

വിമാനയാത്രയ്ക്ക് പോകുമ്പോള്‍ പാസ്പോര്‍ട്ട് എടുത്തോ, ടിക്കറ്റ് എടുത്തോ, ഫോണ്‍ എടുത്തോ, പവര്‍ ബാങ്ക് ബാഗില്‍ വച്ചോ എന്നൊക്കെയാണ് നമ്മള് സാധാരണയായി പരിശോധിക്കുന്നത്. എന്നാല്‍ പോക്കറ്റിനുള്ളില്‍ കിടക്കുന്ന ഒരു കുഞ്ഞന്‍ മരുന്ന് സ്ട്രിപ്പ് പോലും വിമാനത്താവളത്തില്‍ നിങ്ങളെ വീണ്ടും സുരക്ഷാപരിശോധനയ്ക്ക് വിധേയരാക്കാന്‍ ഇടയാക്കുമെന്ന് അറിയാമോ?
കേള്‍ക്കുമ്പോള്‍ അതിശയമായി തോന്നാം. പക്ഷേ അടുത്തിടെ നടനും സംവിധായകനുമായ ജെ.ഡി. മജേത്തിയ പങ്കുവച്ച അനുഭവമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമായത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ മജേത്തിയയുടെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ അലാറം മുഴക്കിയത്. കുറേനേരത്തെ പരിശോധനയ്ക്ക് ശേഷമാണ് പോക്കറ്റില്‍ കിടന്നിരുന്ന മരുന്നിന്റെ സ്ട്രിപ്പിലെ ചെറിയ അലുമിനിയം ഭാഗം കണ്ടെത്തിയത്.

നമ്മള് കഴിക്കുന്ന പല മരുന്നുകളും ചെറിയ സ്ട്രിപ്പുകളിലാണ് വരുന്നത്. ഈ സ്ട്രിപ്പിന്റെ ഒരു ഭാഗത്ത് അലുമിനിയം ഫോയില്‍ ഉപയോഗിച്ചിട്ടുണ്ടാകും. സ്ട്രിപ്പ് വളരെ ചെറുതാണെങ്കിലും അതിലെ ലോഹഭാഗം സുരക്ഷാ പരിശോധനാ ഉപകരണത്തിന് തിരിച്ചറിയാന്‍ കഴിയും. പ്രത്യേകിച്ച് Hand Held Metal Detector (HHMD) പോലുള്ള ഉപകരണങ്ങള്‍ ലോഹ സാന്നിധ്യം കണ്ടെത്തിയാല്‍ അലാറം മുഴക്കാം. ഇങ്ങനെ സംഭവിക്കുന്നത് ഉപകരണത്തിന്റെ തരം, അതിന്റെ സെന്‍സിറ്റിവിറ്റി, ലോഹത്തിന്റെ അളവ്, അത് ശരീരത്തിന്റെ ഏത് ഭാഗത്താണ് ഉള്ളത് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.

മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ബീപ് ശബ്ദം കേട്ടാല്‍ ഉടന്‍ തന്നെ എന്തോ അപകടകരമായ വസ്തു കണ്ടെത്തി എന്ന് കരുതേണ്ടതില്ല. സുരക്ഷാ ഉപകരണം ചെയ്യുന്നത് ഒരു ലോഹ സാന്നിധ്യം കണ്ടെത്തുക മാത്രമാണ്. അത് മരുന്നിന്റെ സ്ട്രിപ്പാണോ, നാണയമാണോ, മറ്റേതെങ്കിലും സാധനമാണോ എന്ന് ഉപകരണത്തിന് സ്വയം തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അധിക പരിശോധന നടത്തും. ഇത് സാധാരണ സുരക്ഷാ നടപടിയുടെ ഭാഗമാണിത്.
മജേത്തിയയുടെ കാര്യത്തില്‍ ചെറിയൊരു മരുന്ന് സ്ട്രിപ്പാണ് സുരക്ഷാ പരിശോധനയില്‍ അധിക സമയം എടുത്തത്. പോക്കറ്റില്‍ നിന്ന് സാധനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ് യാത്രക്കാരുടെ സമയവും വൈകാനിടയായി. അതുകൊണ്ട് സമയത്ത് എത്താന്‍ ഓടിക്കിതച്ച് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഇത്തരമൊരു ചെറിയ കാര്യം പോലും അനാവശ്യമായ താമസത്തിന് കാരണമാകാം.

സുരക്ഷാ പരിശോധനയ്ക്ക് പോകുന്നതിന് മുമ്പ് പോക്കറ്റുകളില്‍ ഒന്നുമില്ല എന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നാണയം, താക്കോല്‍, ചെറിയ മെറ്റല്‍ സാധനങ്ങള്‍, മരുന്നിന്റെ സ്ട്രിപ്പ് തുടങ്ങിയവ ഉണ്ടെങ്കില്‍ സുരക്ഷാ പരിശോധനാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവ ട്രേയില്‍ വയ്ക്കാം. പത്യേകിച്ച് പതിവായി മരുന്ന് കഴിക്കുന്നവര്‍ പോക്കറ്റില്‍ ഒറ്റപ്പെട്ട നിലയില്‍ മരുന്ന് സ്ട്രിപ്പുകള്‍ കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നത് നല്ലതാണ്.
Content Highlights :Even a tiny strip of medicine in your pocket can lead to you undergoing a security re-check at the airport.