ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്താൽ പണം പോകില്ല! പുത്തൻ മാറ്റത്തിനൊരുങ്ങി റെയിൽവെ

നിലവിലെ രീതി അനുസരിച്ച് യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്ത ശേഷമേ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കു

പ്ലാൻ ചെയ്ത യാത്രകളൊന്നും നടക്കാറില്ലെന്ന് പറയുന്നത് പോലെ, ചിലപ്പോൾ പ്ലാനും റെഡിയായി എല്ലാം സെറ്റായി കഴിയുമ്പോഴാകും പെട്ടെന്ന് യാത്ര മാറ്റിവയ്‌ക്കേണ്ടി വരിക. ഈ അവസ്ഥയിലാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കൊരുങ്ങിയവർക്ക് പണികിട്ടുന്നത്. എന്നാൽ ഇനി യാത്ര പ്ലാനിൽ മാറ്റം വന്നാൽ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട. പുത്തൻ പരിഷ്‌കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് റെയിൽവെ.

2026 ജനുവരി മുതൽ യാത്രക്കാർക്ക് അവർ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റിന്റെ യാത്രാ തീയതികൾ ഓൺലൈനായി സൗജന്യമായി മാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

നിലവിലെ രീതി അനുസരിച്ച് യാത്രക്കാർക്ക് അവർ ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്ത ശേഷമേ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കു. മാത്രമല്ല കാൻസൽ ചെയ്യുന്ന സമയം കണക്കാക്കി പണം ഈടാക്കുകയും ചെയ്യും. ഇത് വളരെയേറെ ബുദ്ധിമുട്ട് യാത്രക്കാർക്കുണ്ടാക്കിയിരുന്നു.

യാത്രാ സൗഹൃദമായ പുതിയ തീരുമാനം നടപ്പിലാക്കാനുള്ള നിർദേശം റെയിൽവെയ്ക്ക് നൽകി കഴിഞ്ഞതായും അശ്വനി വൈഷ്ണവ് എൻടിവിയോട് പറഞ്ഞു. എന്നാൽ ഇവിടെ മാറ്റി നൽകുന്ന തീയതിൽ ടിക്കറ്റ് കൺഫേം ആകുമെന്നതിൽ ഒരു ഉറപ്പും തരാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീറ്റ് ലഭ്യതയെ അടിസ്ഥാനമാക്കി മാത്രമേ ടിക്കറ്റ് കൺഫേമാവുകയുള്ളു. പുതിയ ടിക്കറ്റിന് വില കൂടുതലാണെങ്കിൽ ആ തുക അടയ്‌ക്കേണ്ടിയും വരും. ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ വലിയൊരു തുക നഷ്ടപ്പെടുന്ന നിരവധി യാത്രക്കാർക്ക് ഇതൊരു വലിയ ആശ്വാസമായിരിക്കുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

യാത്ര ആരംഭിക്കാൻ 48 മുതൽ 12 മണിക്കൂറുവരെ സമയമുള്ളപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്താൽ 25 ശതമാനമാണ് ഡിഡക്ഷൻ ഫീ. ഇനി 12നും നാലു മണിക്കൂറിനുമിടയിലാണ് ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിൽ ഡിഡക്ഷൻ ഫീ വളരെ കൂടുതലായിരിക്കും. റിസർവേഷൻ ചാർട്ട് തയ്യാറായി കഴിഞ്ഞാൽ പിന്നെ കാൻസലേഷന് റീഫണ്ട് ഉണ്ടാവാൻ സാധ്യതയുണ്ടാവില്ല. ഇപ്പോഴുള്ള ഈ രീതിക്കാണ് അടുത്ത വർഷം മുതല്‍ മാറ്റം സംഭവിക്കുന്നത്. Content Highlights: Indian Railway's new update on cancellation of tickets

To advertise here,contact us