വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

പാസ്‌പോര്‍ട്ടിന്റെ എന്തെല്ലാം അപാകതകള്‍ നിങ്ങളുടെ യാത്രയെ മുടക്കും

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും യാത്ര മുടങ്ങുകയും ചെയ്യുകയാണെങ്കിലോ? എല്ലാം പെര്‍ഫെക്ടാണല്ലോ പിന്നെന്താണ് എന്ന് കരുതി കാര്യം അന്വേഷിക്കുമ്പോഴാണ് അറിയുന്നത് പാസ്‌പോര്‍ട്ട് കീറിയിരിക്കുന്നു, നിങ്ങളത് ശ്രദ്ധിച്ചിരുന്നില്ല. കാലാഹരണപ്പെട്ട പാസ്പോര്‍ട്ട് മാത്രമല്ല, കീറിയ പാസ്പോര്‍ട്ടും നിങ്ങളുടെ യാത്രയെ മുടക്കും.

പാസ്‌പോര്‍ട്ടിലെ എന്തൊക്കെ കേടുപാടുകളാണ് യാത്രാവിലക്കിന് കാരണമാകുന്നത്

യാത്രാ വിദഗ്ധരുടെ അഭിപ്രായത്തില്‍ വെള്ളം വീണ പാടുകള്‍, കീറിയ പേജുകള്‍, പോറല്‍ വീണ ഡേറ്റ ചിപ്പ് ഇവയൊക്കെ പാസ്‌പോര്‍ട്ട് നിരസിക്കാന്‍ കാരണമാകും. എംബഡഡ് ചിപ്പുകള്‍, ഹോളോഗ്രാമുകള്‍, മെഷീന്‍ റീഡബിള്‍ സോണുകള്‍ തുടങ്ങിയ നൂതന സുരക്ഷാ സവിശേഷതകള്‍ ഇന്ന് പാസ്‌പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കേടായാല്‍ സ്‌കാനറുകള്‍ക്ക് രേഖകള്‍ വായിക്കാന്‍ കഴിയാതെ വന്നേക്കാം.

പാസ്‌പോര്‍ട്ട് കീറുകയോ പേജുകള്‍ വേര്‍പെട്ടിരിക്കുന്നതോ കണ്ടാല്‍ അതിനെ തട്ടിപ്പ് അല്ലെങ്കില്‍ വ്യാജരേഖ ചമച്ചതായാണ് ഉദ്യേഗസ്ഥര്‍ സംശയിക്കുക. ചില രാജ്യങ്ങളില്‍ നിയമങ്ങള്‍ കുറച്ചുകൂടി കര്‍ശനമാണ്. ഉദാഹരണത്തിന് യുഎസില്‍ ബയോമെട്രിക് സ്‌കാനിംഗിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ചിപ്പ് വായിക്കാന്‍ കഴിയുന്നില്ലെങ്കിലോ ഡേറ്റാ പേജ് മങ്ങിയതാണെങ്കിലോ വിസയുടെ സ്റ്റാറ്റസ് എന്താണെന്ന് നോക്കാതെതന്നെ നിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം.

കേടായ പാസ്‌പോര്‍ട്ടുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതെന്നും (പാസ്‌പോര്‍ട്ട് നമ്പറും പേരും വായിക്കാന്‍ കഴിയും ഫോട്ടോ കേടുകൂടാതെയുണ്ട്. രണ്ടാമത്തെ വിഭാഗം തിരിച്ചറിയാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിച്ചതാണ്. (വിശദാംശങ്ങള്‍ വ്യക്തമാകാതിരിക്കുക, അല്ലെങ്കില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെട്ടു).

എന്തൊക്കെയാണ് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികള്‍

1 വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് നിഷേധിക്കുന്നു

2 ഇമിഗ്രേഷന്‍ അധികാരികള്‍ പ്രവേശനം നിഷേധിച്ചാല്‍ താമസ സൗകര്യം വീണ്ടും ബുക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട്

3 പെട്ടെന്ന് ഒരു പരിഹാരവും കാണാതെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കേണ്ടിവരിക.

യാത്രയ്ക്ക് മുന്‍പോ യാത്രയ്ക്കിടയിലോ പാസ്‌പോര്‍ട്ട് കേടായാല്‍ എന്ത് ചെയ്യണം

യാത്രയ്ക്കിടയില്‍ പാസ്‌പോര്‍ട്ട് കേടായാല്‍ അത് പുതുക്കുക തന്നെയാണ് ഏറ്റവും സുരക്ഷിതമായ സമീപനം. റീ ഇഷ്യു വിഭാഗത്തില്‍ പാസ്‌പോര്‍ട്ട് സേവ വഴി ഓണ്‍ലൈനായി ഇത് ചെയ്യാനാകും. അങ്ങനെ ചെയ്യുമ്പോള്‍ പുതിയ കാലയളവും നമ്പറും ഉള്ള പാസ്‌പോര്‍ട്ട് ലഭിക്കും.

വിമാനത്താവളത്തില്‍ വച്ച് കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍

1 എയര്‍ലൈന്‍ ജീവനക്കാരെ ഉടന്‍ കാര്യം അറിയിക്കുക.

2 ഇമിഗ്രേഷനുമായി കൂടിയാലോചിച്ച് ബോര്‍ഡിംഗ് സാധ്യമാണോ എന്ന് ചോദിക്കുക.

3 ആവശ്യമെങ്കില്‍ അടിയന്തര യാത്രാ രേഖകള്‍ക്കായി എംബസിയെയോ കോണ്‍സുലേറ്റിനെയോ ബന്ധപ്പെടുക.

4 അടിയന്തര രേഖകള്‍ നിങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ മാത്രമേ അനുവദിക്കൂ എന്ന കാര്യം ഓര്‍മ്മിക്കുക.

ഒരു സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള ചെലവുകള്‍

36 പേജുള്ള പാസ്പോര്‍ട്ട് - 3,000 രൂപ അപേക്ഷാ ഫീസ് + 2,000 രൂപ തത്കാല്‍ ഫീസ് (ബാധകമെങ്കില്‍)60 പേജുള്ള പാസ്പോര്‍ട്ട്- അപേക്ഷാ ഫീസ് 3,500 രൂപ + തത്കാല്‍ ഫീസ് 2,000 രൂപ.

(പാസ്പോര്‍ട്ട് തിരിച്ചറിയാന്‍ കഴിയാത്ത വിധം കേടായിട്ടുണ്ടെങ്കില്‍ തത്കാല്‍ അപേക്ഷ സ്വീകരിക്കില്ല)

Content Highlights :It's okay to have an expired passport, but if your passport is damaged, it will prevent you from traveling

To advertise here,contact us