2025 വാഹന പ്രേമികള്ക്ക് അടിപൊളി വര്ഷമായിരുന്നു. ജിഎസ്ടി നിരക്ക് ഇളവ് വന്നതോടെ വാഹന വില കുറഞ്ഞു. ഇത് വാഹനം വാങ്ങാന് താത്പര്യം കാട്ടുന്നവരുടെ എണ്ണം കൂട്ടി. പൊതു ഗതാഗതത്തെ ആശ്രയിച്ചിരുന്നവരും സ്വന്തമായി വാഹനം വാങ്ങാമെന്ന ആശയത്തിലെത്തി. ഗ്രാമീണ ആവശ്യകതയില് വര്ദ്ധന രേഖപ്പെടുത്തിയപ്പോള് നഗര മേഖലയും ഉയര്ന്ന മോഡലുകളിലേക്ക് മാറാന് താത്പര്യം കാട്ടി. കണക്കുകളനുസരിച്ച് കഴിഞ്ഞ വര്ഷത്തെ വാഹന രജിസ്ട്രേഷന് 7.7% ഉയര്ന്ന് 28.16 ദശലക്ഷം യൂണിറ്റിലെത്തി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കൊവിഡിന് ശേഷം ഡിമാന്ഡ് കുറഞ്ഞതും മൂലം 2025 ലെ ആദ്യ മൂന്ന് പാദങ്ങളില് വാഹന വില്പ്പന മന്ദഗതിയിലായിരുന്നു. സെപ്റ്റംബര് 22 മുതല് പ്രാബല്യത്തില് വന്ന ചരക്ക് സേവന നികുതി കുറയ്ക്കാനുള്ള സര്ക്കാരിന്റെ നീക്കവും വാഹന മേഖലയ്ക്ക് തുണയായി. ജിഎസ്ടി കുറഞ്ഞതിനെ തുടര്ന്ന് വാഹന നിര്മ്മാതാക്കള് വില കുറച്ചത് ഡിമാന്ഡ് വീണ്ടെടുക്കലിന് കാരണമായി.
2025 ല് ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്പ്പന 7.2% വളര്ന്നപ്പോള്, പാസഞ്ചര് വാഹനങ്ങളുടെ വില്പ്പന 9.7% വര്ദ്ധിച്ചതായി ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല് ഡീലേഴ്സ് അസോസിയേഷന്(ഫാഡ) ഡാറ്റ വ്യക്തമാക്കുന്നു.
ഈ കാലയളവില് ട്രാക്ടര് വില്പ്പന 11.5% വും വാണിജ്യ വാഹന വില്പ്പന 6.7% വും വര്ദ്ധിച്ചു.
യൂണിയന് ബജറ്റിലെ നേരിട്ടുള്ള നികുതി ഇളവ്, റിസര്വ് ബാങ്കിന്റെ നിരക്ക് ലഘൂകരണ നടപടികള് തുടങ്ങിയ അനുകൂലമായ സാഹചര്യങ്ങള് ഉണ്ടായിരുന്നിട്ടും ജനുവരി മുതല് ഓഗസ്റ്റ് വരെ വില്പ്പനയില് കുറവുണ്ടായതായി ഫാഡ പ്രസിഡന്റ് സി എസ് വിഘ്നേശ്വര് പറഞ്ഞു. സെപ്റ്റംബര് മുതലാണ് വില്പ്പനയില് വഴിത്തിരിവായത്. ചെറിയ കാറുകള്, ഇരുചക്ര വാഹനങ്ങള് (350 സിസി വരെ), മുച്ചക്ര വാഹനങ്ങള്, പ്രധാന വാണിജ്യ വിഭാഗങ്ങള് തുടങ്ങിയവ വില്പ്പനയിലേക്ക് നയിച്ചു. ജിഎസ്ടി 2.0 നിരക്ക് പ്രാവര്ത്തികമായതോടെ താങ്ങാനാവുന്ന വില മെച്ചപ്പെടുത്തുകയും സെപ്റ്റംബര്-ഡിസംബര് മാസങ്ങളില് വ്യക്തമായ വളര്ച്ചയിലേക്ക് എത്തുകയും ചെയ്തു.
നഗര റീട്ടെയില് വില്പ്പനയില് 8.2% വര്ധനയും ഗ്രാമീണ വിപണികളില് 7.3% വര്ധനവും രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളില്, ഗ്രാമീണ ആവശ്യം കൂടുതല് ശക്തമായി. നഗരപ്രദേശങ്ങളിലെ 8.08 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള് 12.31 ശതമാനം വര്ദ്ധിച്ചു. ഡിസംബറില്, ഓട്ടോമൊബൈല് മേഖല 20,28,821 വാഹനങ്ങള് വിറ്റഴിച്ചു. മുന് വര്ഷത്തെ അപേക്ഷിച്ച് 14.6% വര്ധനയാണിത്. ജിഎസ്ടി ഇളവുകള്, വര്ഷാവസാന ഓഫറുകള്, ജനുവരിയില് പ്രതീക്ഷിച്ച വില പരിഷ്ക്കാരങ്ങള്ക്ക് മുമ്പുള്ള ചില വാങ്ങലുകള് എന്നിവയെ തുടര്ന്നുള്ള പോസിറ്റീവ് വികാരം ഉപഭോക്തൃ വികാരത്തെ പിന്തുണച്ചു.
ഇരുചക്ര വാഹന വിഭാഗത്തില്, റീട്ടെയില് വില്പ്പന 9.5% ഉയര്ന്നു. ഇലക്ട്രിക്ക് വാഹനങ്ങളുടെ വിഹിതം 7.4% ആയി മെച്ചപ്പെട്ടത് കാണാം. കഴിഞ്ഞ വര്ഷത്തെ 6.13% നെ അപേക്ഷിച്ച് ഇത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വര്ദ്ധിച്ചുവരുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയേക്കാള് കൂടുതല് വളര്ച്ച നഗര വിപണികളിലാണെന്ന് കാണാം. വാണിജ്യ വാഹന റീട്ടെയില് വില്പ്പന ഡിസംബറില് 24.6% ഉയര്ന്നു. പാസഞ്ചര് വാഹന രജിസ്ട്രേഷനുകള് 26.6 ശതമാനവും ഉയര്ന്നു.
സാധാരണയായി പുതുവര്ഷമാവുമ്പോള് വണ്ടിക്കമ്പനികള് വില വര്ധിപ്പിക്കുന്നത് സാധാരണമാണ്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഇത് തുടര്ന്ന് വരുന്നു. എംജി മോട്ടോര് ഇന്ത്യ 1 മുതല് 2 ശതമാനം വില വര്ദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോണ്ടയും വില വര്ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്ട്ടുകള്. എന്നാല്, ഇതിനിടെ വാഹന ഉപഭോക്താക്കള്ക്ക് സന്തോഷം നല്കുന്ന ഒരു വാര്ത്ത മാരുതി സുസുക്കിയുടെയും മഹീന്ദ്രയുടെയും ഭാഗത്ത് നിന്ന് വന്നു. മാരുതി സുസുക്കിയും മഹീന്ദ്രയും 2026 ജനുവരിയില് പാസഞ്ചര് വാഹനങ്ങളുടെ വില വര്ധിപ്പിക്കില്ലെന്ന് റിപ്പോര്ട്ട് വന്നിട്ടുണ്ട്. നേരിയ വില വര്ദ്ധന ഉണ്ടായാലും ഇല്ലെങ്കിലും 2026 ലും വാഹന മേഖല കുതിക്കുമെന്നു തന്നെയാണ് അനുമാനിക്കേണ്ടത്.