കുടുംബശ്രീയുടെ 'കെ-ഇനം' നാളെ മുതല്‍ കപ്പല്‍ കയറും

കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആഗോള വിപണിയിലേക്ക്, പുതിയ കാല്‍വയ്പ്പുമായി കുടുംബശ്രീ

കുടുംബശ്രീയുടെ കാര്‍ഷിക ഭക്ഷ്യവിഭവങ്ങള്‍ 'കെ-ഇനം' എന്ന പുതിയ ബ്രാന്‍ഡില്‍ ആഗോള വിപണിയിലേക്ക്. ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 30 പ്രീമിയം ബ്രാന്‍ഡ് ഭക്ഷ്യോല്‍പന്നങ്ങളാണ് കുടുംബശ്രീ എത്തിക്കുക.

സംമ്പുഷ്ടീകരിച്ച ഭക്ഷണങ്ങള്‍, പോഷകാഹാര കേന്ദ്രീകൃത മിശ്രിതങ്ങള്‍, സംസ്‌ക്കരിച്ച പഴങ്ങളും പച്ചക്കറികളും, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍, ആരോഗ്യകരമായ ലഘു ഭക്ഷണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. മികച്ച ഗുണനിലവാരവും ആകര്‍ഷകമായ പായ്ക്കിങ്ങും ഉള്‍പ്പെടെയാണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കുടുംബശ്രീ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാം (കെ-ടാപ് ) പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. രാജ്യത്തും വിദേശത്തുമടക്കം ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 17 ന് മന്ത്രി എം.ബി രാജേഷ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും.

രാജ്യത്തെ പ്രമുഖ കാര്‍ഷിക വ്യാവസായിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ICAR , CSIR , NIFTEM, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ നിയമാനുസൃത ലൈസന്‍സുള്ള ഭക്ഷ്യസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് സംരംഭ വിപുലീകരണത്തിനും സുസ്ഥിര വരുമാന ലഭ്യതയ്ക്കും ഇതുവഴി അവസരമൊരുങ്ങും എന്നതാണ് പദ്ധതിയുടെ നേട്ടം. നിലവില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ സംഘകൃഷി ഗ്രൂപ്പുകള്‍, സംരംഭങ്ങള്‍, പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ എന്നിവയ്ക്കാണ് കുടുംബശ്രീ മിഷന്‍ ലഭ്യമാക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ യുവസംരംഭകരുടെ നൂതന അഗ്രി ബിസിനസ് ആശയങ്ങള്‍ അടിസ്ഥാനമാക്കി സൂപ്പര്‍ ഫുഡ്സ് , ഫാഷന്‍, ഹെര്‍ബല്‍ പേഴ്‌സണല്‍ കെയര്‍ പ്രൊഡക്‌സ് എന്നിവ തയ്യാറാക്കി വിപണിയിലെത്തിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കും. ഇകൊമേഴ്‌സ് വിപണന സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ദേശീയ - അന്തര്‍ദേശീയ വിപണികളില്‍ ഉല്പന്നങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കും.

Content Highlights: Kudumbashree has launched a new initiative to take value-added agricultural products to global markets

To advertise here,contact us