ട്രെയിൻ ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്താൽ അധിക പണം നൽകണോ? അറിയാം റെയിൽവേയുടെ ഓട്ടോ അപ്‌ഗ്രേഡ് സൗകര്യം

എന്താണ് ഓട്ടോ അപ്‌ഗ്രേഡ് സൗകര്യത്തിന്റെ പ്രധാന പ്രത്യേകത

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രയുടെ ദൈര്‍ഘ്യവും ബജറ്റും അനുസരിച്ചാണ് പലരും കോച്ച് തിരഞ്ഞെടുക്കുന്നത്. സ്ലീപ്പര്‍, 3AC, 2AC, 1AC എന്നിങ്ങനെ വ്യത്യസ്ത ക്ലാസുകളുണ്ട്. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം യാത്രയ്ക്ക് മുമ്പ് പരിശോധിക്കുമ്പോള്‍ താന്‍ ബുക്ക് ചെയ്തതിനെക്കാള്‍ ഉയര്‍ന്ന ക്ലാസിലാണ് സീറ്റ് ലഭിച്ചിരിക്കുന്നതെന്ന് കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇത് ഇന്ത്യന്‍ റെയില്‍വേയുടെ ഓട്ടോ അപ്‌ഗ്രേഡ് (Auto Upgrade) സംവിധാനത്തിലൂടെയാണ് സംഭവിക്കുന്നത്. അതായത് അധിക നിരക്ക് ഈടാക്കാതെ തന്നെ ചില യാത്രക്കാരുടെ ടിക്കറ്റുകള്‍ ലഭ്യത അനുസരിച്ച് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്ന സംവിധാനമാണിത്.

എന്താണ് ഓട്ടോ അപ്‌ഗ്രേഡ്?

റെയില്‍വേയില്‍ ചില ഉയര്‍ന്ന ക്ലാസുകളിലെ സീറ്റുകള്‍ ഒഴിവുണ്ടാകുമ്പോള്‍ താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ചില യാത്രക്കാരെ ആ ഒഴിവുള്ള ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്നതിനെയാണ് ഓട്ടോ അപ്‌ഗ്രേഡ് എന്ന് പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണെന്ന് കരുതുക. ട്രെയിനില്‍ 3ACയില്‍ സീറ്റ് ലഭ്യമാണെങ്കില്‍ റെയില്‍വേയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് നിങ്ങളുടെ ടിക്കറ്റ് 3ACയിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടേക്കാം.

അപ്‌ഗ്രേഡ് ചെയ്താല്‍ അധിക പണം നല്‍കണോ?

ഓട്ടോ അപ്‌ഗ്രേഡ് വഴി ഉയര്‍ന്ന ക്ലാസ് ലഭിച്ചാലും അതിനായി ഉയര്‍ന്ന ക്ലാസിന്റെ നിരക്ക് ഈടാക്കില്ല.അതായത് സ്ലീപ്പര്‍ ടിക്കറ്റിന് പണം നല്‍കിയ യാത്രക്കാരന് 3ACയിലേക്ക് ഓട്ടോ അപ്‌ഗ്രേഡ് ലഭിച്ചാല്‍ 3ACയുടെയും സ്ലീപ്പറിന്റെയും നിരക്കിലെ വ്യത്യാസം അധികമായി അടയ്ക്കേണ്ടതില്ല. ഇതാണ് ഓട്ടോ അപ്‌ഗ്രേഡ് സൗകര്യത്തിന്റെ പ്രധാന പ്രത്യേകത.

റെയില്‍വേ സ്വമേധയാ എല്ലാവരുടെയും ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യുമോ?

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് 'Consider for Auto Upgradation' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഈ ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമാണ് യാത്രക്കാരനെ ഓട്ടോ അപ്‌ഗ്രേഡിനായി പരിഗണിക്കുക. ഈ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉറപ്പായും ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്യുമെന്നല്ല പറഞ്ഞുവരുന്നത്. ഉയര്‍ന്ന ക്ലാസില്‍ സീറ്റ് ലഭ്യമാണോ, റെയില്‍വേയുടെ മറ്റ് നിബന്ധനകള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അപ്‌ഗ്രേഡ് തീരുമാനിക്കുന്നത്.

ആര്‍ക്കാണ് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് ലഭിക്കുക?

എല്ലാ യാത്രക്കാരുടെയും ടിക്കറ്റ് ഒരുപോലെ അപ്‌ഗ്രേഡ് ചെയ്യണമെന്നില്ല. ലഭ്യമായ സീറ്റുകള്‍, ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍, യാത്രക്കാരുടെ യോഗ്യത, റെയില്‍വേയുടെ അപ്‌ഗ്രേഡ് നിയമങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്. ഒരേ ടിക്കറ്റില്‍ ഒന്നിലധികം യാത്രക്കാരുണ്ടെങ്കില്‍ എല്ലാവരുടെയും ടിക്കറ്റ് ഒരേ ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം.

ടിക്കറ്റ് താഴ്ന്ന ക്ലാസിലേക്ക് മാറ്റുമോ?

ഓട്ടോ അപ്‌ഗ്രേഡ് എന്നത് ഉയര്‍ന്ന ക്ലാസിലേക്ക് മാറ്റുന്നതാണ്. അതിനാല്‍ ഈ സംവിധാനത്തിലൂടെ സ്ലീപ്പര്‍ ടിക്കറ്റ് ജനറല്‍ ക്ലാസിലേക്കോ 3AC ടിക്കറ്റ് സ്ലീപ്പറിലേക്കോ മാറ്റില്ല. എന്നാല്‍ കോച്ച് റദ്ദാക്കുക, സാങ്കേതിക പ്രശ്നങ്ങള്‍, ട്രെയിനില്‍ കോച്ചുകളുടെ മാറ്റം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ബുക്കിങ് ക്രമീകരണങ്ങളില്‍ മാറ്റമുണ്ടാകാം. അത്തരം സാഹചര്യങ്ങളെ ഓട്ടോ അപ്‌ഗ്രേഡുമായി ചേര്‍ക്കാനാവില്ല.

യാത്രക്കാര്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രയ്ക്ക് മുമ്പ് ഒരിക്കല്‍ കൂടി PNR സ്റ്റാറ്റസ് പരിശോധിക്കുന്നത് നല്ലതാണ്. കോച്ച് നമ്പര്‍, സീറ്റ് നമ്പര്‍, ക്ലാസ് എന്നിവയില്‍ മാറ്റമുണ്ടായിട്ടുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാം. അതിനാല്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്തിട്ട് പിന്നീട് 3ACയോ, 3AC എടുത്തിട്ട് 2ACയോ ആയി ടിക്കറ്റ് മാറിയതായി കണ്ടാല്‍ ഉടന്‍ അധിക പണം നല്‍കേണ്ടതില്ല. അത് റെയില്‍വേയുടെ ഓട്ടോ അപ്‌ഗ്രേഡ് സൗകര്യത്തിലൂടെ ലഭിച്ച മാറ്റമാണോ എന്ന് ആദ്യം പരിശോധിക്കുക.

Content Highlights :Do you have to pay extra for a train ticket upgrade? Here is what you need to know about the Railways' auto-upgrade facility.

To advertise here,contact us