കഴിഞ്ഞ 14 മാസത്തിനിടെ സ്വർണവിലയിൽ ഉണ്ടായത് ഞെട്ടിക്കുന്ന കുതിപ്പ്. ഒരു പവന് സ്വർണത്തിന്റെ വില ലക്ഷം കടന്നപ്പോൾ തന്നെ ഇനി വില കുറയുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല് അതിന് വിരുദ്ധമായി വില തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഒരു പവന് 22 കാരറ്റ് സ്വർണത്തിന് ഇന്ന് മാത്രം 1560 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 108800 രൂപയിലേക്ക് എത്തി.
ഒരു ലക്ഷത്തിന് മുകളില് വില സ്ഥിരത കൈവരിച്ചതോടെ ഇനിയുള്ള കുതിപ്പ് 1.25 ലക്ഷത്തിലേക്കാണോയെന്ന ആശങ്കയും സാധാരണക്കാരായ സ്വർണാഭരണ പ്രേമികളില് ശക്തമായിരിക്കുകയാണ്. അതേസമയം മറുവശത്ത് സ്വർണത്തില് നിക്ഷേപിച്ചവരെ സംബന്ധിച്ച് വില വർധനവ് വലിയ ആശ്വാസമാണ് നല്കുന്നത്.
സ്വർണം ഓഹരി വിപണിയെ വളരെ മികച്ച രീതിയിൽ തന്നെ മറികടന്നിരിക്കുന്നുവെന്ന് കണക്കുകള് വ്യക്തമാക്കുന്നു. 2024-ൽ സ്വർണം ഏകദേശം 20 ശതമാനം നേട്ടം നൽകിയപ്പോൾ നിഫ്റ്റി വെറും 8.7 ശതമാനം മാത്രമേ മുന്നേറിയുള്ള. 2025 ഒക്ടോബർ പകുതിയില് 10 ഗ്രാം സ്വർണത്തിന്റെ വില 78000 രൂപയായിരുന്നതാണ് ഇപ്പോള് 1.33 ലക്ഷം രൂപ വരെ എത്തിയിരിക്കുന്നത്. അതായത് ഏകദേശം 70 ശതമാനം വർധന. 2024 ജൂലൈയിൽ 68,000 രൂപയായിരുന്ന 10 ഗ്രാം സ്വർണം 14 മാസത്തിനുള്ളിൽ 1.45 ലക്ഷം രൂപ വരെ എത്തി. മൊത്തം 132 ശതമാനത്തോളം കുതിപ്പാണ് ഉണ്ടായത്. ഫെബ്രുവരി 2024 മുതലുള്ള കണക്കാക്കിയാലും 100 ശതമാനത്തിലധികം വർധനയുണ്ട്.
സ്വർണ വിലയുടെ ഈ കുതിപ്പിന് പിന്നില് പ്രധാനമായും മൂന്ന് കാരണമാണുള്ളത്. അമേരിക്കയിലെ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും താരിഫ് നയങ്ങളും ആഗോള വ്യാപാര സംഘർഷങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക അസ്ഥിരതയാണ് ഏറ്റവും പ്രധാന കാരണം. ഇത് സ്വർണത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയില് കൂടുതൽ ആകർഷണീയമാക്കുന്നു. 2026-ൽ സാമ്പത്തിക മാന്ദ്യം വരാനുള്ള ആശങ്കയും സ്വർണത്തിന് പിന്തുണ നൽകുന്നു.
രണ്ടാമത്തെ കാരണം മിഡിൽ ഈസ്റ്റിലും ഇറാൻ, യെമൻ തുടങ്ങിയ പ്രദേശങ്ങളിലും തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ്. ഇത്തരം അസ്ഥിരതകളുടെ സമയത്ത് സമ്പത്ത് സംരക്ഷിക്കാൻ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് ചരിത്രപരമായുള്ള പ്രവണതയാണ്. വിപണിയിലെ FOMO (Fear Of Missing Out) മനോഭാവവും വില ഇനിയും ഉയരുമെന്ന് കണക്കുകൂട്ടിയുമുള്ള വാങ്ങലുകളുമാണ് വില കൂടാനുള്ള മൂന്നാമത്തെ കാരണം. എന്നാൽ ഈ പ്രവണത ദീർഘകാലം നിലനിൽക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വില ഇത്രയധികം ഉയന്നെങ്കിലും നിക്ഷേപ തന്ത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തരുതെന്നാണ് സാമ്പത്തിക വിദഗ്ധർ നല്കുന്ന മുന്നറിയിപ്പ്. മൊത്തം പോർട്ട്ഫോളിയോയിൽ 5 മുതൽ 10 ശതമാനം വരെ മാത്രം സ്വർണം നിലനിർത്തുന്നതാണ് ഉചിതം. അതായത് ഓഹരികളെ പൂർണമായി ഉപേക്ഷിച്ച് സ്വർണം വാങ്ങരുതെന്ന്. നല്ല ഓഹരികൾ വിറ്റ് സ്വർണം വാങ്ങുന്നത് ഒഴിവാക്കുന്നതായിരിക്കും ഉചിതം.
ഭാവിയിലും സ്വർണവില മേല്പ്പറഞ്ഞ മൂന്ന് ഘടകങ്ങളെ തുടർച്ചയെ ആശ്രയിച്ചിരിക്കും. അമേരിക്കൻ നയങ്ങളിൽ മാറ്റം വന്നാൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞാൽ, അല്ലെങ്കിൽ വിപണി മനോഭാവം പെട്ടെന്ന് മാറിയാൽ വില താഴാം. അതുകൊണ്ട് പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാതെ, ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തി സന്തുലിതവും വൈവിധ്യമാർന്നതുമായ നിക്ഷേപ സമീപനമാണ് ഏറ്റവും ബുദ്ധിപരമായതെന്നും വിദഗ്ധർ പറയുന്നു.
Content Highlights: Gold prices have risen by more than 132 percent over the past 14 months, marking a significant rally in the precious metal market