സ്വര്‍ണം-വെള്ളി വ്യാപാരം ഇനി ലാഭകരം; അധിക ചാര്‍ജുകള്‍ നീക്കി

സ്വർണത്തിലും വെള്ളിയിലുമുണ്ടായ തിരുത്തലിന് പിന്നാലെ, ഇരു എക്സ്ചേഞ്ചുകളും നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു

സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും അവധി വ്യാപാരം നടത്തുന്നവര്‍ക്ക് ഇനി മുതല്‍ ചിലവ് കുറയും. പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ MCX ഉം NSE യും സ്വര്‍ണ്ണത്തിനും വെള്ളിക്കും ഏര്‍പ്പെടുത്തിയിരുന്ന അധിക 'മാര്‍ജിന്‍' തുക പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 19 മുതലാണ് ഈ മാറ്റം നിലവില്‍ വരുന്നത്.

എന്താണ് മാര്‍ജിന്‍ തുക?

സാധാരണയായി ഇത്തരം വ്യാപാരങ്ങളില്‍ ഒരു നിശ്ചിത തുക കെട്ടിവെക്കേണ്ടതുണ്ട്. വിപണിയില്‍ വലിയ വിലക്കയറ്റമോ ഇറക്കമോ ഉണ്ടാകുമ്പോള്‍ അപകട സാധ്യത കുറയ്ക്കാനായി ബാങ്കുകള്‍ ഈ തുക കൂട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ കണക്കിലെടുത്ത് ഈ അധിക തുക ഒഴിവാക്കി.

സ്വര്‍ണ്ണത്തിന് നേരത്തെ ഉണ്ടായിരുന്ന 3% അധിക മാര്‍ജിന്‍ ഒഴിവാക്കി. വെള്ളിക്ക് 7% അധിക മാര്‍ജിന്‍ ഒഴിവാക്കി.

ഇതുകൊണ്ട് വ്യാപാരികള്‍ക്ക് എന്താണ് മെച്ചം?

വ്യാപാരം നടത്താന്‍ കൈവശം കുറഞ്ഞ പണം മതിയെന്നത് ചെറിയ നിക്ഷേപകര്‍ക്ക് വലിയ സഹായമാകും. അതുപോലെ ചിലവ് കുറയുന്നതോടെ കൂടുതല്‍ ആളുകള്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപം നടത്താന്‍ മുന്നോട്ട് വരും.

2025-ല്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ വെള്ളി വില, 2026-ല്‍ കിലോയ്ക്ക് 4.20 ലക്ഷം എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.സ്വര്‍ണ്ണ വിലയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 20% താഴേക്ക് വന്നിട്ടുണ്ട്.

നിലവില്‍ രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 4,961 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ചുരുക്കത്തില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ ചിലവില്‍ കൂടുതല്‍ സ്വര്‍ണ്ണ-വെള്ളി ഇടപാടുകള്‍ നടത്താന്‍ ഈ തീരുമാനം വഴിയൊരുക്കും.

Content Highlights : MCX, NSE withdraw additional margins on gold and silver futures from today

To advertise here,contact us