സാധാരണക്കാരന് തിരിച്ചടി; രാജ്യത്ത് പണപ്പെരുപ്പം കുതിക്കുന്നു, വിപണിയിൽ വിലക്കയറ്റ ഭീതി

അതേസമയം, ഇന്ധനം, ഊര്‍ജം തുടങ്ങിയവയുടെ വിലയില്‍ കുറവ് തുടരുകയാണ്

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഡിസംബറിലെ 0.83% ല്‍ നിന്ന് ജനുവരിയിലിത് 1.81 ശതമാനമായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. പണപ്പെരുപ്പം ഉയരുന്നത് മൊത്ത വിപണിയില്‍ സാധനങ്ങളുടെ വില വര്‍ധിക്കുന്നതിനെ സൂചിപ്പിക്കുന്നു.

അടിസ്ഥാന ലോഹങ്ങള്‍, മറ്റ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലെ ഉയര്‍ന്ന വിലയാണ് ജനുവരിയിലെ പണപ്പെരുപ്പ നിരക്കിന് പ്രധാനമായും കാരണമായത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, 2026 ജനുവരിയിലെ മൊത്തവില സൂചിക 1.81 ശതമാനം കൂടുതലാണ്. എല്ലാ സാധനങ്ങളുടെയും വിലനിലവാരം കാണിക്കുന്ന സൂചിക ഡിസംബറില്‍ 157.0 ആയിരുന്നത് ജനുവരിയില്‍ 157.8 ആയി വര്‍ധിച്ചു. ഭക്ഷ്യവിലക്കയറ്റം ജനുവരിയില്‍ 1.41% ആയി ഉയര്‍ന്നു. ഡിസംബറിലിത് 0.00 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ വര്‍ധിക്കുമെന്ന് റോയിട്ടേഴ്സ് സാമ്പത്തിക സര്‍വ്വേയില്‍ പ്രവചിച്ചിരുന്നു. ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പത്തിലും വര്‍ധന കാണാനാവുന്നുണ്ട്. ഇത് ജനുവരിയില്‍ 2.75% ആയി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ പണപ്പെരുപ്പം 2.73 ശതമാനവും നഗരപ്രദേശങ്ങളില്‍ 2.77 ശതമാനവുമായിരുന്നു.

ജനുവരിയില്‍ പച്ചക്കറി വിലയിലും വലിയ വര്‍ധന കാണാനാവുന്നുണ്ട്. ഉള്ളി വിലയില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.78% വര്‍ധനവ് ഉണ്ടായി. ഉരുളക്കിഴങ്ങ് വിലയില്‍ ഇടിവ് തുടരുന്നുണ്ടെങ്കിലും മറ്റെല്ലാ പചക്കറികളിലും വില വര്‍ധന പ്രകടമാണ്. എന്നാല്‍ ധാന്യവില തുടര്‍ച്ചയായ നാലാം മാസവും ഇടിവില്‍ തന്നെ തുടരുന്നത് സാധാരക്കാര്‍ക്ക് ആശ്വാസകരമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ വിലയെ അപേക്ഷിച്ച് 1.41% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരിയില്‍ പാല്‍ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.51% വര്‍ദ്ധിച്ചു.

പ്രധാന വിഭാഗങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍ നോക്കിയാല്‍, ഭക്ഷ്യവസ്തുക്കളും അസംസ്‌കൃത വസ്തുക്കളുമടങ്ങുന്ന പ്രാഥമിക ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ 2.21 ശതമാനമാണ് വാര്‍ഷിക വിലക്കയറ്റം. അതേസമയം, ഇന്ധനം, ഊര്‍ജം തുടങ്ങിയവയുടെ വിലയില്‍ കുറവ് തുടരുകയാണ്. ഈ മേഖലയില്‍ വില 4.01 ശതമാനം കുറഞ്ഞു. അതായത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനവില കുറവാണെന്ന് സാരം.

Content Highlights: India wholesale inflation at 9-month high of 1.81% in January

To advertise here,contact us