കർണാടകയിൽ ഇനി രണ്ട് വർഷത്തിൽ ഒരിക്കൽ ബസ് യാത്രാ നിരക്ക് വർദ്ധിക്കും; നിരക്ക് നിശ്ചയിക്കാൻ പുതിയ കമ്മിറ്റി

നമ്മ മെട്രോയുടെ യാത്രാ നിരക്ക് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് കെഎസ്ആർടിസി നിരക്കുകളും വർദ്ധിപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്

കർണാടകയിൽ ഇനി മുതൽ രണ്ട് വർഷത്തിൽ ഒരിക്കൽ ബസ് ചാർജ്ജ് നിരക്ക് പരിഷ്കരിക്കും. ഇതിനായി പൊതു​ഗതാ​ഗത നിരക്ക് നിയന്ത്രണ കമ്മിറ്റി രൂപീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. നമ്മ മെട്രോ നിരക്കിലും ഓട്ടോ നിരക്കിലും വർദ്ധനവ് വരുത്തിയതിന് ശേഷമാണ് പൊതു ​ഗതാ​ഗത നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം കർണാടക സർക്കാർ നടത്തുന്നത്. ഏഴര വർഷത്തിനുശേഷമായിരുന്നു 2025 ഫെബ്രുവരിയിൽ നമ്മ മെട്രോ ശരാശരി 51.55 ശതമാനം നിരക്ക് വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന മെട്രോ യാത്ര നിരക്കായി ബെം​ഗളൂരു മെട്രോയിലേത് മാറിയിരുന്നു. 2026 ഫെബ്രുവരി മുതൽ എല്ലാ വർഷവും 5 ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നമ്മ മെട്രോയുടെ തീരുമാനം. ഓട്ടോ നിരക്കുകളിലും സർക്കാർ വർദ്ധനവ് വരുത്തിയിരുന്നു. 20 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചത്.

നേരത്തെ രൂപീകരിച്ച വൈദ്യുതി നിയന്ത്രണ കമ്മീഷൻ്റെ മാതൃകയിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കുക. കർണാകട ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയാണ് പുതിയ നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. വിരമിച്ച അഡീഷണൽ ചീഫ് സെക്രട്ടറിയോ ഹൈക്കോടതി ജഡ്ജിയോ നയിക്കുന്ന മൂന്നംഗ സമിതിയാണ് രൂപീകരിക്കുക. കർണാടകയിലെ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ (ആർടിസി) സാമ്പത്തിക സ്ഥിതി പഠിച്ചാണ് പുതിയ സമിതി ആനുകാലിക നിരക്ക് പരിഷ്കരണങ്ങൾ, സർചാർജുകൾ, ഫീസ് എന്നിവയിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുക. മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി. മൂന്ന് മാസത്തിലൊരിക്കൽ സമിതി യോ​ഗം ചേരണമെന്നാണ് നിർദ്ദേശം. എല്ലാ വർഷവും ഏപ്രിൽ 1 നും ഡിസംബർ 31 നും ഇടയിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനായി സർക്കാരിനും ആർ‌ടി‌സികൾക്കും വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നതിനും ഈ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കെഇആർസി വൈദ്യുതി താരിഫുകൾ പരിഷ്കരിക്കുന്നതുപോലെ രണ്ട് വർഷത്തിൽ ഒരിക്കൽ ബസ് ചാർജ്ജുകൾ നിരക്ക് പരിഷ്കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തിലൊരിക്കലുള്ള ചെറിയ വർദ്ധനവ് പൊതുജനങ്ങൾക്ക് വലിയ ഭാരമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാനുസൃതമായ പരിഷ്കാരങ്ങൾ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. രാഷ്ട്രീയ പരിഗണനകൾ കാരണം ബസ് നിരക്കുകൾ പലപ്പോഴും പരിഷ്കരിക്കാൻ കഴിയാറില്ലാത്തതും ​ഗ​താ​ഗത വകുപ്പ് മന്ത്രി ചൂണ്ടിക്കാണിച്ചു. ബി‌എം‌ടി‌സി നിരക്കുകൾ 2014 ലും പിന്നീട് 2025 ലും മാത്രമാണ് പരിഷ്കരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ഇതിനിടെ കമ്മിറ്റിയുടെ രൂപീകരണം സുഗമമാക്കുന്നതിനായി, 1989 ലെ കർണാടക മോട്ടോർ വാഹന നിയമത്തിനോട് അധ്യായം 5 എ ചേർക്കുന്നതിനായി ഒരു കരട് നിർദ്ദേശവും ഗതാഗത വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ കരട് നിർദ്ദേശങ്ങളോട് എതിർപ്പുകളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ ഒക്ടോബർ 8ന് മുമ്പ് ഗതാഗത സെക്രട്ടറിക്ക് അയക്കാമെന്നും അറിയിച്ചിട്ടുണ്ട്. പുതിയതായി രൂപീകരിക്കുന്ന രണ്ട് അംഗങ്ങളിൽ ഒരാൾ നിയമപരമായ യോഗ്യതയുള്ള വിരമിച്ച പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറിയും മറ്റൊരാൾ വ്യവസായ അല്ലെങ്കിൽ സാമ്പത്തിക വിദഗ്ദ്ധനുമായിരിക്കും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ‌എസ്‌ആർ‌ടി‌സി) മാനേജിംഗ് ഡയറക്ടർ കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. കർണാകയിലെ നാല് ആർടിസികളുടെയും ഡാറ്റ ശേഖരിക്കുകയും കമ്മിറ്റിയിൽ അവരുടെ വിഷയങ്ങൾ അവതരിപ്പിക്കുകയും അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള ഭരണപരമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുകയുമാണ് മെമ്പർ സെക്രട്ടറിയുടെ ചുമതല എൻ‌ജി‌ഒകൾ, പൊതു സംഘടനകൾ, ആർ‌ടി‌സി യൂണിയനുകൾ എന്നിവയ്ക്കും കമ്മിറ്റിയിൽ പ്രാതിനിധ്യം നൽകാമെന്നും നിർദ്ദേശമുണ്ട്.

ഡീസൽ, സ്പെയർ പാർട്സ്, അറ്റകുറ്റപ്പണി, ബസ് വാങ്ങൽ, ശമ്പളം എന്നീ ചെലവുകൾ പരി​ഗണിച്ച് കമ്മിറ്റി നിരക്ക് വർദ്ധനവ് ശുപാർശ ചെയ്യുമെന്നാണ് കർണാടക ആർടിസി എംഡി അക്രം പാഷയെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ ഞങ്ങളെ അനുവദിക്കുന്നില്ല. ഒരു നിശ്ചിത സമയത്ത് നിരക്ക് വർദ്ധനവ് എന്നത് സ്വീകാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെ വർദ്ധനവ് ബസ് യാത്രാ നിരക്കിൽ കമ്മിറ്റി വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനുശേഷമായിരിക്കും കമ്മിറ്റി രൂപീകരിക്കാനുള്ള അന്തിമനടപടി ക്രമങ്ങൾ ആരംഭിക്കുക. നടപടിക്രമങ്ങൾ അന്തിമമായതിന് ശേഷം മുഖ്യമന്ത്രിയാണ് കമ്മിറ്റിയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുക. വർഷാവസാനത്തോടെ പുതിയ കമ്മിറ്റി നിലവിൽ വരുമെന്നാണ് കർണാടക ആർടിസി എംഡി വ്യക്തമാക്കിയിരിക്കുന്നത്. ആനുകാലികമായി നിരക്കുകളിൽ ക്രമീകരണം നടത്തിയില്ലെങ്കിൽ ആർടിസികൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ അധികൃതർ നിരന്തരം ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് സർക്കാരിൻ്റെ നീക്കം.

കർണാടകയിലെ നാല് ആർ‌ടി‌സികൾ 2025 ജനുവരിയിൽ 15 ശതമാനം ബസ് യാത്രാ നിരക്ക് വർദ്ധന നടത്തിയിരുന്നു. നേരത്തെ ബി‌എം‌ടി‌സി 2014ലും മറ്റ് ആർ‌ടി‌സികൾ 2020ലും നിരക്ക് വർദ്ധനവ് വരുത്തിയിരുന്നു. 2014ൽ പ്രതിദിന ഡീസൽ ചെലവ് 7 കോടി രൂപയായിരുന്നെങ്കിൽ 2025 ആയപ്പോഴേക്കും ഇത് 13 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജീവനക്കാരുടെ വേതന ചെലവ് 2014ൽ പ്രതിദിനം 6 കോടി രൂപയായിരുന്നത് 2025ൽ 12 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്.

Karnataka government has decided to revise Bus fares every two year

To advertise here,contact us