യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും താമസം എപ്പോഴും ഒരു പ്രത്യേക അനുഭവമാണ് സമ്മാനിക്കുക. എന്നാൽ താമസം കഴിഞ്ഞ് ചെക്ക് ഔട്ടിന് തൊട്ടു മുൻപ് ബാഗ് ഒക്കെ പാക്ക് ചെയ്യുമ്പോൾ ഹോട്ടൽ മുറിയിലെ ചില സാധനങ്ങൾ ബാഗിലാക്കാനുള്ള പ്രവണത ചിലരിലെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ ഹോട്ടലിൽ നിന്ന് ഏതൊക്കെ സാധനങ്ങൾ എടുക്കാം അല്ലെങ്കിൽ എടുക്കാൻ പാടില്ലാത്തവ ഏത് എന്നൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇല്ലെങ്കിൽ ചെക്ക് ഔട്ട് സമയത്ത് കനത്ത പിഴയോ, നിയമ നടപടികളോ നേരിടേണ്ടതായി വന്നേക്കാം.ഹോട്ടൽ താമസത്തിന് ശേഷം നിങ്ങൾക്ക് ധൈര്യമായി കൂടെക്കൂട്ടാവുന്നതും എന്നാൽ തൊടാൻ പോലും പാടില്ലാത്തതുമായ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
ബാഗിൽ വെയ്ക്കാം, ധൈര്യമായി!
ടോയ്ലറ്ററീസ്ടോയ്ലറ്ററീസ് പൊതുവെ ഒറ്റത്തവണ ഉപയോഗിക്കാൻ ഉള്ളവയാണ്. ഹോട്ടൽ മുറികളിൽ അതിഥികൾക്കായി വെച്ചിരിക്കുന്ന ചെറിയ കുപ്പി ഷാംപൂകൾ, കണ്ടീഷണറുകൾ, ബോഡി വാഷ്, ബോഡി ലോഷൻ, ചെറിയ സോപ്പുകൾ എന്നിവ സിംഗിൾ യൂസിന് ഉള്ളവയാണ്. നിങ്ങൾ ഉപയോഗിച്ചില്ലെങ്കിലും ഇവ നിങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടുപോകാം.
പേഴ്സണൽ കെയർ കിറ്റുകൾഹോട്ടലുകൾ നൽകുന്ന ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ചീപ്പ്, ഷേവിംഗ് കിറ്റ്, കോട്ടൺ ബഡ്സ്, തയ്യൽ കിറ്റ് (Sewing kit), ഷവർ ക്യാപ് എന്നിവയെല്ലാം അതിഥികൾക്ക് മാത്രമായി പാക്ക് ചെയ്ത് വെച്ചിട്ടുള്ളതാണ്. ഇവയും ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ പറ്റുന്നവ ആയതിനാൽ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്ക് എടുക്കാം.
ഹോട്ടൽ സ്ലിപ്പറുകൾചില ഹോട്ടലുകൾ, മുറിക്കുള്ളിൽ ഉപയോഗിക്കാൻ തുണികൊണ്ടുള്ള ലൈറ്റ് വെയിറ്റ് ചെരുപ്പുകൾ നൽകാറുണ്ട്. ഇവ സാധാരണയായി disposable ആണ്. ഒരു അതിഥി ഉപയോഗിച്ച ചെരുപ്പ് ഹോട്ടലുകൾ മറ്റൊരാൾക്ക് നൽകാറില്ല. അതിനാൽ ഈ സ്ലിപ്പറുകളും നിങ്ങൾക്ക് എടുക്കാവുന്നതാണ്.
സ്റ്റേഷനറി സാധനങ്ങൾഹോട്ടലിന്റെ പേരും ലോഗോയും അച്ചടിച്ച പേനകൾ, നോട്ട്പാഡുകൾ, പോസ്റ്റ്കാർഡുകൾ എന്നിവ അവരുടെ പരസ്യത്തിന്റെ ഭാഗം കൂടിയാണ്. ഇവ അതിഥികൾക്ക് സമ്മാനമായി നൽകുന്നവയാണ്. കൂടാതെ ഹോട്ടലിൽ നിന്ന് ലഭിക്കുന്ന ടൂറിസ്റ്റ് മാപ്പുകളും ബ്രോഷറുകളും നിങ്ങൾക്ക് എടുക്കാം.
ചായ, കാപ്പി പൊടികൾ, വെള്ളംമുറിയിൽ ഒരുക്കിവെച്ചിരിക്കുന്ന ചായ/കാപ്പി സാഷെകൾ, പഞ്ചസാര, ക്രീമർ എന്നിവയും ദിവസേന നൽകുന്ന കുടിവെള്ള കുപ്പികളും നിങ്ങൾക്ക് ഉപയോഗിക്കാം, ബാക്കി വന്നാൽ യാത്രയിൽ കൂടെ കരുതുകയും ചെയ്യാം.
ഒരു കാരണവശാലും എടുക്കരുത്
ടവ്വലുകളും ബാത്ത് റോബുകളുംഹോട്ടലിലെ മൃദുവായ ടവ്വലുകളും മനോഹരമായ ബാത്ത് റോബുകളും കണ്ട് പലർക്കും അത് ബാഗിലാക്കാൻ തോന്നാറുണ്ട്. എന്നാൽ ഓർക്കുക, ഇവ ഹോട്ടലിന്റെ സ്വത്താണ്. ഇത് എടുക്കുന്നത് മോഷണമായി കണക്കാക്കപ്പെടും. പല ഹോട്ടലുകളും ഇതിന് വൻ തുക പിഴ ഈടാക്കാറുണ്ട്.
ബെഡ് ഷീറ്റുകളും തലയിണകളുംബെഡ്ഷീറ്റുകൾ, ബ്ലാങ്കറ്റുകൾ, തലയിണകൾ, പില്ലോ കവറുകൾ എന്നിവയൊന്നും ഒരു കാരണവശാലും ഹോട്ടലിൽ നിന്ന് എടുക്കരുത്. ഹോട്ടലുകൾ ഇവ കൃത്യമായി സ്റ്റോക്ക് വിവരങ്ങൾ വെച്ച് ട്രാക്ക് ചെയ്യാറുണ്ട്. ഇവ എടുത്താല് അതിന്റെ വില നല്കേണ്ടി വരും.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾമുറിയിലുള്ള ഹെയർ ഡ്രയർ, ഇലക്ട്രിക് കെറ്റിൽ, ഇസ്തിരിപ്പെട്ടി, അലാറം ക്ലോക്കുകൾ എന്നിവ ഹോട്ടൽ നൽകുന്ന സൗകര്യങ്ങൾ മാത്രമാണ്. ഇവ ബാഗിലാക്കുന്നത് നിയമവിരുദ്ധമാണ്.
പാത്രങ്ങളും ഗ്ലാസുകളുംമുറിയിലുള്ള കപ്പുകൾ, ഗ്ലാസുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ എന്നിവയെല്ലാം ഹോട്ടലിന്റെ ആവശ്യങ്ങൾക്കായി വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്നവയാണ്. അവ ഒരിക്കലും ഡിസ്പോസിബിൾ അല്ല. അതുകൊണ്ടുതന്നെ അതിഥികൾക്ക് ഇവ എടുത്തുകൊണ്ടു പോകാൻ അനുവാദമില്ല.
അലങ്കാര വസ്തുക്കളും ഹാങ്ങറുകളുംമുറിയിലെ പെയിന്റിംഗുകൾ, ലാംപുകൾ, വസ്ത്രങ്ങൾ തൂക്കിയിടുന്ന ഹാങ്ങറുകൾ, കർട്ടനുകൾ എന്നിവ ഹോട്ടലിന്റെ സ്ഥിരം സജ്ജീകരണങ്ങളാണ്. ഇവ സ്വന്തമാക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.
ചുരുക്കത്തിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന സാധനങ്ങൾ (Disposable/Single-use) ഹോട്ടൽ മുറിയിൽ നിന്ന് നിങ്ങൾക്ക് എടുക്കാം. എന്നാൽ വീണ്ടും കഴുകിയോ അല്ലാതെയോ ഉപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ ഹോട്ടലിന്റേതാണ്. അടുത്ത ഹോട്ടൽ താമസം നടത്താൻ ഒരുങ്ങുമ്പോൾ ഈ ലളിതമായ കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ!
Content Highlights: Understanding which hotel amenities are complimentary for guests to take and which ones are strictly property of the hotel.