നവംബർ മാസത്തിൽ ഏറ്റവും മോശം വായു ഗുണനിലവാരം ഉണ്ടായിരുന്ന ഇന്ത്യയിലെ നഗരം യുപിയിലെ ഗാസിയാബാദാണെന്ന് റിപ്പോർട്ട്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീന് എയർ പുറത്തുവിട്ട റിപ്പോർട്ടിലാണ് നവംബറിൽ മുപ്പത് ദിവസവും ഏറ്റവും മോശം വായു ഗുണനിലവാരമാണ് ഗാസിയാബാദില് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നത്. ഏറ്റവും മലിനമായ വായുവുള്ള നഗരകേന്ദ്രങ്ങളുടെ പട്ടികയിൽ ഗാസിയാബാദിന് പിന്നാലെ നോയിഡ, ബഹാദൂർഘർ, ദില്ലി, ഹാപൂർ, ഗ്രേറ്റർ നോയിഡ, ഭാഗ്പത്ത്. സോനിപത്, മീററ്റ്, റോഹ്ത്തക്ക് എന്നിവയാണ്. പട്ടികയിലെ ആറിടങ്ങൾ യുപിയിലും മൂന്നിടങ്ങൾ ഹരിയാനയിലുമാണ്.
ഗാസിയാബാദ് കഴിഞ്ഞ മാസം മുഴുവന് ദിവസങ്ങളിലും ഏറ്റവും മോശം വായുവുള്ള നഗരമായപ്പോൾ ദില്ലയിൽ ഏറ്റവും മോശം വായു ഉണ്ടായിരുന്നത് 23 ദിവസങ്ങളിലാണ്. ആറു ദിവസം ഏറ്റവും ഗുരുതരമായ രീതിയിലും ഒരു ദിവസം മോശം നിലവാരവുമാണ് ദില്ലിയില് രേഖപ്പെടുത്തിയത്.
ദില്ലിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്ന വൈക്കോൽ കത്തിക്കലിന്റെ തോത് കുറഞ്ഞതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷത്തെ 20 ശതമാനത്തിൽ നിന്നും ഇത്തവണ 7 ശതമാനത്തിലേക്കാണ് വൈക്കോൽ കത്തിക്കുന്നതിന്റെ അളവ് കുറഞ്ഞത്. ബഹാദുർഘർ ഒഴികെ മറ്റൊരിടത്തും ഒരു ദിവസം പോലും സുരക്ഷിതമായ വായു ഗുണനിലവാരം രേഖപ്പെടുത്തിയിട്ടില്ല.
ഗതാഗതം, വ്യവസായം, പവർ പ്ലാന്റുകൾ, തീയിടലുകൾ എന്നിവയെല്ലാം വായു ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്.
വായു മലിനീകരണം നിരവധി സംസ്ഥാനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നഗരങ്ങളുള്ളത്. 34 നഗരങ്ങളിൽ 24 ഇടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിൽ 25 പ്രദേശങ്ങലിൽ 22എണ്ണം, യുപിയിലെ 20ഇടങ്ങളിൽ 14എണ്ണവും വായുഗുണനിലവാരത്തിൽ പിന്നിലാണ്. മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കാര്യം വ്യത്യസ്തമല്ല.
മേഘാലയിലെ ഷില്ലോങ്ങിലാണ് മലിനീകരണം ഏറ്റവും കുറവ്. വൃത്തിയുള്ള നഗരങ്ങളുടെ ലിസ്റ്റിൽ കർണാടകയിലെ ആറ് നഗരങ്ങൾ, കേരളം, തമിഴ്നാട്, സിക്കിം എന്നിവിടങ്ങളിലെ ഓരോ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
Content Highlights: Most polluted Cities in November list is out