ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കണ്‍ഫേം ടിക്കറ്റ് ലഭിച്ചാല്‍ സീറ്റ് ഉറപ്പായല്ലോ എന്ന ആശ്വാസമാണ് യാത്രക്കാര്‍ക്ക് ഉണ്ടാകുന്നത്. എന്നാല്‍ കണ്‍ഫേം ടിക്കറ്റില്‍ അനുവദിച്ച ബെര്‍ത്ത് കോച്ചില്‍ തിരഞ്ഞിട്ടും കണ്ടെത്താനായില്ലെങ്കിലോ?. അത്തരമൊരു വിചിത്ര സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സെക്കന്‍ഡ് ക്ലാസ് എസി (2AC) കോച്ചില്‍ യാത്ര ചെയ്യാനെത്തിയ ഒരാള്‍ക്കാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ടിക്കറ്റില്‍ 54-ാം നമ്പര്‍ ബെര്‍ത്ത് അനുവദിച്ചിരുന്നെങ്കിലും കോച്ചില്‍ ആ നമ്പറിലുള്ള ബെര്‍ത്ത് ഉണ്ടായിരുന്നില്ല. ആകെ 52 ബെര്‍ത്തുകള്‍ മാത്രമുള്ള കോച്ചിലാണ് 54-ാം നമ്പര്‍ ബെര്‍ത്ത് റെയില്‍വേ അനുവദിച്ചത്.
വാരണാസി സിറ്റിയില്‍നിന്ന് നേപ്പാള്‍ഗഞ്ച് റോഡിലേക്ക് യാത്ര ചെയ്യാനിരുന്ന ഇഷാന്‍ ബാജ്പേയി എന്നയാള്‍ക്കാണ് ഈ അനുഭവമുണ്ടായത്. ട്രെയിന്‍ നമ്പര്‍ 15132, BCY-NPR എക്‌സ്പ്രസിലെ A1 കോച്ചിലായിരുന്നു ഇദ്ദേഹത്തിന് കണ്‍ഫേം ടിക്കറ്റ് ലഭിച്ചത്. സൈഡ് അപ്പര്‍ ബെര്‍ത്ത് നമ്പര്‍ 54 ആയിരുന്നു ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കോച്ചിലെത്തിയപ്പോള്‍ ബെര്‍ത്ത് കണ്ടെത്താനായില്ല. കോച്ചില്‍ ആകെ 52 ബര്‍ത്തുകള്‍ മാത്രമേയുള്ളൂവെന്നും 54-ാം നമ്പര്‍ ബെര്‍ത്ത് അവിടെയില്ലെന്നും യാത്രക്കാരന്‍ തിരിച്ചറിഞ്ഞു. രാത്രി 10.45ഓടെ യാത്രയ്ക്കിടെ ഇത്തരമൊരു പ്രശ്‌നം നേരിടേണ്ടിവന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാണിച്ച് ഇഷാന്‍ എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച യാത്രക്കാരന്‍ റെയില്‍വേ സേവയെയും റെയില്‍വേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സഹായം തേടി. റെയില്‍വേ ഹെല്‍പ്ലൈന്‍ നമ്പറായ 139 ലും പരാതി നല്‍കി.യാത്രക്കാരന്റെ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി റെയില്‍വേ പ്രതികരിക്കുകയും ചെയ്തു. യാത്രക്കാരന് നേരിട്ട ബുദ്ധിമുട്ടില്‍ റെയില്‍വേ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കണ്‍ഫേം ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബര്‍ത്ത് കണ്ടെത്താനായില്ലെങ്കില്‍ യാത്രക്കാര്‍ ആദ്യം ചെയ്യേണ്ടത് ടിടിഇയെ സമീപിക്കുകയാണ്. ടിക്കറ്റിലെ കോച്ച് നമ്പറും ബെര്‍ത്ത് നമ്പറും കാണിച്ച് പ്രശ്‌നം ടിടിഎയെ അറിയിക്കാം. പരിഹാരം ലഭിക്കുന്നില്ലെങ്കില്‍ റെയില്‍വേ ഹെല്‍പ്ലൈന്‍ നമ്പറായ 139-ല്‍ പരാതി നല്‍കാം. യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റും പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൈവശം സൂക്ഷിക്കുന്നതും സഹായകരമാണ്.
Content Highlights :What should you do if you cannot find the berth allotted to you on your confirmed ticket inside the coach?