രാത്രി സഞ്ചാരം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പകൽ കാണുന്ന കാഴ്ചകൾക്ക് വളരെ വ്യത്യസ്തമായ പരിവേഷമാണ് രാത്രി സമ്മാനിക്കുക. രാത്രിയുടെ നിശബ്ദതയെ ഭേദിക്കുന്ന ചീവിടിന്റെ ശബ്ദവും, നിലാവും, മാനത്ത് വിരിയുന്ന നക്ഷത്ര കൂട്ടങ്ങളും എല്ലാം മനുഷ്യമനസ്സിനെ ഏറെ ആകർഷിക്കാറുണ്ട്.
രാത്രി സഞ്ചാരത്തെ കുറിച്ച് Booking.com നടത്തിയ ഒരു സർവ്വേ ഏറെ ചർച്ച ആയിരിക്കുകയാണ്. 2025ൽ സഞ്ചാരികൾ ഏറെ താത്പര്യത്തോടെ തിരഞ്ഞെടുത്തത് 'നോക്ടൂറിസം' ആണത്രേ. അത് എന്താണെന്നല്ലേ! മറ്റൊന്നുമല്ല രാത്രി സഞ്ചാരം തന്നെ. 2024ൽ 25% മാത്രമായിരുന്നുവെങ്കിൽ 2025ൽ 62% ശതമാനമായി നോക്ടൂറിസം ഉയർന്നു. 33 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് ഈ കണക്കുകൾ ക്രോഡീകരിച്ചിരിക്കുന്നത്.
കൊവിഡിന് ശേഷം ടൂറിസം മേഖലയിൽ വൻ കുതിപ്പാണ് സംഭവിച്ചിരിക്കുന്നത്. ജോലിയിൽ നിന്നും അനുദിന ജീവിത പ്രശ്നങ്ങളിൽ നിന്നുമെല്ലാം മാറി നിൽക്കുക എന്ന ലക്ഷ്യത്തോടെ ആളുകൾ വിനോദ സഞ്ചാരത്തെ ആശ്രയിക്കുന്നത് കൂടി വരുകയാണ്. രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രകൾ പ്ലാൻ ചെയ്യുന്നവർ, പകൽ കാഴ്ചകൾ കാണാനും മറ്റും സമയം ചിലവഴിക്കുകയും ശേഷം രാത്രി വിശ്രമത്തിനായി വിനിയോഗിക്കുകയും ചെയ്തിരുന്ന സ്ഥാനത്താണ് വിനോദസഞ്ചാരത്തിന്റെ രീതികൾ പാടെ മാറ്റിക്കൊണ്ട് സഞ്ചാരികൾ രാത്രി സഞ്ചാരം അഥവാ നോക്ടൂറിസം തിരഞ്ഞെടുത്തിരിക്കുന്നത്.
രാത്രി സഫാരികൾരാത്രിയുടെ മാന്ത്രികതയാണ് രാത്രി സഫാരികൾ സമ്മാനിക്കുന്നത്. പ്രത്യേകിച്ച് കാട്. പകൽ കാണാൻ സാധിക്കാത്ത നിരവധി ജീവികളെ രാത്രിയിൽ കാണാൻ സാധിക്കും. സുരക്ഷ പ്രശ്നം മാറ്റിനിർത്തിയാൽ നോക്ടൂറിസം നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണെന്ന് ആഫ്രിക്കൻ സഫാരികൾ ക്രമീകരിക്കുന്ന വൈൽഡ് ലൈഫ് വേൾഡിന്റെ ജനറൽ മാനേജർ ഡാൻ ഫ്രീ പറയുന്നു. സഞ്ചാരികൾക്ക് ഇപ്പോൾ താത്പര്യം വ്യത്യസ്തമായ ജീവികളെ കാണാൻ ആണെന്നും അക്കൂട്ടത്തിൽ ആഡ്വാക് (ആഫ്രിക്കൻ ഉറുമ്പുതീനി), ആഡ്വൂൾഫ് (കഴുതപ്പുലി) എന്നിവ ഉൾപ്പെടുന്നു എന്നും ഡാൻ ഫ്രീ പറയുന്നു.
വൈൽഡ് ലൈഫ് ഡോക്യൂമെന്ററികൾ നോക്ടൂറിസം വർധിക്കുന്നതിൽ പ്രചോദനമായിട്ടുണ്ട്. ടൂർ പാക്കേജുകൾ തന്നെ ഈ ട്രെൻഡിനനുസരിച്ച് പാടെ മാറാൻ തുടങ്ങിയിട്ടുണ്ട്. രാത്രിയുടെ ഭംഗിയും മറ്റും ആസ്വദിക്കാൻ കൂടുതൽ സമയം ലഭ്യമാകുന്ന തരത്തിലേക്ക് വിനോദ സഞ്ചാരം ഷെഡ്യൂൾ ചെയ്യപെടുന്നുണ്ട്. ഇതിന് വിവിധങ്ങളായ ഉദാഹരണങ്ങളും ലഭ്യമാണ്.
മഴക്കാടുകളുടെ സാന്നിധ്യമുള്ള മഡഗാസ്കർ, കോസ്റ്റാ റിക്ക പോലെയുള്ള സ്ഥലങ്ങളിൽ 'റെയ്ൻ ഫോറസ്റ്റ് ലോഡ്ജുകൾ' ഏറെ സജീവമാണ്. ഇവ സന്ദർശകർക്ക് രാത്രി സവാരിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. രാത്രി ജീവികളെ കാണാനും, അവയുടെ ശബ്ദം കേൾക്കാനും, ദൂരെ നിന്ന് തന്നെ അവയുടെ കണ്ണിന്റെ പ്രകാശം കാണാനും എല്ലാം ഇതിലൂടെ സഞ്ചാരികൾക്ക് അവസരം ഒരുങ്ങുന്നു.
ആകാശക്കാഴ്ചകൾ
രാത്രിയിലെ ആകാശക്കാഴ്ചകളെ ഒഴിവാക്കിയുള്ള ഒരു നോക്ടൂറിസം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കടും മലയും ഒന്നും കേറാൻ ഇഷ്ടമില്ലാത്തവർക്കും രാത്രി മാനത്ത് കാണുന്ന നഷ്ടങ്ങൾ നോക്കി ഇരിക്കാൻ ഇഷ്ടമാണ്. എന്നാൽ നല്ല രീതിയിൽ ഇവ നിരീക്ഷിക്കാനും ആസ്വദിക്കാനും സാധിക്കുന്ന സ്ഥലങ്ങൾ ഇന്നുണ്ട്. തെളിഞ്ഞ ആകാശത്തിന് കീഴിൽ നക്ഷത്രങ്ങളെ നിരീക്ഷിക്കുക (stargazing), ഉറങ്ങുക എല്ലാം ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ ഭാഗമാണ്. Dark Sky Reserves, Dark Sky Parks തുടങ്ങിയ പേരുകളിൽ ഇവ ടൂറിസം മേഖലയിൽ ഇടം പിടിച്ചു കഴിഞ്ഞു. അൽഗാർവ്, ചിലി, നമീബിയ, ഓസ്ട്രേലിയൻ ഉൾനാട് തുടങ്ങിയ ഇടങ്ങളിൽ stargazing ട്രിപ്പുകൾ സജ്ജീവമായി തുടങ്ങിയിട്ടുണ്ട്.
ആകാശപ്രേമികളുടെ മറ്റൊരു ചിരകാല സ്വപനമാണ് നോർത്തേൺ ലൈറ്റ്സ് കാണുക എന്നത്. ചില പ്രത്യേക സ്ഥലങ്ങളിൽ രാത്രി ആകാശത്ത് കാണാൻ സാധിക്കുന്ന വർണ്ണാഭമായ പ്രകാശ പ്രതിഭാസമാണ്. പല നിറത്തിലാണ് ഇവ ആകാശത്ത് പ്രത്യക്ഷപ്പെടുക. ഫിന്നിഷ് ലാപ് ലാൻഡ്, നോർവേയിലെ ലോഫോടെൻ ദ്വീപുകൾ, സ്വാൽബാർഡ്, ഐസ് ലൻഡ് എന്നിവ നോർത്തേൺ ലൈറ്റ്സ് കാണാൻ കഴിയുന്ന പ്രധാന സ്ഥലങ്ങളാണ്.
രാത്രി കടൽക്കാഴ്ചകൾ
രാത്രിക്കാഴ്ചകൾ സമ്മാനിക്കുന്നതിൽ കടലും ഒട്ടും പിന്നിലല്ല. എന്നാൽ ഇതേ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് വസ്തുത. രാത്രി കടൽ യാത്ര ഒരു വൻ ടൂറിസം മേഖലയായി വളരാനുള്ള സാധ്യത ഏറെയാണ്. നിലവിൽ PADI (Professional Association of Diving Instructors) ആണ് ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. Night diving ആണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. രാത്രിയിൽ കടലിന്റെ അടിത്തട്ടിലേക്ക് യാത്ര ചെയ്യുകയും (diving) പ്രത്യേക യുവി ടോർച്ചുകൾ ഉപയോഗിക്കുകയും ചെയ്യുക വഴി കോറലുകളും റീഫുകൾ പുറപ്പെടുവിക്കുന്ന പ്രകാശം കാണാൻ സാധിക്കും. അങ്ങനെ കടലിന്റെ അടിത്തട്ടും വർണ്ണാഭമായ കാഴ്ചകൾ സമ്മാനിക്കുന്ന പറുദീസയായി മാറും. ഇന്തോനേഷ്യയിലെ ബോണയർ ദ്വീപ്, മാലിദ്വീപിലെ മുദ്ദൂ ദ്വീപ്, പ്യൂർട്ടോ റിക്കോയിലെ വിക്യൂസ് തീരത്തുള്ള മോസ്ക്വിറ്റോ ബേ തുടങ്ങിയ സ്ഥലങ്ങൾ നൈറ്റ് ഡൈവിംഗിന്റെ മാസ്മരികത പ്രദാനം ചെയ്യാൻ സാധിക്കുന്ന ഇടങ്ങളാണ്.
Content Highlights: Noctourism, a recent trend of making tours at night and enjoying night life is increasing.