മാൻഷിപ്പും ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുമെന്ന രണ്ട് മേന്മകൾ ചൂണ്ടിക്കാട്ടിയാണ് ഇവയുടെ വിലയെ കുറിച്ച് ഹേസൻ വാദിക്കുന്നത്. ഓരോ മെത്തയും കൈ കൊണ്ടാണ് തുന്നിയെടുക്കുന്നത്. ഇത് അമ്പത് വർഷത്തോളം ഒരു പ്രശ്നവുമില്ലാതെ ഉപയോഗിക്കാം. ഇവയുടെ ആന്തരിക പാളികൾ ചീത്തയായാലും വീണ്ടും റീഡേക്കറേറ്റ് ചെയ്യാൻ കഴിയും. 25 വർഷത്തെ വാറണ്ടിയാണ് കമ്പനി നൽകുന്നത്. പ്രൊഫണൽ മെയിന്റനെൻസ് സർവീസും കമ്പനി നൽകുന്നുണ്ട്.
നമ്മുടെ നട്ടെല്ലിന് സുരക്ഷിതമായ, സമ്മർദം കുറയ്ക്കുന്ന, താപനില പോലും നിയന്ത്രിക്കാൻ കഴിയുന്ന മെത്തകളാണ് ഇവയെന്നാണ് പറയുന്നത്. മെത്ത ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോഴ്സ് ഹെയർ ചൂടിനെ പിടിച്ചുവയ്ക്കുന്നവയല്ല, മാത്രമല്ല ഈർപ്പം നീരാവിയായി പോകാൻ സഹായിക്കുന്നവയാണ്.
കനേഡിയൻ റാപ്പർ ഡ്രേക്കാണ് ആദ്യമായി ഗ്രാൻഡ് വിവിഡസ് സ്വന്തമാക്കിയതെന്നാണ് പറയുന്നത്. ബിയോൺസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഒപേറ വിൻഫ്രേ, ടോം ക്രൂയിസ്, മരിയ ഷറപ്പോവ എന്നിവരാണ് ഈ ബ്രാൻഡ് ഏറെ പ്രിയമുള്ള സെലിബ്രിറ്റീസ്. 2008ലാണ് ഹേസന് ഇന്ത്യൻ വിപണയിലെത്തുന്നത്. ഏഷ്യൻ വിപണികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹൈദരാബാദിലാണ് ഇവർ ആദ്യ സ്റ്റോർ തുറന്നത്.
Content Highlights: the mattress worth 7 crore bought by many celebrities