കുഞ്ഞന്‍ വ്യവസായങ്ങളെ ഇനി ഗാര്‍ഹിക വൈദ്യുതി താരിഫില്‍ പെടുത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വ്യവസായി മഹാസംഗമത്തില്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

കുഞ്ഞന്‍ വ്യവസായങ്ങളെ ഇനി ഗാര്‍ഹിക വൈദ്യുതി താരിഫില്‍ പെടുത്തുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോയ്ക്ക് നാളെ സമാപനം. നാനോ- ഗാര്‍ഹിക വ്യവസായങ്ങളുടെ വൈദ്യുതി താരിഫ് വ്യവസായ താരിഫില്‍ നിന്ന് മാറ്റി ഗാര്‍ഹിക താരിഫിന്റെ പരിധിയില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചട്ടുണ്ടെന്ന്‌ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്തുകൊണ്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അങ്കമാലിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എംഎസ്എം.ഇ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേര്‍ന്ന് അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന എക്സ്പോ ഞായറാഴ്ച അവസാനിക്കും.

'വ്യവസായിക മേഖലയ്ക്ക് തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നതിലൂടെ വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. കഴിഞ്ഞ 10 വര്‍ഷമായി പവര്‍കട്ട്, ലോഡ്‌ഷെഡിങ് എന്നിവ ഉണ്ടായിട്ടില്ല എന്നത് ചെറിയ നേട്ടമല്ല. പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് വ്യവസായ സ്ഥാപനങ്ങള്‍ക്ക് 10% നിരക്കിളവ് നല്കാന്‍ സാധിച്ചട്ടുണ്ട്. ഇത് കൂടാതെ മറ്റ് സമയങ്ങളിലെ ഉപയോഗത്തിനും കൂടി ഇളവ് കൊടുക്കുന്നതിനെ പറ്റി ആലോചന ഉണ്ട്.' മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള പതിനായിരത്തിലധികം കെഎസ്എസ്‌ഐഎ അംഗങ്ങളായ വ്യവസായികള്‍ പങ്കെടുക്കുന്ന വ്യവസായി മഹാസംഗമത്തില്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

അഞ്ഞൂറോളം സ്റ്റാളുകളിലായി അമ്പതിനായിരത്തോളം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തന്ന ദക്ഷിണേന്ത്യയിലെ വലിയ രാജ്യാന്തര വ്യവസായ എക്സ്പോയാണിത്. ആധുനിക ഓട്ടോമാറ്റിക് മെഷിനറി, എഞ്ചിനീയറിങ്, ഫുഡ്, കെമിക്കല്‍, പ്ലാസ്റ്റിക്, ഓയില്‍, ഗ്യാസ്, റബര്‍, കശുവണ്ടി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകളുള്ള എക്സ്പോ, ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള പ്രദര്‍ശകര്‍ക്ക് അത്യാധുനിക ഉല്‍പ്പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുന്നുവെന്ന് കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ പറഞ്ഞു.

കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ പ്രധാന ആകര്‍ഷണമാണ്. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്ഡെസ്‌കുകള്‍ എന്നിവ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

എക്‌സ്‌പോയോട് അനുബന്ധിച്ച് 'ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങള്‍ ബിസിനസ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തില്‍ മാധ്യമസംഗമവും നടന്നു. നാളെ അവസാനിക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്ര എംഎസ്എംഇ ഡയറക്ടര്‍, വ്യവസായ വാണിജ്യ ഡയറക്ടര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍, വ്യവസായ ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. സെമിനാറുകള്‍, ചര്‍ച്ചകള്‍, വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും.

Content Highlights: India International Industry Expo organized by KSSIA will conclude on Sunday

To advertise here,contact us